ഫലസ്തീന്‍ അധ്യാപകന്റെ കൊലപാതകം: പിന്നില്‍ മൊസാദെന്ന് ആരോപണം
തെല്‍ അവീവ്: മലേഷ്യയില്‍ ഫലസ്തീന്‍ അധ്യാപകന്‍ കൊല്ലപ്പെട്ട സംഭവത്തിനു പിന്നില്‍ ഇസ്‌റാഈല്‍ ചാരസംഘടന മൊസാദെന്ന് ആരോപണം. ആരോപണം ഉന്നയിച്ച് കൊല്ലപ്പെട്ട ഫാദി അല്‍ ബത്ഷിന്റെ കുടുംബം രംഗത്തെത്തിയിട്ടുണ്ട്. എന്നാല്‍, സംഭവത്തില്‍ തങ്ങള്‍ക്കു പങ്കില്ലെന്ന് ഇസ്‌റാഈല്‍ വ്യക്തമാക്കി.
ശനിയാഴ്ചയാണ് ബൈക്കിലെത്തിയ രണ്ടംഗ സംഘം ഫാദിക്കുനേരെ വെടിവച്ചത്. പത്തു തവണ അദ്ദേഹത്തിനു നേരെ വെടിയുതിര്‍ത്തതായി പൊലിസ് പറഞ്ഞു. പുലര്‍ച്ചെ സുബ്ഹ് നിസ്‌കാരത്തിനായി പോകുന്ന വഴിക്കായിരുന്നു ആക്രമണം.
ആക്രമണം നടത്തിയത് യൂറോപ്യന്‍ മുഖച്ഛായയുള്ളവരാണെന്ന് നേരത്തെ മലേഷ്യന്‍ അധികൃതര്‍ ആരോപിച്ചിരുന്നു. ഇതിനു പിറകെയാണ് മൊസാദിന്റെ പങ്ക് ആരോപിച്ച് കുടുംബം രംഗത്തെത്തിയത്. മൊസാദാണ് ആക്രമണം നടത്തിയതെന്ന് ഹമാസും ആരോപിച്ചിട്ടുണ്ട്.
ഫാദി ഹമാസ് അംഗമായിരുന്നുവെന്ന് നേതാക്കള്‍ വ്യക്തമാക്കിയിരുന്നു.
ഫലസ്തീനിലെ യുവ ഗവേഷകരില്‍ പ്രധാനിയായ ശാസ്ത്രജ്ഞനായിരുന്നു ഫാദിയെന്നും ഊര്‍ജരംഗത്ത് രാജ്യാന്തര ഫോറങ്ങളിലും മറ്റും സുപ്രധാനമായ സംഭാവനകല്‍ അര്‍പ്പിച്ച വ്യക്തിയാണ് അദ്ദേഹമെന്നും ഹമാസ് പ്രസ്താവനയില്‍ അറിയിച്ചു.
എന്നാല്‍, സംഭവത്തില്‍ മൊസാദിനു പങ്കില്ലെന്നും ഫലസ്തീനിലെ ആഭ്യന്തര പ്രശ്‌നത്തിന്റെ ഭാഗമായാണു കൊലപാതകമെന്നും ഇസ്‌റാഈല്‍ പ്രതിരോധ മന്ത്രി അവിഗ്‌ദോര്‍ ലീബര്‍മാന്‍ പറഞ്ഞു. എന്നാല്‍, കൊല്ലപ്പെട്ടത് റോക്കറ്റ് വിദഗ്ധനാണെന്നും വിശുദ്ധനൊന്നുമല്ലെന്നും ലീബര്‍മാന്‍ കൂട്ടിച്ചേര്‍ത്തു.
''വൈദ്യുതി, ജലം തുടങ്ങിയവയുടെ നവീകരണങ്ങളില്‍ ഭാഗമായ ആളാണ് കൊല്ലപ്പെട്ട ഫാദി. റോക്കറ്റ് നിര്‍മാണത്തില്‍ ഇദ്ദേഹത്തിന്റെ പങ്ക് വിശദീകരിച്ചു കൊണ്ടുള്ള ഹമാസിന്റെ പ്രസ്താവനയും കേള്‍ക്കാനിടയായി.''-അവിഗ്‌ദോര്‍ ലീബര്‍മാന്‍ കൂട്ടിച്ചേര്‍ത്തു.
സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമായി നടക്കുന്നതായി മലേഷ്യന്‍ ഐ.ജി മുഹമ്മദ് ഫൂസി ഹാറൂന്‍ പറഞ്ഞു. പോസ്റ്റ്‌മോര്‍ട്ടം നടന്ന ശേഷം മരണത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടുമെന്നും അദ്ദേഹം അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."