ഉപഭോക്താവിന് ഇരുട്ടടിയായി വൈദ്യുതിബില്‍ 11,784 രൂപ
തുറവൂര്‍ : താരിഫ് നിര്‍ണയത്തില്‍ അപാകത ഉപഭോക്താവിന് ഇരുട്ടടിയായി. വീടു നിര്‍മ്മാണത്തിന്റെ ഉപയോഗത്തിനായി എടുത്ത പ്രത്യേക കണ്ക്ഷന് ബോര്‍ഡ് നല്‍കിയ ബില്‍ തുക 11784 രൂപ.
കെ. എസ്. ഇ. ബി പട്ടണക്കാട് സെക്ഷന്‍ ഓഫീസില്‍ നിന്ന് നീലിമംഗലം കളരിക്കല്‍ കെ.എസ്. സജിക്കാണ് കനത്ത തുകയ്ക്കുള്ള ബില്‍ ലഭിച്ചത്. 2011 ഡിസംബര്‍ 31 നാണ് വീടുപണിക്കായി താല്‍ക്കാലിക ഷെഡിലേക്ക് കണക്ഷന്‍ എടുത്തത്. വീടുപണി പൂര്‍ത്തീകരിച്ച ശേഷം 2016 ഫെബ്രുവരി നാലിന് പുതിയ വീട്ടിലേക്ക് കണക്ഷന്‍ മാറ്റുന്നതിനായി അപേക്ഷ നല്‍കി. എന്നാല്‍ നിരവധി തവണ ഓഫീസില്‍ ബന്ധപ്പെട്ട ശേഷമാണ് സൈറ്റ് ഇന്‍സ്‌പെക്ഷന്‍ നടത്താന്‍ തയാറായത്.
അധികൃതരുടെ നിര്‍ദ്ദേശിച്ചതനുസരിച്ച് 2016 ഏപ്രില്‍ ഇരുപത്തിമൂന്നിന് അറുന്നൂറ്റി മുപ്പത്തൊന്ന് രൂപ അടയക്കുകയും ചെയ്തിരുന്നു. എന്നാല്‍ മീറ്റര്‍ പുതിയ വീട്ടിലേക്ക് മാറ്റിത്തരാനോ കണക്ഷന്‍ ഗാര്‍ഹിക താരിഫില്‍ ഉള്‍പ്പെടുത്തി ബില്ല് നല്‍കാനോ ബന്ധപ്പെട്ടവര്‍ തയാറായില്ലെന്നും പരാതിയില്‍ പറയുന്നു.
തുടര്‍ന്ന് എക്‌സിക്യൂട്ടീവ് എന്‍ജിനീയരെ സമീപിച്ചപ്പോള്‍ ജീവനക്കാര്‍ക്ക് വീഴ്ച സംഭവിച്ചതായി സമ്മതിക്കുകയും സാമ്പത്തിക നഷ്ടത്തിന് ഓംബുഡ്‌സ്മാന് പരാതി നല്‍കാന്‍ നിര്‍ദേശിക്കുകയുമായിരുന്നു. ഇക്കാലമത്രയും ഉയര്‍ന്ന താരീഫ് അനുസരിച്ചുള്ള തുക ഉപഭോക്താവില്‍നിന്നും ഈടാക്കിയിരുന്നു. എന്നാല്‍ അപേക്ഷ ലഭിക്കുന്നതിലുണ്ടായ കാലതാമസമാണ് താരീഫ് മാറ്റത്തിന് തടസമായതെന്നാണ് അധികൃതരുടെ വിശദീകരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."