ഹര്‍ത്താല്‍ മാപ്പിള ലഹളയെന്ന്; വര്‍ഗീയ പ്രചാരണവുമായി ഹിന്ദു ഐക്യവേദി
മലപ്പുറം: കശ്മിരിലെ കത്‌വയില്‍ എട്ടുവയസുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് സോഷ്യല്‍മീഡിയ വഴി ആഹ്വാനം ചെയ്ത ഹര്‍ത്താലിനെ മാപ്പിള ലഹളയെന്നു വിശേഷിപ്പിച്ചും കടുത്ത വര്‍ഗീയ പരാമര്‍ശങ്ങളുയര്‍ത്തിയും ഹിന്ദു ഐക്യവേദിയുടെ പോസ്റ്റര്‍ പ്രചാരണം.
ഹര്‍ത്താല്‍ ആസൂത്രണം ചെയ്ത കേസില്‍ സംഘ്പരിവാര്‍ അനുകൂലികളായിരുന്നവര്‍തന്നെ അറസ്റ്റിലായിരിക്കേയാണ് വര്‍ഗീയ പ്രചാരണവുമായി ഹിന്ദു ഐക്യവേദി രംഗത്തെത്തിയിരിക്കുന്നത്. ജിഹാദി ഭീകരതയ്‌ക്കെതിരേ പ്രതിരോധത്തിനു തയാറാകുക എന്ന തലക്കെട്ടില്‍ ജില്ലയിലുടനീളം വര്‍ഗീയ പരാമര്‍ശമുള്ള പോസ്റ്ററുകള്‍ പതിച്ചിട്ടുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ നിയമനടപടികള്‍ സ്വീകരിക്കാന്‍ അധികൃതര്‍ ഇതുവരെ തയാറായിട്ടില്ല.
പോസ്റ്റര്‍ പ്രചാരണത്തിനു പിന്നാലെ, ഹര്‍ത്താലിനെ തുടര്‍ന്നു കൂടുതല്‍ അതിക്രമങ്ങള്‍ നടന്ന താനൂരില്‍ പ്രത്യേക സമ്മേളനം വിളിച്ചുചേര്‍ക്കാനും ഹിന്ദു ഐക്യവേദി തീരുമാനിച്ചിട്ടുണ്ട്. 'പ്രതിരോധത്തിനു തയാറാകണം' എന്ന ഉള്ളടക്കത്തോടെ തയാറാക്കിയ പോസ്റ്ററില്‍ വിഷു ദിനത്തിലാണ് അപ്രഖ്യാപിത ഹര്‍ത്താല്‍ നടന്നതെന്നു രേഖപ്പെടുത്തിയിട്ടുണ്ട്. ഇക്കാര്യം നേരത്തെ ആര്‍.എസ്.എസും ആരോപിച്ചിരുന്നു. സംഭവത്തില്‍ കൊല്ലം സ്വദേശി ഉള്‍പ്പെടെ പിടിയിലായതോടെ പ്രതിരോധത്തിലായ ഹിന്ദു ഐക്യവേദി-ആര്‍.എസ്.എസ് കേന്ദ്രങ്ങള്‍ കൂടുതല്‍ വര്‍ഗീയ പരാമര്‍ശമുള്ള പോസ്റ്ററുമായി രംഗത്തുവന്നിരിക്കുകയാണ്.
'വിഷു ദിനത്തിലെ ഹര്‍ത്താല്‍ മാപ്പിള ലഹളയ്ക്കുള്ള തുടക്കമോ' എന്നാണ് പോസ്റ്ററിലെ ആദ്യ ചോദ്യം. ജില്ലയിലെ മതേതര പാര്‍ട്ടികള്‍ മത ഭീകരരുടെ അഭയ കേന്ദ്രങ്ങളാണെന്നും ഭീകരവാദികള്‍ക്കു ഭരണകൂടം ഒത്താശ ചെയ്യുന്നുവെന്നും പോസ്റ്ററില്‍ ആരോപിക്കുന്നുണ്ട്. ഇതിനു പിന്നാലെ ഇന്നലെ മലപ്പുറത്തു വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍, സംസ്ഥാന വ്യാപകമായി നടന്ന ഹര്‍ത്താലില്‍ ഹിന്ദുക്കള്‍ക്കെതിരേ കലാപത്തിന് ആഹ്വാനം ചെയ്തുവെന്നും ഇവരെ അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ട് ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി ശശികല രംഗത്തെത്തിയിട്ടുണ്ട്.
സംസ്ഥാന പൊലിസിന്റെ അന്വേഷണം ശരിയല്ലെന്നും ഹിന്ദു പേരുള്ള അഞ്ചു പേരെ അറസ്റ്റ് ചെയ്ത് അവരില്‍ കുറ്റമൊതുക്കാനുള്ള നീക്കമാണ് പൊലിസ് നടത്തുന്നതെന്നുമാണ് ശശികല ആരോപിച്ചത്. ഈ പശ്ചാത്തലത്തില്‍ കേസ് എന്‍.ഐ.എ അന്വേഷിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. 'മതഭീകരവാദം കേരളത്തില്‍' എന്ന വിഷയത്തില്‍ മെയ് രണ്ടിന് ഹിന്ദു ഐക്യവേദി എല്ലാ ജില്ലകളിലും മാറാട് അനുസ്മരണ സമ്മേളനം നടത്തുന്നുമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."