വൈദ്യുതി മോഷണം: ഒരു വര്‍ഷത്തിനിടെ പിഴ ചുമത്തിയത് രണ്ടരക്കോടി
തൊടുപുഴ: ഇടുക്കി ജില്ലയില്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ വൈദ്യുതിമോഷണത്തിന് പിഴ ചുമത്തിയതു രണ്ടരക്കോടി രൂപ. വൈദ്യുതി വകുപ്പിന്റെ ആന്റി പവര്‍ തെഫ്റ്റ് സ്‌ക്വാഡ് വാഴത്തോപ്പ് യൂണിറ്റ് നടത്തിയ പരിശോധനകളില്‍, കഴിഞ്ഞ 12 മാസത്തിനിടെ 178 ക്രമക്കേടുകളാണു കണ്ടെത്തിയത്. ഇതില്‍ എട്ടു വൈദ്യുതിമോഷണവും 170 വൈദ്യുതി ദുരുപയോഗവും ഉള്‍പ്പെടുന്നു. ആകെ കേസുകളിലായി 2,54,57,545 രൂപ പിഴ ചുമത്തിയിട്ടുണ്ട്. ഇതില്‍ 1,69,11,875 രൂപ പിഴയിനത്തില്‍ ലഭിച്ചു. ഈ കാലയളവില്‍ ആകെ 2,324 ഇടങ്ങളിലാണു മിന്നല്‍പരിശോധന നടത്തിയത്.
ചിത്തിരപുരം ഇലക്ട്രിക്കല്‍ സെക്ഷനു കീഴിലാണു ഏറ്റവുമധികം ക്രമക്കേടുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അതേസമയം, പരിശോധനകള്‍ ശക്തമാക്കിയതോടെ, ജില്ലയില്‍ മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ചു കേസുകളുടെ എണ്ണത്തില്‍ കുറവു വന്നിട്ടുണ്ട്. ജില്ലയിലെ ഗ്രാമീണമേഖലകള്‍ കേന്ദ്രീകരിച്ചാണു വൈദ്യുതിമോഷണവും മറ്റു ക്രമക്കേടുകളും ഏറെയും നടക്കുന്നതെന്ന് അധികൃതര്‍ പറയുന്നു.
വൈദ്യുതിവകുപ്പിലെ ചില ജീവനക്കാര്‍തന്നെ വൈദ്യുതിമോഷണത്തിന് ഒത്താശ ചെയ്തുകൊടുക്കുന്നതായും ആരോപണമുണ്ട്. ഹൈറേഞ്ച് മേഖലയില്‍ വൈദ്യുതിലൈനില്‍ നിന്നു നേരിട്ടു വൈദ്യുതി എടുക്കുന്ന സംഭവങ്ങളുണ്ട്. വലിയ തോട്ടങ്ങളിലൂടെയും മറ്റും കടന്നുപോകുന്ന വൈദ്യുതി ലൈനില്‍നിന്നു രാത്രികാലങ്ങളിലാണു വൈദ്യുതി മോഷ്ടിക്കുന്നത്. ഇതിനു പുറമേ മീറ്ററില്‍ റീഡിങ് വരാത്തവിധം വീടുകളിലേക്കുള്ള സര്‍വീസ് വയര്‍ ലൂപ്പ് ചെയ്തു വൈദ്യുതി മോഷ്ടിക്കുന്ന വിരുതന്‍മാരുമുണ്ട്. കെട്ടിട നിര്‍മാണ ആവശ്യങ്ങള്‍ക്കായും വൈദ്യുതി ദുരുപയോഗം ചെയ്യുന്നുണ്ട്. ആഘോഷങ്ങളുടെയും മറ്റും ഭാഗമായി വ്യാപാര സ്ഥാപനങ്ങളില്‍ വൈദ്യുത ദീപാലങ്കാരങ്ങള്‍ ഒരുക്കുന്നവര്‍ മിക്കവരും മതിയായ മാനദണ്ഡങ്ങള്‍ പാലിക്കാറില്ലെന്ന് അധികൃതര്‍ പറയുന്നു.
സെക്ഷന്‍ ഓഫിസില്‍ മുന്‍കൂട്ടി പണമടച്ച് അനുമതി വാങ്ങിയശേഷമേ ഇത്തരത്തില്‍ വൈദ്യുത ദീപാലങ്കാരങ്ങള്‍ ഒരുക്കാന്‍ പാടുള്ളൂവെന്ന് അധികൃതര്‍ അറിയിച്ചു. വൈദ്യുതിമോഷണവും ദുരുപയോഗവും തടയാന്‍ വരുംദിവസങ്ങളിലും പരിശോധന ഊര്‍ജിതമായി തുടരാനാണു സ്‌ക്വാഡിന്റെ തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."