ബഷീറിന്റെ പുസ്തകങ്ങള്‍ക്ക് ജീവിതത്തിന്റെ കയ്പ്
തളിപ്പറമ്പ്: ഇഞ്ചിമിഠായി പോലെ മധുരവും എരിവും.. അതാണ് ബഷീറിന്റെ ജീവിതം. ഇന്ന് ലോക പുസ്തക ദിനത്തില്‍ തെരുവോരങ്ങളിലും ബസ് സ്റ്റാന്‍ഡുകളിലും ഇഞ്ചിമിഠായിയും പുസ്തകങ്ങളും വിറ്റ് പുസ്തകങ്ങളെ ചങ്ങാതിയാക്കുകയും വായനയും എഴുത്തുമായി അരഡസന്‍ പുസ്തകങ്ങള്‍ മലയാളത്തിന് സമ്മാനിക്കുകയും പുഴയോരത്ത് പുസ്തക ചര്‍ച്ചകള്‍ നടത്തുകയും ചെയ്യുന്ന ഈ എഴുത്തുകാരനെ പരിചയപ്പെടാം. ബഷീര്‍ പെരുവളത്തുപറമ്പ് പന്ത്രണ്ടോളം പുസ്തകങ്ങള്‍ സ്വന്തം പേരില്‍ പുറത്തിറക്കിയത് ജീവിതത്തോടു പോരാടി തന്നെയാണ്. നിരവധി വര്‍ഷമായി ജില്ലയിലെ പ്രധാന ബസ് സ്റ്റാന്‍ഡുകളിലും ഉത്സവപറമ്പുകളിലും ഇഞ്ചിമിഠായി വില്‍ക്കുന്ന ബഷീര്‍ എന്ന വ്യക്തിയെ അറിയാത്തവര്‍ ചുരുക്കമാണ്.
12ാം വയസില്‍ കുടുംബ പ്രാരാബ്ദവുമായി ഇഞ്ചിമിഠായി വില്‍ക്കാനിറങ്ങിയതാണ് ബഷീര്‍. ഏഴാം ക്ലാസില്‍ പഠനം ഉപേക്ഷിക്കേണ്ടി വന്നെങ്കിലും പുസ്തകങ്ങളോടുളള ഇഷ്ടം കൊണ്ട് വായന മുടക്കിയില്ല. 22ാം വയസില്‍ എസ്.എസ്.എല്‍.സി പരീക്ഷയില്‍ ജയിച്ചു കയറാനായതും വായനയുടെ പിന്‍ബലത്തിലാണ്. ഇടയ്ക്ക് പെയിന്റിങ്ങ് ജോലിയും ആരംഭിച്ചു. ചെറുപ്രായത്തിലെ നാട്ടില്‍ സാംസ്‌ക്കാരിക പ്രവര്‍ത്തനവും പത്രങ്ങളില്‍ പത്രാധിപര്‍ക്കുള്ള കത്തെഴുത്തും മലയാളത്തിലെ പ്രമുഖ പത്രവാരികകളില്‍ ആനുകാലിക സംഭവങ്ങളെകുറിച്ചുളള പ്രതികരണമെഴുത്തും പതിവാക്കിയിരുന്നു. കത്തെഴുത്ത് കഥയെഴുത്തിലേക്ക് വഴിമാറുകയായിരുന്നുവെന്ന് ബഷീര്‍ പറയുന്നു. 2007ല്‍ പ്രവാസിയായ ബഷീര്‍ തന്റെ വരുമാനത്തില്‍നിന്നു സ്വരുക്കൂട്ടിയ തുകകൊണ്ട് കണ്ണൂരിലെ സമയം പബ്ലിക്കേഷന്റെ ലേബലില്‍ പുസ്തകമിറക്കിയപ്പോള്‍ വന്‍ മാധ്യമ പിന്തുണയാണ് ലഭിച്ചത്.
എഴുത്തുകാരന്‍ എന്ന നിലയില്‍ കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത് ആദ്യ കഥാസമാഹാരമായ 'വിധി തന്ന നിധി' എന്ന പുസ്തകമിറങ്ങിയപ്പോഴാണ. ദുബൈയിലെ പ്രവാസത്തിനിടെ ലേബര്‍ ക്യാംപിലെ ഒരു തൊഴിലാളി എന്ന പുസ്തകമിറക്കിയതും പ്രവാസത്തിന്റെ പ്രയാസങ്ങള്‍ വരച്ചുകാട്ടിയതും ജി.സി.സി രാജ്യങ്ങളിലെ പ്രമുഖ ഇംഗ്ലിഷ് പത്രമായ ഖലീജ് ടൈംസ് ഒന്നാം പേജ് വാര്‍ത്തയായിരുന്നു. അടുത്ത കഥാസമാഹാരമായ 'ഇത്രയും ഉയരത്തില്‍ ഇറങ്ങിയത്' എഴുത്തുകാരന്‍ ശിഹാബുദ്ധീന്‍ പൊയ്തുംകടവിന്റെ അവതാരികയോടെയാണ്. പത്രാധിപര്‍ക്കെഴുതി പ്രസിദ്ധീകരിച്ച കത്തുകള്‍ പുസ്തകമാക്കിയപ്പോള്‍ സിവിക് ചന്ദ്രനാണ് അവതാരിക എഴുതിയത്. കഥാസമാഹരമായ 'തലവര'യും നോവലായ 'ഒറ്റപ്പെട്ടവരും' പുസ്തകങ്ങളായി വായനക്കാരില്‍ എത്തിച്ചു.
മൂന്നു വര്‍ഷത്തെ പ്രവാസ ജീവിതത്തിനുശേഷം നാട്ടിലെത്തി മലപ്പട്ടം അടിച്ചേരിയില്‍ താമസിക്കുന്ന ബഷീര്‍ പെയിന്റിങ്ങും ഇഞ്ചിമിഠായി വില്‍പ്പനയും തുടരുന്നു. ഇന്ന് അറിയപ്പെടുന്ന ഒരു പത്രപ്രവര്‍ത്തകന്‍ കൂടിയാണ് ബഷീര്‍. തന്റെ തട്ടകമായ ശ്രീകണ്ഠപുരത്തെ സാംസ്‌കാരിക രംഗത്തും സജീവമായിരിക്കുകയാണ്. ഇതിന്റെ ഭാഗമായി ശ്രീകണ്ഠപുരത്തെ മുത്തപ്പന്‍ ക്ഷേത്ര പരിസരത്ത് പുഴക്കരയില്‍ എഴുത്തുകാരന്‍ രമേശന്‍ ബ്ലാത്തൂര്‍ തുടങ്ങിവച്ച സാഹിത്യതീരം പുസ്തകചര്‍ച്ച എട്ടുമാസം പിന്നിട്ടിരിക്കുകയാണ്. ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാനുള്ള പെടാപ്പാടില്‍ ചൂടും തണുപ്പും ജീവത താളമാക്കി കെട്ടിടങ്ങളുടെ നെറുകയില്‍ വര്‍ണം ചാലിക്കുന്നതിനിടയിലും എഴുത്ത് തുടരുകയാണ് ബഷീര്‍. മലയാള അക്ഷരമാലാ ക്രമത്തിലുള്ള കവിതാ സമാഹരമായ 'അക്ഷരചിന്തകള്‍' എന്ന പുതിയ പുസ്തകം മെയ് 27ന് സാഹിത്യതീരത്തില്‍ വച്ച് ഒന്നാം ക്ലാസില്‍ അക്ഷരം പഠിപ്പിച്ച അധ്യാപിക സൗമിനി ഏറ്റുവാങ്ങി പ്രകാശനം ചെയ്യും. ഇതിനുളള തയാറെടുപ്പിലാണ് സാധാരണക്കാരന്റെ എഴുത്തുകാരനായ ബഷീര്‍ പെരുവളത്തുപറമ്പ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."