മാപ്പിളപഠനങ്ങളുടെ ഉത്തരകാലം
പോരാട്ടങ്ങളുടെ കടുത്തവഴികളിലൂടെയാണ് മലയാളത്തില്‍ മാപ്പിളമാരുടെ കഴിഞ്ഞകാലം പിന്നിട്ടത്. 1830 മുതല്‍ 1930 വരെയുള്ള ഒരു നൂറ്റാണ്ടുമുഴുവന്‍ നീണ്ടുനിന്ന സാമ്രാജ്യത്വവിരുദ്ധ പോരാട്ടങ്ങളുടെ കോലാഹലങ്ങള്‍ക്കിടയില്‍ കേരളത്തിലെ സഹോദരസമുദായങ്ങള്‍ക്കൊപ്പം സാംസ്‌കാരിക വികസനരംഗത്ത് ഓടിയെത്താന്‍ അവര്‍ക്കു കഴിഞ്ഞില്ല. ലോകം മുഴുവന്‍ അടക്കിഭരിക്കാനൊരുമ്പെട്ട വമ്പന്‍ശക്തിയോടാണ് എതിരിട്ടുനിന്നത് എന്നതിനാല്‍ സമ്പത്തും ശരീരവും മുഴുവന്‍ ആ പോരാട്ടത്തില്‍ മാപ്പിളമാര്‍ക്കു നഷ്ടപ്പെടുത്തേണ്ടിവന്നു. അതുകൊണ്ടുതന്നെ സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ പ്രാദേശികമായ അനുകൂലസാഹചര്യങ്ങള്‍ മുതലെടുത്തുകൊണ്ട് സാംസ്‌കാരികമായി ബലപ്പെടാനുള്ള അവസരവും മാപ്പിളമാര്‍ക്കു വൈകിപ്പോയി.
പിന്നീടുള്ള കാലം കണക്കെടുപ്പുകളുടേതായിരുന്നു. സ്വാതന്ത്ര്യസമര ചരിത്രം, സാംസ്‌കാരിക ചരിത്രം, സാഹിത്യ ചരിത്രം എന്നിവയിലൊന്നും പരിഗണിക്കപ്പെടാതെ അരികുകളിലേക്കു മാറ്റിനിര്‍ത്തപ്പെട്ടു മാപ്പിളമാര്‍. ഒരു നൂറ്റാണ്ടുകാലം അവര്‍ ധീരമായി രാജ്യത്തിനുവേണ്ടി പോരടിച്ചതു മുഴുവന്‍ 'മതഭ്രാന്തന്മാര്‍ നയിച്ച സാമുദായിക കലാപ'മെന്നു മുദ്രകുത്തപ്പെട്ടു. അല്ലെങ്കില്‍, 'ജന്മിവിരുദ്ധ കുടിയാന്‍സമര'മെന്നു ന്യൂനീകരിക്കപ്പെട്ടു. മലയാളത്തിലെ വൈജ്ഞാനിക സാഹിത്യം മുതല്‍ നാടോടിക്കലകള്‍ വരെയുള്ള സാംസ്‌കാരിക രംഗത്തിന് മാപ്പിളമാര്‍ നൂറ്റാണ്ടുകളായി നല്‍കിയ സംഭാവനകള്‍ പരിഗണിക്കപ്പെടുകപോലും ചെയ്യാതെ ഇരുട്ടിലാഴ്ന്നുപോയി. പരിഗണിക്കാന്‍ ഔദാര്യം കാണിച്ചവരോ, 'അറബിമലയാള സാഹിത്യം' എന്ന പുതിയൊരു സംവര്‍ഗം സൃഷ്ടിച്ച് അവയെ മാറ്റിവച്ചു. ഈ പടുകുഴിയില്‍നിന്നു പുറത്തുകടക്കാനുള്ള ധീരമായ ശ്രമങ്ങളാണു മാപ്പിള പഠനരംഗത്തെ ആദ്യകാലനായകരുടെ സംഭാവനകള്‍. എഫ്. ഫോസെറ്റ്, ഒ. ആബു, കെ.ഒ ഷംസുദ്ദീന്‍, കെ.കെ മുഹമ്മദ് അബ്ദുല്‍ കരീം, സി.എന്‍ അഹമ്മദ് മൗലവി, ടി. ഉബൈദ് തുടങ്ങിയവരുടെ കഠിന പരിശ്രമങ്ങള്‍ മറക്കാവതല്ല. മറഞ്ഞുകിടന്ന മാപ്പിള സാംസ്‌കാരികരത്‌നങ്ങളില്‍ മിക്കതും അങ്ങനെ പുരസ്‌കരിക്കപ്പെട്ടു. ആ കാലത്ത് അത്രയും ശ്രദ്ധ ഇല്ലായിരുന്നുവെങ്കില്‍ അറബിമലയാള ലിപിയില്‍ എഴുതപ്പെട്ട മഹത്തായ വൈജ്ഞാനിക സാഹിത്യസമ്പത്ത് പലതും ചിതലരിച്ചു പോയേനെ. എന്തിന്, മോയിന്‍കുട്ടിവൈദ്യര്‍ എന്ന മഹാകവിയെ മലയാളം അറിയുകകൂടി ചെയ്യുമായിരുന്നില്ല.
മാപ്പിള പഠനങ്ങളുടെ രണ്ടാംഘട്ടത്തില്‍, മുന്‍ഗാമികള്‍ വീണ്ടെടുത്ത മാപ്പിള സാംസ്‌കാരിക മുദ്രകളെ മലയാളഭാവുകത്വത്തിന്റെ ഭാഗമാക്കാനുള്ള ശ്രമങ്ങളാണുണ്ടായത്. സംശോധനം, പ്രസാധനം, വ്യാഖ്യാനം, സൗന്ദര്യപഠനം തുടങ്ങിയ വഴികളിലൂടെയാണ് അതില്‍ പലതും മുന്നോട്ടുപോയത്. ഡോ. എം.എന്‍ കാരശ്ശേരി, ബാലകൃഷ്ണന്‍ വള്ളിക്കുന്ന്, വി.എം കുട്ടി തുടങ്ങി ധാരാളം പണ്ഡിതര്‍ ഈ രംഗത്ത് നിസ്തുലമായ സേവനങ്ങളര്‍പ്പിച്ചവരാണ്. വൈദേശിക അധിനിവേശത്തോട് ആവേശത്തോടെ പൊരുതിനിന്ന ഒരു മതവിഭാഗത്തിന്റെ സാഹിത്യസംഭാവനകളെ ഇടതുപക്ഷ സൗന്ദര്യസമീപനങ്ങളുടെ പശ്ചാത്തലത്തില്‍ വായിച്ചെടുത്തുവെന്ന പ്രധാന ന്യൂനത പക്ഷേ, ഈ പഠനങ്ങള്‍ പലതിനുമുണ്ടായിരുന്നു. ഇക്കൂട്ടത്തിലെ യുവഗവേഷകരായ കെ. അബൂബക്കര്‍, ആസാദ് വണ്ടൂര്‍ തുടങ്ങിയവരാണ് ആ വേലിക്കെട്ടില്‍നിന്ന് അല്‍പമെങ്കിലും പുറത്തുകടക്കാന്‍ ശ്രമിച്ചത്. എങ്കിലും, മുന്‍ഗാമികള്‍ എഴുതിവച്ച അടിക്കുറിപ്പുകളില്‍ വിശ്വസിച്ച് അവയില്‍ അഭിരമിച്ചാണ് മാപ്പിള ഗവേഷണരംഗത്തെ അക്കാലത്തെ പല പഠനങ്ങളും മുന്നോട്ടുപോയത്. മതനവോത്ഥാനം, മതപരിഷ്‌കരണം, മതപുരോഗമനവാദം എന്നിവയുടെ ആശയങ്ങളുപയോഗിച്ചു മാപ്പിള സംസ്‌കാരത്തെയും സാഹിത്യത്തെയും ഇസ്‌ലാം മതത്തിന് അകത്തും പുറത്തും നിറുത്തി വിശകലനം ചെയ്യാനുള്ള ശ്രമങ്ങളും ഈ കാലഘട്ടത്തിലുണ്ടായി.
മലയാളത്തില്‍ മാപ്പിളപഠനങ്ങളുടെ ഉത്തരകാലം എന്നു വിശേഷിപ്പിക്കാവുന്ന സമകാലിക ഗവേഷണരംഗം കുറേക്കൂടി സ്വത്വപരമായ രാഷ്ട്രീയ ഉള്ളടക്കമുള്ളതാണ്. ബാബരി മസ്ജിദ് ധ്വംസനാനന്തര ഇന്ത്യയുടെ രാഷ്ട്രീയ കുഴമറിച്ചിലുകള്‍ പുതിയ ചില സാംസ്‌കാരിക ബോധങ്ങളെ സൃഷ്ടിച്ചതിന്റെ ഫലമായിരുന്നു ആ മാറ്റത്തിന്റെ തുടക്കം. പുതിയ നൂറ്റാണ്ടില്‍ തങ്ങളുടെ സാമ്പത്തികവും സാമൂഹികവുമായ മൂലധനമുപയോഗിച്ചു മാപ്പിളമാര്‍ പൊരുതിനേടിയ സാംസ്‌കാരിക ചലനസ്വാതന്ത്ര്യം ഈ ആശയമുന്നേറ്റത്തെ ത്വരിതപ്പെടുത്തി. താഴെ നല്‍കിയ അടിസ്ഥാനങ്ങളില്‍നിന്നാണ് ആ മാപ്പിളപഠനങ്ങള്‍ മുന്നോട്ടുപോയത്.
1. മതവിചാരണകളുടെ ശരിതെറ്റുകള്‍ക്കപ്പുറം നിന്ന് കൃതിയുടെ സാഹിത്യ, സാമൂഹിക, രാഷ്ട്രീയ ഉള്ളടക്കത്തെ വായിച്ചെടുക്കുക.
2. മലയാളത്തിന്റെ ഭാഷാഭേദമായിട്ടല്ല, മലയാളഭാഷയുടെതന്നെ ഭാഗമായി മാപ്പിളമാരുടെ ഭാഷയെയും സാഹിത്യത്തെയും മനസിലാക്കുക.
3. മാപ്പിള എന്ന 'അപരസാഹിത്യ'ത്തെ വായിക്കാനും രേഖപ്പെടുത്താനും 'മുഖ്യധാരാ' സാഹിത്യത്തിലുണ്ടായ ശ്രമങ്ങളുടെ രാഷ്ട്രീയ മുന്‍വിധികളെ ചോദ്യംചെയ്യുക.
4. മാപ്പിള സാഹിത്യത്തിനുണ്ടായ സ്വാഭാവികമായ തുടര്‍ച്ചകളെ പരിഗണിക്കുകയും അവയെ പാരമ്പര്യത്തോട് കണ്ണിചേര്‍ക്കുകയും ചെയ്യുക.
5. മലയാളത്തിന്റെ പ്രാമാണിക സാഹിത്യത്തിലെ സവര്‍ണ, വംശീയബോധങ്ങളെ തുറന്നുകാണിക്കുകയും മാപ്പിള എന്ന ശത്രുവിനെ സാംസ്‌കാരികലോകത്ത് നിര്‍മിച്ചെടുക്കുന്നതിനെ അപ്പപ്പോള്‍ ഇടപെട്ടു തിരുത്തുകയും ചെയ്യുക.
ഇന്ന്, ഒട്ടേറെ യുവ ഗവേഷകര്‍ കേരളത്തിനകത്തും പുറത്തും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലും അക്കാദമികവും അല്ലാതെയുമായി നടത്തുന്ന നൂറുകണക്കിനു മാപ്പിളപഠനങ്ങള്‍ ഈ രംഗത്തെ പുതിയ വിപ്ലവത്തിന്റെ ചിത്രമാണ്. ഉത്തരാധുനികത അനുവദിച്ച എല്ലാ സിദ്ധാന്തസൗകര്യങ്ങളും ഈ മുന്നേറ്റത്തിനായി അവര്‍ ഉപയോഗിച്ചുകൊണ്ടിരിക്കുന്നു. ഒറ്റയ്‌ക്കൊറ്റയ്ക്കല്ല, പരസ്പരം അറിഞ്ഞും കേട്ടും പങ്കുവച്ചും നടത്തുന്ന ഈ ഗവേഷണങ്ങള്‍ നിഷേധിക്കാനാവാത്ത ഫലങ്ങള്‍ കൊയ്‌തെടുത്തുകൊണ്ടിരിക്കുന്നു. മാപ്പിളപഠനങ്ങളുടെ മൂന്നാംഘട്ടത്തിന്റെ ഈ നട്ടുച്ചവെളിച്ചത്തിലാണ് ഡോ. വി. ഹിക്മത്തുല്ല രചിച്ച 'മാപ്പിളസാഹിത്യവും മലയാള ഭാവനയും' എന്ന പഠനഗ്രന്ഥത്തെ നാം വായിക്കാനെടുക്കേണ്ടത്.
മോയിന്‍കുട്ടി വൈദ്യരുടെ മലപ്പുറം പടപ്പാട്ട്, കുഞ്ഞായിന്‍ മുസ്‌ലിയാരുടെ നൂല്‍മാല എന്നീ രചനകളെ പുതിയ സാഹിത്യവിവേകങ്ങളുടെ തട്ടകത്തില്‍നിന്നു വായിച്ചെടുക്കാനുള്ള ശ്രമങ്ങളാണ് ഈ പുസ്തകത്തിലെ പ്രധാനപ്പെട്ട നാലു ലേഖനങ്ങള്‍. ഒരു സാഹിത്യരചന മതാത്മകമായ സംവാദവിഷയങ്ങള്‍ക്കപ്പുറം പരിഗണിക്കപ്പെടേണ്ടതുണ്ടെന്ന ബോധ്യത്തോടെയാണു ഗ്രന്ഥകാരന്‍ ഈ മാപ്പിള കൃതികളെ സമീപിക്കുന്നത്. നേരത്തെ പറഞ്ഞ പുതുപുത്തന്‍ മാപ്പിളപഠനങ്ങളുടെ തിരഞ്ഞെടുപ്പുകളുടെ ഒരു ഉന്നം അതുകൂടിയാണ്. മലയാള പൊതുസാഹിത്യത്തിലെ വ്യവഹാരങ്ങളെ പ്രശ്‌നവല്‍ക്കരിച്ചും അവയുടെ ധാരണകളെ യുക്തിപൂര്‍വം തിരുത്തിയുമാണ് ഈ പഠനങ്ങള്‍ മുന്നേറുന്നത്.
മുസ്‌ലിം പെണ്ണിന്റെ സാമൂഹികാംഗത്വം, ഇസ്‌ലാംമതത്തിന്റെ പ്രാദേശികതയും വൈദേശികതയും, സാമുദായികമായ ആചാരങ്ങളിലെ മതാത്മകതകള്‍, സ്വപ്നാധിഷ്ഠിത ചരിത്രരചന തുടങ്ങിയ പല ആലോചനാവിഷയങ്ങളും ഈ പഠനങ്ങള്‍ മുന്നോട്ടുവയ്ക്കുകയും ചെയ്യുന്നു. മുഖ്യധാരാ മലയാള സാഹിത്യചരിത്രം അപരസ്ഥാനത്തു നിറുത്തി രേഖപ്പെടുത്തിയ മാപ്പിളഭാഷയെ പൊതുമലയാളഭാഷയുടെ കേന്ദ്രസ്ഥാനത്തു നാട്ടിനിറുത്തുന്ന 'മലയാള ഗദ്യചരിത്രത്തില്‍ മാപ്പിളഗദ്യത്തിന്റെ ജീവിതം' എന്ന പഠനമാണ് ഈ ഗ്രന്ഥത്തിലെ ഏറ്റവും ശക്തമായ നിരീക്ഷണങ്ങള്‍ മുന്നോട്ടുവയ്ക്കുന്നത്. അന്വേഷണത്തിലെ ആധികാരികതകൊണ്ടും നിഗമനങ്ങളുടെ യുക്തികൊണ്ടും ആ ലേഖനത്തിലെ ഉപദംശങ്ങള്‍ സമകാലിക മലയാളത്തിലെ തിരുത്തലുകളില്‍ ശ്രദ്ധേയമായ സ്ഥാനം അര്‍ഹിക്കുംവിധം മൗലികമാണ്.
പൊന്‍കുന്നം സെയ്തുമുഹമ്മദിന്റെ 'മാഹമ്മദം' എന്ന കാവ്യകൃതി, കമലാ സുരയ്യയുടെ കവിതകളുടെ പഠനം എന്നീ ലേഖനങ്ങള്‍, മലയാളത്തിലെ ഇസ്‌ലാമിക മുദ്രയുള്ള സാഹിത്യകൃതികളെക്കൂടി മഹത്തായ മാപ്പിള പാരമ്പര്യത്തോടു ചേര്‍ത്തുവയ്ക്കാനുള്ള പുതുശ്രദ്ധയുടെ ഭാഗമാണ്. എല്ലാംകൊണ്ടും മലയാളത്തിലെ പുതിയ തലമുറ മാപ്പിളസാഹിത്യത്തെയും 'മുഖ്യധാരാ' മലയാളത്തെയും സമീപിക്കുന്നതിലെ വിപ്ലവാത്മകമായ മാറ്റം ഡോ. ഹിക്മത്തുല്ലയുടെ ഈ കൃതി പ്രകടമാക്കുന്നുണ്ട്. ആ അര്‍ഥത്തില്‍ ചരിത്രത്തില്‍ രേഖപ്പെടുത്താനാകുംവിധം വഴിത്തിരിവുകള്‍ സൃഷ്ടിക്കുന്ന ഒരു സാംസ്‌കാരിക പ്രവര്‍ത്തനമാണ് ഈ പുസ്തകം പ്രസിദ്ധീകരിക്കുന്നതിലൂടെ 'ബുക്പ്ലസ് ' നിര്‍വഹിച്ചിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."