സമാധാന പുലരിയിലേക്ക് കൊറിയ
പ്യോങ്‌യാങ്: 1953ലെ കൊറിയന്‍ യുദ്ധത്തിനു ശേഷം ആദ്യമായി ദക്ഷിണ കൊറിയയില്‍ കാലുകുത്തുന്ന ഉത്തര കൊറിയന്‍ നേതാവാകാന്‍ കിം ജോങ് ഉന്‍. ചരിത്രപരമായ കൊറിയന്‍ ഉച്ചകോടിക്ക് ഭൂഖണ്ഡത്തില്‍ ഒരുക്കങ്ങള്‍ തകൃതി. ഉച്ചകോടിക്കായി ഇന്നു പ്രാദേശിക സമയം 9.30ന് കിം ദ.കൊറിയയിലെത്തും. ഇരുരാജ്യങ്ങള്‍ക്കുമിടയിലുള്ള സൈനിക നിയന്ത്രണമില്ലാത്ത പ്രദേശമായ പാന്‍മുന്‍ജോമില്‍ വച്ചാണു കൂടിക്കാഴ്ച നടക്കുന്നത്.
ഇന്ന് ദ.കൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജെ. ഇന്‍ നേരിട്ടെത്തിയാണ് കിമ്മിനെ സ്വീകരിക്കുക. അതിര്‍ത്തി കടന്നാലും ദ.കൊറിയയുടെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളില്‍ കിം സന്ദര്‍ശിച്ചേക്കില്ല. ഇവിടെ ഉച്ചകോടിക്കു മുന്‍പായി മൂണും കിമ്മും തമ്മില്‍ കൂടിക്കാഴ്ച നടന്നേക്കാം. കിമ്മിന്റെ സഹോദരി കിം യോ ജോങ് അടക്കം ഒന്‍പതംഗ സംഘമാണ് ഉച്ചകോടിക്കായി പാന്‍മുന്‍ജോമിലെത്തുന്നത്.
കൊറിയന്‍ യുദ്ധത്തിനു ശേഷം ഇതു മൂന്നാം തവണയാണ് ഇരുരാജ്യങ്ങളുടെയും നേതാക്കള്‍ തമ്മില്‍ കൂടിക്കാഴ്ച നടക്കുന്നത്. 2000ത്തിലും 2007ലുമാണ് ഇതിനു മുന്‍പ് കൊറിയന്‍ ഉച്ചകോടി നടന്നത്. രണ്ടു തവണയും ഉ.കൊറിയന്‍ തലസ്ഥാനമായ പ്യോങ്‌യാങ് ആയിരുന്നു പരിപാടിക്ക് വേദിയായത്. മുന്‍പത്തേത്തില്‍നിന്നു വ്യത്യസ്തമായി വര്‍ധിച്ച രാഷ്ട്രീയ പ്രാധാന്യമാണ് രാജ്യാന്തരതലത്തില്‍ തന്നെ ഇന്നത്തെ കൂടിക്കാഴ്ചയ്ക്കുള്ളത്.
ആണവ-മിസൈല്‍ പരീക്ഷണങ്ങളില്‍നിന്നു സമ്പൂര്‍ണമായി പിന്മാറുകയും പരീക്ഷണകേന്ദ്രങ്ങള്‍ തകര്‍ക്കുകയും ചെയ്യുമെന്ന് കിം തന്നെ നേരിട്ട് അറിയിച്ചിട്ടുണ്ടെങ്കിലും അത് എത്രമാത്രം പ്രാവര്‍ത്തികമാകുമെന്ന കാര്യത്തില്‍ ദ.കൊറിയയ്ക്കു തന്നെ സംശയമുണ്ട്. ഇതിനകം തന്നെ ഉ.കൊറിയ വന്‍ ആണവശക്തിയായി തീര്‍ന്നിട്ടുണ്ടെന്നാണ് അവര്‍ കരുതുന്നത്. എത്ര അളവില്‍ ഇരുരാജ്യങ്ങളും ആണവനിരായുധീകരണം നടത്തുമെന്നതില്‍ അന്തിമ ധാരണയിലെത്തുകയാണ് ഏറ്റവും പ്രയാസമെന്നാണ് ദ.കൊറിയന്‍ പ്രസിഡന്റിന്റെ വക്താവ് ഇം ജോങ് സിയോക് അറിയിച്ചത്. ആണവ നിരായുധീകരണത്തിനു പുറമെ, 1950-53 കാലയളവില്‍ നടന്ന കൊറിയന്‍ യുദ്ധത്തിന് ഔദ്യോഗികമായി അന്ത്യം കുറിക്കുകയും ഉച്ചകോടിയില്‍ ചര്‍ച്ചയാകുമെന്നാണു കരുതപ്പെടുന്നത്. ഇരുരാജ്യങ്ങളും തമ്മില്‍ ഇപ്പോഴും വെടിനിര്‍ത്തല്‍ കരാറാണു നിലനില്‍ക്കുന്നത്. യുദ്ധം അവസാനിപ്പിച്ചു കൊണ്ടുള്ള സമാധാന കരാര്‍ ഇതുവരെ തയാറായിട്ടില്ല. ഫലത്തില്‍ ഇരുരാജ്യങ്ങളും സാങ്കേതികമായി യുദ്ധമുഖത്തു തന്നെയാണു നിലനില്‍ക്കുന്നത്. ഇതിനു പുറമെ സാമൂഹികവും സാമ്പത്തികവുമായ നയതന്ത്ര സഹകരണവും ചര്‍ച്ചയാകും. ഉച്ചകോടി നടക്കുന്ന ദിവസം യു.എസ്-ദ.കൊറിയ സംയുക്ത നാവികാഭ്യാസം നിര്‍ത്തിവയ്ക്കാനും തീരുമാനമായിട്ടുണ്ട്.
ഉച്ചകോടിക്കു ശേഷം അടുത്തു തന്നെ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായും കിം കൂടിക്കാഴ്ച നടത്തുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."