ബി.ജെ.പി ഭരണത്തില്‍ ജനം ഭീതിയില്‍: ചിദംബരം
തിരുവനന്തപുരം: കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി സര്‍ക്കാരിനു കീഴില്‍ രാജ്യത്തെ ജനങ്ങള്‍ കഴിയുന്നത് ഭീതിയോടെയാണെന്ന് മുന്‍ കേന്ദ്രമന്ത്രി പി. ചിദംബരം. കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസന്‍ നയിച്ച ജനമോചനയാത്രയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വനിതകള്‍, ദലിതര്‍, കുട്ടികള്‍, ആദിവാസികള്‍, ന്യൂനപക്ഷങ്ങള്‍, പത്രപ്രവര്‍ത്തകര്‍, ചെറുകിട വ്യാപാരികള്‍ തുടങ്ങി സമസ്ത മേഖലയിലെയും ജനങ്ങള്‍ക്കിടയില്‍ വ്യാപകമായ ഭീതി നിലനില്‍ക്കുകയാണ്. എല്ലാവിഭാഗം ജനങ്ങളും ഭയരഹിതരായി ജീവിക്കാന്‍ പുതിയ ഇന്ത്യയെ വീണ്ടും കണ്ടെത്തേണ്ടിയിരിക്കുന്നു. ഇതിനായി കോണ്‍ഗ്രസ് അധികാരത്തില്‍ തിരിച്ചുവരണമെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തെ ജനങ്ങളെ മതാടിസ്ഥാനത്തില്‍ വിഭജിക്കാനാണ് ബി.ജെ.പിയുടെ നീക്കം. മതേതര ഇന്ത്യയെ വര്‍ഗീയവല്‍ക്കരിക്കാന്‍ നരേന്ദ്രമോദി ശ്രമിക്കുന്നു. നമ്മുടെ മക്കള്‍ക്കും പേരക്കുട്ടികള്‍ക്കും സ്വസ്ഥമായി ജീവിക്കാനുള്ള അവസരമാണ് ഇല്ലാതാക്കുന്നത്. എല്ലാ അധികാരവും കേന്ദ്ര സര്‍ക്കാരില്‍ നിക്ഷിപ്തമാക്കാനാണ് മോദിയുടെ നീക്കം. സംസ്ഥാന സര്‍ക്കാരുകള്‍ക്കുള്ള ധനസഹായം വെട്ടിക്കുറച്ചത് ഇതിന്റെ തുടക്കമാണ്. ദുര്‍ബല ജനവിഭാഗങ്ങളെ പ്രതിനിധീകരിക്കുന്ന വ്യക്തിയെന്ന നിലയിലാണ് ഡോ. ബി.ആര്‍ അംബേദ്ക്കറെ ഭരണഘടന തയാറാക്കുന്നതിന്റെ ചുമതല ജവഹര്‍ലാല്‍ നെഹ്‌റു ഏല്‍പ്പിച്ചത്. എന്നാല്‍ ഇപ്പോള്‍ അംബേദ്ക്കര്‍ തയാറാക്കിയ ഭരണഘടനയും ദുര്‍ബല വിഭാഗങ്ങളും ഒരുപോലെ വെല്ലുവിളി നേരിടുകയാണ്.
പതിനഞ്ചാം ധനകാര്യ കമ്മിഷന്റെ മറവില്‍ സംസ്ഥാനങ്ങളുടെ നികുതി വിഹിതം കവര്‍ന്നെടുക്കാനാണ് മോദി ഗൂഢശ്രമം നടത്തുന്നത്. തങ്ങള്‍ക്ക് താല്‍പര്യമുള്ള സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ വിഹിതം നല്‍കുന്നു. വന്‍കിടക്കാര്‍ക്കുവേണ്ടി രാജ്യത്തെ സാധാരണക്കാരെ കേന്ദ്ര സര്‍ക്കാര്‍ കൊള്ളയടിക്കുകയാണ്. യു.പി.എ സര്‍ക്കാരിന്റെ കാലയളവില്‍ അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡോയില്‍ വില കുതിച്ചുയര്‍ന്നപ്പോള്‍ രാജ്യത്ത് പെട്രോളിന്റെയും ഡീസലിന്റെയും വില നിയന്ത്രണവിധേയമായിരുന്നു. എന്നാല്‍ ഇന്ന് അന്താരാഷ്ട്രാ വിപണിയില്‍ ക്രൂഡോയില്‍ വില കുത്തനെക്കുറഞ്ഞിട്ടും പെട്രോളിന്റെയും ഡീസലിന്റെയും വില കുറയ്ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയാറായിട്ടില്ല. ഇത് എന്തുകൊണ്ടാണെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കണമെന്നും ചിദംബരം ആവശ്യപ്പെട്ടു.
രാജ്യത്തെ സര്‍വമേഖലകളെയും കേന്ദ്ര സര്‍ക്കാര്‍ പിന്നോട്ടടിച്ചു. രാജ്യത്ത് വര്‍ഗീയ ഫാസിസമാണെങ്കില്‍ കേരളത്തില്‍ രാഷ്ട്രീയ ഫാസിസമാണ്. ദിനംപ്രതി രാഷ്ട്രീയ അക്രമങ്ങള്‍ കേരളത്തില്‍ നടക്കുകയാണ്. രാഷ്ട്രീയ എതിരാളികള്‍ കൊല്ലപ്പെടുന്നതും വീടുകള്‍ അക്രമിക്കപ്പെടുന്നതും നിത്യേന നടക്കുന്ന സംഭവങ്ങളായി മാറുകയാണ്. ഇതിന് അവസാനമുണ്ടാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മുന്‍ കെ.പി.സി.സി പ്രസിഡന്റുമാരായ തെന്നല ബാലകൃഷ്ണപിള്ള, കെ. മുരളീധരന്‍ എം.എല്‍.എ, എം.പിമാരായ ശശി തരൂര്‍, കൊടിക്കുന്നില്‍ സുരേഷ്, കെ.വി തോമസ്, കെ.പി.സി.സി വൈസ് പ്രസിഡന്റ് എന്‍. പീതാംബരക്കുറുപ്പ്, കെ.പി. സി.സി ജനറല്‍ സെക്രട്ടറിമാരായ മണ്‍വിള രാധാകൃഷ്ണന്‍, ജോസഫ് വാഴയ്ക്കന്‍, ബാബുപ്രസാദ്, ഡി.സി.സി പ്രസിഡന്റ് സനല്‍ നെയ്യാറ്റിന്‍കര, എം.എല്‍.എമാരായ കെ.സി ജോസഫ്, വി.ഡി സതീശന്‍, വി.എസ് ശിവകുമാര്‍, എം. വിന്‍സന്റ്, കെ.എസ് ശബരീനാഥന്‍, കെ.പി.സി.സി രാഷ്ട്രീയകാര്യസമിതി അംഗങ്ങളായ കെ. സുധാകരന്‍, ബെന്നി ബഹനാന്‍, ഷാനിമോള്‍ ഉസ്മാന്‍, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ്, കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ.എം അഭിജിത്ത് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."