ലിഗയുടെ മരണം ശ്വാസംമുട്ടിയാകാമെന്ന് വിദഗ്ധര്‍
തിരുവനന്തപുരം: വിദേശ വനിത ലിഗയുടെ മരണം വിഷം കഴിച്ചാകാമെന്ന പൊലിസ് വാദം തള്ളി ഫോറന്‍സിക് വിദഗ്ധര്‍. ശ്വാസം മുട്ടിയാകാം മരണമെന്നാണ് ഫോറന്‍സിക് വിദഗ്ധര്‍ ഇന്നലെ അനൗദ്യോഗികമായി അന്വേഷണ ഉദ്യോഗസ്ഥരെ അറിയിച്ചത്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ഇന്നു ലഭിക്കുമെന്നാണ് വിവരം. മൃതദേഹം ശാസ്ത്രീയമായി തിരിച്ചറിയുന്നതിനുള്ള ഡി.എന്‍.എ പരിശോധനാ ഫലവും ഉടന്‍ ലഭിക്കും. അതോടെ മരണകാരണം സംബന്ധിച്ച് വ്യക്തതയുണ്ടാകും. ഫോറന്‍സിക് വിദഗ്ധരുടെ അഭിപ്രായത്തെ തുടര്‍ന്ന് കൊലപാതക സാധ്യതയുടെ ചുവടുപിടിച്ച് പൊലിസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.
അതേസമയം തീര്‍ത്തും ഒറ്റപ്പെട്ടയിടത്ത് ലിഗ എങ്ങനെയെത്തിപ്പെട്ടു എന്നതിനെക്കുറിച്ചും അഭ്യൂഹങ്ങള്‍ പ്രചരിക്കുകയാണ്. ലിഗ അങ്ങോട്ടേക്ക് നടന്നു പോകുന്നതും കായലില്‍ കുളിക്കുന്നതും കണ്ടുവെന്ന് സമീപവാസിയായ ഒരു സ്ത്രീ പറഞ്ഞതായി അഭ്യൂഹമുണ്ടായിരുന്നു. പൊലിസ് ഇവരെ വിളിച്ചുവരുത്തി വിവരങ്ങള്‍ തേടിയെങ്കിലും അവര്‍ അത് നിഷേധിച്ചതായാണ് വിവരം. മയക്കുമരുന്ന് ഇടപാടുകളുടെ കേന്ദ്രമായ ഇവിടെ പതിവായിയെത്തുന്നവരെയും പൊലിസ് ചോദ്യം ചെയ്തു. ഇവരില്‍ ചിലര്‍ നിരീക്ഷണത്തിലാണെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. മൃതദേഹം ആദ്യമായി കണ്ട യുവാക്കളെ ഇന്നലെ വീണ്ടും വിളിച്ചുവരുത്തി വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്.
നേരത്തേ പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ഡോക്ടറുടെ അഭിപ്രായം അനുസരിച്ചാണ് വിഷം ഉള്ളില്‍ ചെന്നാകാം മരണമെന്ന നിഗമനത്തില്‍ അന്വേഷണ സംഘം എത്തിയത്. മൃതദേഹത്തില്‍ പുറമേ പരുക്കുകളൊന്നും ഇല്ലാതിരുന്നത് ഈ അഭിപ്രായത്തിന് ബലമേകുകയും ചെയ്തു. എന്നാല്‍ പിന്നീട് ലിഗയെ കോവളത്ത് എത്തിച്ച ഓട്ടോ ഡ്രൈവറുടെ വെളിപ്പെടുത്തലും സഹോദരി എലീസ ഉയര്‍ത്തിയ സംശയങ്ങളും ഈ അഭിപ്രായത്തെ ദുര്‍ബലപ്പെടുത്തുന്നതായിരുന്നു.
മൃതദേഹത്തില്‍ ഉണ്ടായിരുന്ന ജാക്കറ്റ്, കോവളത്ത് ഇറങ്ങുമ്പോള്‍ ലിഗ ധരിച്ചിരുന്നില്ലെന്നായിരുന്നു ഡ്രൈവറുടെ വെളിപ്പെടുത്തല്‍. ലിഗ ആത്മഹത്യ ചെയ്യാന്‍ യാതൊരു സാധ്യതയുമില്ലെന്നായിരുന്നു സഹോദരിയുടെ വാദം. ലിഗയുടേതല്ലാത്ത ജാക്കറ്റ് മൃതദേഹത്തില്‍ എങ്ങനെ വന്നു, അവര്‍ ധരിച്ചിരുന്ന ചെരുപ്പുകള്‍ എവിടെ, തീര്‍ത്തും ഒറ്റപ്പെട്ടയിടത്തേക്ക് അവര്‍ എങ്ങനെയെത്തി എന്നീ ചോദ്യങ്ങള്‍ക്കാണ് ഇപ്പോള്‍ അന്വേഷണ സംഘം ഉത്തരം തേടുന്നത്. ഐ.ജി മനോജ് എബ്രഹാമിന്റെ നേതൃത്വത്തില്‍ 25 പേരടങ്ങുന്ന സംഘമാണ് അന്വേഷണം നടത്തുന്നത്.
അതിനിടെ ഇപ്പോള്‍ നടക്കുന്ന അന്വേഷണത്തില്‍ പൂര്‍ണ തൃപ്തിയുണ്ടെന്ന് ലിഗയുടെ സഹോദരി എലീസ പ്രതികരിച്ചു. ഇന്നലെ ഐ.ജി മനോജ് എബ്രഹാമിനെ നേരില്‍ കണ്ടതിനു ശേഷമായിരുന്നു പ്രതികരണം. ലിഗയുടെ മരണവുമായി ബന്ധപ്പെട്ട് തനിക്കുള്ള സംശയങ്ങള്‍ ഐ.ജിക്കു എഴുതി നല്‍കിയെന്നും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ച ശേഷം നാട്ടിലേക്ക് മടങ്ങണമോ ഇവിടെ തുടരണമോയെന്ന് തിരുമാനിക്കുമെന്നും മരണം രാഷ്ട്രീയ വല്‍ക്കരിക്കരുതെന്നും രാഷ്ട്രീയക്കാര്‍ തന്നെ വന്നു കാണേണ്ടന്നും അവര്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."