കോര്‍പറേഷന്‍ പരിധിയില്‍ വീട് ലഭിക്കാന്‍ അര്‍ഹതയുള്ളവര്‍ 10,478
കോഴിക്കോട്: സംസ്ഥാന സര്‍ക്കാരിന്റെ സമ്പൂര്‍ണ പാര്‍പ്പിട പദ്ധതിയായ ലൈഫ് ഭവന പദ്ധതിയില്‍ കോര്‍പറേഷന്‍ പരിധിയില്‍ വീട് ലഭിക്കാന്‍ അര്‍ഹതയുള്ളവര്‍ 10,478 പേര്‍. ഇവരില്‍ ഭൂമിയുണ്ടായിട്ടും വീടില്ലാത്തവര്‍ 1203 പേരും ഭൂമിയില്ലാത്ത ഭവനരഹിതര്‍ 9275 പേരുമാണ്. ആകെയുള്ള 10,478 പേരുടെ ഗുണഭോക്തൃപട്ടിക കോര്‍പറേഷന്‍ കൗണ്‍സില്‍ അംഗീകരിച്ചു. കുടുംബശ്രീ നടത്തിയ സര്‍വേ, കോര്‍പറേഷന്‍ സെക്രട്ടറിക്കു നല്‍കിയ അപ്പീല്‍ എന്നിവ പരിശോധിച്ച് വാര്‍ഡ് കമ്മിറ്റികളുടെ അംഗീകാരത്തോടെയുള്ളതാണ് ഇപ്പോള്‍ പ്രസിദ്ധീകരിച്ച ഗുണഭോക്തൃ ലിസ്റ്റ്.
അപ്പീലില്‍ അന്വേഷണം പൂര്‍ത്തിയാകാത്തവ സപ്ലിമെന്ററി ലിസ്റ്റായി പിന്നീട് അംഗീകരിക്കും. ലൈഫ് ഭവനപദ്ധതിയുടെ ഒന്നാംഘട്ടത്തില്‍ വിവിധ ഭവനപദ്ധതികളിലായി നിര്‍മാണം പാതിവഴിയിലായ വീടുകളുടെ പ്രവൃത്തി പൂര്‍ത്തീകരിക്കുന്നതിനാണ് മുന്‍ഗണന നല്‍കിയിരുന്നത്. കോര്‍പറേഷന്‍ പരിധിയില്‍ ഇത്തരത്തില്‍ 279 വീടുകളുടെ നിര്‍മാണമാണ് പൂര്‍ത്തീകരിക്കാനുള്ളത്. ഇവയുടെ പൂര്‍ത്തീകരണ നടപടി പൂരോഗമിച്ചുവരികയാണ്. ഇതില്‍ 152 വീടുകളുടെ നിര്‍മാണം പൂര്‍ത്തിയായിട്ടുണ്ട്. ഈയിനത്തില്‍ 2017-18 വാര്‍ഷിക പദ്ധതിയില്‍ നിന്ന് 84 ലക്ഷം രൂപ ചെലവഴിച്ചതായി ലൈഫ് മിഷന്‍ നോഡല്‍ ഓഫിസര്‍ പറഞ്ഞു. ലൈഫ് ഭവന പദ്ധതിയുടെ രണ്ടാംഘട്ടമാണ് ഇപ്പോള്‍ നടക്കുന്നത്. നിലവില്‍ ഭൂമിയുണ്ടായിട്ടും വീടു വയ്ക്കാന്‍ കഴിയാത്തവരില്‍നിന്നു വാര്‍ഡ് കമ്മിറ്റികള്‍ മുന്‍ഗണനാ ക്രമത്തില്‍ മാര്‍ക്കിട്ട 565 പേര്‍ക്കു വീടുണ്ടാക്കാനുള്ള നടപടികള്‍ തുടങ്ങിയിട്ടുണ്ട്. ഇതിന്റെ ആദ്യഘട്ടമെന്ന നിലയില്‍ ഈ ഗുണഭോക്താക്കളുടെ സംഗമം 24നു രാവിലെ പത്തിന് ടൗണ്‍ഹാളില്‍ ചേരും. ലൈഫ് ഭവനപദ്ധതിയുടെ മൂന്നാംഘട്ടത്തിലാണ് കോര്‍പറേഷന്‍ പരിധിയിലെ ഭൂരഹിത ഭവനരഹിതര്‍ക്ക് താമസസൗകര്യം ഒരുക്കുക.
നഗരത്തിലെ സ്ഥലപരിമിതി കണക്കിലെടുത്ത് ഫ്‌ളാറ്റ് നിര്‍മിക്കുന്നതിനാണ് കോര്‍പറേഷന്‍ തീരുമാനിച്ചിരിക്കുന്നത്. ഇതിനായി നഗരസഭാ പരിധിയില്‍ സ്ഥലം കണ്ടെത്തുന്നതിനുള്ള നടപടി ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ ഏകോപനത്തിനായി നഗരാസൂത്രണ കമ്മിറ്റിയെയും പൊതുമരാമത്ത് കമ്മിറ്റിയെയും ചുമതലപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."