നിരോധിത വസ്തുക്കള്‍ കടത്തല്‍; പിഴ കുത്തനെ ഉയര്‍ത്തി
ജിദ്ദ: നിരോധിത വസ്തുക്കള്‍ കടത്തുന്നവര്‍ക്കുള്ള പിഴ സഊദി കസ്റ്റംസ് കുത്തനെ ഉയര്‍ത്തി. ഏപ്രില്‍ 18 മുതല്‍ ഇത് ബന്ധപ്പെട്ട വകുപ്പുകള്‍ നടപ്പാക്കിത്തുടങ്ങി. മദ്യം കടത്തുന്നവര്‍ക്കുള്ള പിഴ ഒരു ലിറ്ററിന് 1500 റിയാലായി ഉയര്‍ത്തി. ഇതുവരെ ഒരു ലിറ്റര്‍ മദ്യം കടത്തുന്നവര്‍ക്ക് 83.33 റിയാലാണ് പിഴ ചുമത്തിയിരുന്നത്. മൂന്നു ഡസനില്‍ കൂടുതല്‍ മദ്യക്കുപ്പികള്‍ കടത്തുന്നവര്‍ക്ക് ലിറ്ററിന് 50 റിയാല്‍ തോതിലാണ് പിഴ. ഹെറോയിനും കൊക്കെയ്‌നും കടത്തുന്നവര്‍ക്കുള്ള പിഴ ഒരു കിലോക്ക് 20,000 റിയാലായി ഉയര്‍ത്തി. ഇതുവരെ 4500 റിയാലായിരുന്നു പിഴ. മൂന്നു കിലോയില്‍ കൂടുതല്‍ ഹെറോയിന്‍ കടത്തുന്നവരില്‍നിന്ന് കിലോക്ക് 2700 റിയാല്‍ തോതിലാണ് പിഴ ഈടാക്കിയിരുന്നത്. കൊക്കെയ്ന്‍ കടത്തുകാര്‍ക്ക് കിലോക്ക് 1250 റിയാല്‍ തോതിലാണ് നേരത്തെ പിഴ ചുമത്തിയിരുന്നത്. മൂന്നു കിvലോയില്‍ കൂടുതലാണെങ്കില്‍ കിലോക്ക് 750 റിയാലായിരുന്നു പിഴ.
ഒരു കിലോ ഹാഷിഷിന് 5000 റിയാലും ആല്‍ക്കഹോള്‍ അടങ്ങിയ ബിയറിന് 150 മി.ലിറ്ററിന് 50 റിയാലും ഉത്തേജന ഇനത്തില്‍പെട്ട ഒരു കിലോ ഖാത്തിന് 100 റിയാലും ഇലക്‌ട്രോണിക് ഹുക്കക്ക് 500 റിയാലും ഇലക്ട്രിക് ഡിറ്റനേറ്ററിന് 1000 റിയാലും നിരോധിത ലേസര്‍ ഉപകരണത്തിന് 1000 റിയാലുമാണ് പിഴ.
വാഹന വേഗത നിരീക്ഷിക്കുന്ന റഡാര്‍ കണ്ടെത്തുന്നതിന് സഹായിക്കുന്ന ഉപകരണത്തിനും ഫോണ്‍ ചോര്‍ത്തല്‍ ഉപകരണത്തിനും രഹസ്യ കാമറകള്‍ അടങ്ങിയ വാച്ചിനും പേനക്കും കണ്ണടക്കും 1000 റിയാല്‍ വീതം ഈടാക്കും.
ഒരു കിലോ പടക്കത്തിന് 500 റിയല്‍, കണ്ണീര്‍ വാതകത്തിന് ഒരു യൂനിറ്റിന് 1000 റിയാല്‍, കള്ളനോട്ട് കടത്തുന്നവര്‍ക്ക് വ്യാജ കറന്‍സിക്ക് തുല്യമായ തുക പിഴയായി ചുമത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."