കടമുറി ലേലം നടത്തുമെന്ന് കന്റോണ്‍മെന്റ്
കണ്ണൂര്‍: കന്റോണ്‍മെന്റ് ബോര്‍ഡിന്റെ കീഴിലുള്ള കടമുറികളുടെ ലേലനടപടികള്‍ കോടതിവിധിയുടെ അടിസ്ഥാനത്തില്‍ നിര്‍ത്തിവച്ചതാണെന്നുള്ള തരത്തിലുള്ള വാര്‍ത്ത തികച്ചും അടിസ്ഥാന രഹിതമാണെന്നു കന്റോണ്‍മെന്റ് ബോര്‍ഡ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍ ഡോ. വിനോദ് വിഗ്‌നേഷ്.
35 കടമുറികളുടെ ലേലം ഓണ്‍ലൈനായി നടത്തുന്നതിനുള്ള നടപടികളുമായി മുന്‍പോട്ടുപോവുകയാണെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇതിന്റെ ഭാഗമായി ലേല നോട്ടിസ് പ്രകാരം മെയ് 11നു രജിസ്‌ട്രേഷന്‍ നടപടി അവസാനിക്കുകയും 14 മുതല്‍ ഇ ലേലം ആരംഭിക്കുകയും ചെയ്യും.
ലേലനടപടികളെ എതിര്‍ക്കുന്ന ചിലര്‍ വ്യാജപ്രചാരണവും പൊതുജനങ്ങളെ തടസപ്പെടുത്തുന്ന രീതിയിലുള്ള പ്രവൃത്തികളും നടത്തുന്നുണ്ട്. ഇതിന്റെ ഭാഗമായി കഴിഞ്ഞദിവസം കടമുറികളില്‍ കന്റോണ്‍മെന്റ് ബോര്‍ഡ് രേഖപ്പെടുത്തിയ നമ്പറുകള്‍ തിരുത്തുകയും മറച്ചുവയ്ക്കുകയും ചെയ്തു. ഇത്തരം പ്രവൃത്തികളിലൂടെ തെറ്റിദ്ധാരണ ഉണ്ടാകാതിരിക്കാന്‍ കടമുറികളുടെ ഫോട്ടോയും നമ്പറും കന്റോണ്‍മെന്റിന്റെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
നിലവിലുള്ള വ്യാപാരികളുടെ കാലാവധി മാര്‍ച്ച് 31നു കഴിഞ്ഞതിനാല്‍ അവര്‍ നിയമാനുസൃതമുള്ള കച്ചവടക്കാരല്ല. അവരാണ് ഏപ്രില്‍ അഞ്ചിനു നടത്തിയ ലേല നടപടികള്‍ തടസപ്പെടുത്തിയത്. ഇ ലേല നടപടികളില്‍ പങ്കെടുക്കുന്ന വ്യക്തികള്‍ക്കു ഡിജിറ്റല്‍ സിഗ്‌നേച്ചര്‍ ഉണ്ടാകണം. അപേക്ഷ നല്‍കിയാല്‍ മൂന്നുമുതല്‍ ഏഴുദിവസത്തിനുള്ള ഡിജിറ്റല്‍ സിഗ്‌നേച്ചര്‍ ലഭിക്കും. ഇതിനായി അംഗീകൃത ഏജന്‍സികളുടെ സേവനവും ഉപയോഗപ്പെടുത്താം. നിഖില്‍ ദിനേശ്, കെ.വി ദാസ് എന്നിവരും കാര്യങ്ങള്‍ വിശദീകരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."