വയലറ്റ് പൂവ്
വിടര്‍ന്ന കണ്ണുകളില്‍ കുസൃതിയൊളിപ്പിച്ചുവച്ചവള്‍,
അമ്പിളിമാമനെ ചുംബിക്കാന്‍ കൊതിച്ചവള്‍,
'രസന'യിലെ താഴ്‌വാരങ്ങളില്‍
സുഗന്ധം പരത്തിയവള്‍,
അവളൊരു കുഞ്ഞു വയലറ്റു പൂവ് !
മഞ്ഞു മൂടിയ വഴികളില്‍
തുമ്പി കണക്കെ പറന്നുനടന്ന്
തഴുകിയെത്തിയ മന്ദമാരുതനൊപ്പം
നൃത്തം വച്ച്,
അരുമയായ് വളര്‍ത്തിയവകളെ കൂട്ടാന്‍
കാട്ടിലേക്കു പോയവള്‍,
തിരിച്ചു വന്നില്ല !!
ഏഴാം പക്കം,
ഞെരിഞ്ഞമര്‍ത്തി,
ഓരോ ഇതളുകളും പിഴുതെടുത്ത്
പിച്ചിച്ചീന്തി
വലിച്ചെറിയപ്പെട്ടതൊരു പെണ്‍പൂവ് !
ദേവസ്ഥാനത്തു ദേവദാസര്‍
പൂജിച്ച് ഭോഗിച്ചതത്രേ
പേര് 'ആസിഫ'യായിരുന്നിട്ടും
ദേവാലയം അശുദ്ധമായില്ല,
അതൊരു വിശുദ്ധബലാത്സംഗമായിരുന്നു പോലും!
അവളുടെ നിലവിളികള്‍ക്കു വേലി തീര്‍ത്തതോ,
നീതിയുടെ കാവല്‍കാരും.
ഹേ നരാധമന്മാരേ,
നിങ്ങളുടെ സ്വര്‍ഗരാജ്യം പടുത്തുയര്‍ത്താന്‍
ഇനിയുമെത്ര ചോര കൊണ്ടു നനയ്ക്കണം?
എത്ര നിലവിളികള്‍ കൊണ്ട്
തടമൊരുക്കണം?
ഓര്‍ക്കുക,
ആയിരം നക്ഷത്രങ്ങളായ്
ഒരുനാളവളുയര്‍ത്തെഴുന്നേല്‍ക്കും,
അവളുടെ രക്തം വീണ മണ്ണിനെ
അഗ്നിയായ് വിഴുങ്ങും
നിങ്ങളുടെ നിലവിളികളിലും
അന്നു ദൈവം മൗനം പാലിക്കും!
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."