20 ലക്ഷം രൂപയുടെ നിരോധിത പുകയില ഉല്പന്നങ്ങളുമായി രണ്ടുപേര്‍ പിടിയില്‍
നെയ്യാറ്റിന്‍കര: തമിഴ്നാട്ടില്‍നിന്നു കേരളത്തിലേക്ക് ടെമ്പോ വാനില്‍ കടത്താന്‍ ശ്രമിച്ച 20 ലക്ഷം രൂപ വില വരുന്ന 1000 കിലോയോളം നിരോധിത പുകയില ഉല്പന്നങ്ങളുമായി രണ്ടു പേരെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു.
തിരുനെല്‍വേലി ആലംകുളം സ്വദേശികളായ രവിചന്ദ്രന്‍ (38), മാരിയപ്പന് (32) എന്നിവരാണ് പിടിയിലായത്. ഇന്നലെ രാവിലെ അമരവിള എക്സൈസ് റെയ്ഞ്ച് സംഘം പരശുവയ്ക്കല്‍ ദേശീയപാതയില്‍ നടത്തിയ വാഹനപരിശോധക്കിടയിലാണ് ഇവരെ പിടികൂടിയത്. കൈ കാണിച്ചിട്ടും നിര്‍ത്താതെ പോയ വനാഹനത്തെ പിന്തുടര്ന്ന് പിടികൂടുകയായിരുന്നു.
തുടര്‍ന്ന് വാഹനത്തില്‍ നടത്തിയ പരിശോധനയില്‍ പച്ചക്കറി ചാക്കുകള്‍ക്കിടയില്‍ ഇരുപതോളം വലിയ ബോക്സുകളിലാക്കിയ പുകയില ഉല്പന്നങ്ങള് കണ്ടെത്തുകയായിരുന്നു. 1000 കിലോയോളം വരുന്ന ശംഭു, ഗണേഷ്, പാന്‍പരാഗ് തുടങ്ങിയ ഇനം പാന്‍മസാലകളാണ് പിടികൂടിയത്. തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ വിവിധ പ്രദേശങ്ങളില്‍ സ്കൂള്‍, കോളജ് വിദ്യാര്‍ഥികള്‍ക്ക് വിതരണം ചെയ്യാനായി കൊണ്ടുവന്നതാണെന്ന് പ്രതികള്‍ പൊലിസിനോട് പറഞ്ഞു. എക്സൈസ് റെയ്ഞ്ച് ഇന്‍സ്പെക്ടര്‍ സുരേഷിന്റെ നേതൃത്വത്തിലുളള സംഘമാണ് പുകയില ഉല്പന്നങ്ങള് പിടികൂടിയത്.
വിപണിയില്‍ 18 മുതല്‍ 20 ലക്ഷം രൂപ വിലമതിക്കും. ഇത്തരത്തില്‍ അതിര്‍ത്തി കടന്നുവരുന്ന വാഹനങ്ങളെ കൃത്യമായി നിരീക്ഷിക്കുമെന്ന് എക്സൈസ് അധികൃതര്‍ പറഞ്ഞു. പിടികൂടിയ വാഹനത്തെയും പ്രതികളെയും പാറശാല പൊലിസിന് കൈമാറി. തുടര്‍ന്ന് പ്രതികളെ നെയ്യാറ്റിന്‍കര കോടതിയില്‍ ഹാജരാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."