സൂര്യാതപം: ആരോഗ്യ പ്രശ്നങ്ങള്‍ തടയാന്‍ മുന്‍കരുതല്‍ വേണമെന്ന് കലക്ടര്‍
മലപ്പുറം: സൂര്യാതപം മൂലമുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങള്‍ തടയാന്‍ മുന്‍കരുതല്‍ സ്വീകരിക്കണമെന്നു വിവിധ വകുപ്പ് മേധാവികളോട് ജില്ലാ കലക്ടര്‍ നിര്‍ദേശിച്ചു. ആശുപത്രികള്‍, ഹെല്‍ത്ത് സെന്ററുകള്‍ എന്നിവിടങ്ങളില്‍ വൈദ്യുതി മുടങ്ങുന്നില്ലെന്നു കെ.എസ്.ഇ.ബി ഉറപ്പുവരുത്തണം.
കുടിവെള്ളക്ഷാമം രൂക്ഷമായ പ്രദേശങ്ങളില്‍ വാട്ടര്‍ കിയോസ്‌ക്കുകള്‍ വഴി കുടിവെള്ള വിതരണം നടത്താന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ശ്രദ്ധിക്കണം. ഇതിനായി വിവിധ എന്‍.ജി.ഒകള്‍, കമ്യൂനിറ്റി ഗ്രൂപ്പുകള്‍ എന്നിവരുമായി സഹകരിച്ചു സംഭാരം പോലുള്ള ശീതള പാനീയങ്ങള്‍ നല്‍കണം. വിദ്യാലയങ്ങളില്‍ വരള്‍ച്ചാ പ്രതിരോധ നടപടികളെ സംബന്ധിച്ചു കുട്ടികള്‍ക്കു വിശദീകരണം നല്‍കാന്‍ നിര്‍ദേശിക്കണമെന്നു ജില്ലാ വിദ്യാഭ്യാസ മേധാവിയോടും ആവശ്യപ്പെട്ടു.
അതാത് സ്‌കൂളുകളില്‍ ഭൂമിശാസ്ത്ര, പരിസ്ഥിതിശാസ്ത്ര അധ്യാപകര്‍ക്കാണ് ഇതിന്റെ ചുമതല. വേനല്‍ക്കാല രോഗങ്ങളെ പ്രതിരോധിക്കാനുള്ള നടപടികള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ആരോഗ്യവകുപ്പും നടപ്പാക്കണം.
കടുത്ത വേനലില്‍ സൂര്യാതപം ഉണ്ടാകാനുള്ള സാധ്യത പരിഗണിച്ചു മുന്‍കരുതല്‍ സ്വീകരിക്കണമെന്നു ദുരന്തനിവാരണ വകുപ്പും നിര്‍ദേശിച്ചിട്ടുണ്ട്.
ശരീരോഷ്മാവ് ഉയരുക, ചര്‍മം വരണ്ടുപോകുക, ശ്വസനപ്രക്രിയ സാവധാനമാകുക, മാനസിക പിരിമുറുക്കമുണ്ടാകുക, തലവേദന, പേശി മുറുകല്‍, കൃഷ്ണമണി വികസിക്കല്‍, ക്ഷീണം, ചുഴലിരോഗ ലക്ഷണങ്ങള്‍, ബോധക്ഷയം എന്നിവയാണ് സൂര്യാതപത്തിന്റെ പ്രധാന ലക്ഷണങ്ങള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."