കോതമംഗലം നഗരസഭാ കൗണ്‍സിലില്‍ ബഹളം
കോതമംഗലം: ഇന്നലെ ചേര്‍ന്ന കോതമംഗലം നഗരസഭ കൗണ്‍സില്‍ യോഗം ബഹളത്തില്‍ കലാശിച്ചു. രാവിലെ 11ന് നിശ്ചയിച്ച യോഗം നഗരസഭ കമ്മ്യൂണിറ്റി ഹാളില്‍ നടക്കുന്ന എസ്.സി, എസ്.ടി കുട്ടികളുടെ പഠനോപകരണ വിതരണവുമായി ബന്ധപ്പെട്ട് വൈകിയാണ് ആരംഭിച്ചതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം.
യോഗം ആരംഭിച്ച ഉടനെ വൈസ് ചെയര്‍മാന്‍ ഏ.ജി ജോര്‍ജ് വിളയില്‍ കുടിവെള്ള പദ്ധതി ഉദ്ഘാടനത്തിനായി സ്ഥാപിച്ച ഫലകം മോഷണം പോയത് സഭയില്‍ ഉന്നയിച്ച് കുറ്റക്കാര്‍ക്കെതിരേ നടപടി ആവശ്യപ്പെട്ട് സംസാരിക്കുന്നതിനിടെ വൈകി തുടങ്ങിയ കൗണ്‍സില്‍ നിര്‍ത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് കെ.എ നൗഷാദ് രംഗത്തെത്തി.
എന്നാല്‍ യോഗ നടപടികള്‍ ആരംഭിച്ചതിനാല്‍ തുടരാന്‍ ചെയര്‍പേഴ്‌സണ്‍ നിര്‍ദേശിക്കുകയായിരുന്നു. ഇതില്‍ പ്രകോപിതനായ പ്രതിപക്ഷ നേതാവ് കൗണ്‍സില്‍ അംഗങ്ങള്‍ക്ക് കുടിക്കാനായി നല്‍കിയ കുടിവെള്ള കുപ്പി ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റിയംഗത്തിന് നേരെ എറിയുകയും മൈക്കും കൗണ്‍സില്‍ ഹാജരാക്കിയ ഫയലുകള്‍ വലിച്ചെറിഞ്ഞ് കേട് വരുത്തുകയും കസേര എറിയുകയും ചെയ്തു.
തുടര്‍ന്ന് സഹകൗണ്‍സിലര്‍മാര്‍ ചേര്‍ന്ന് നൗഷാദിനെ കൗണ്‍സില്‍ ഹാളിന്റെ പുറത്തെത്തിക്കുകയായിരുന്നു. ഇതിനിടെ യു.ഡി.എഫ് കൗണ്‍സിലര്‍മാര്‍ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് പ്രതിപക്ഷം രംഗത്തെത്തി. നൗഷാദിന്റെ നടപടിയില്‍ യു.ഡി.എഫ് കൗണ്‍സിലര്‍മാര്‍ ചെയര്‍പേഴ്‌സണിന്റെ ക്യാബിനിലെത്തി പ്രതിഷേധം അറിയിക്കുകയും നടപടി ആവശ്യപ്പെടുകയും ചെയ്തു. ബഹളത്തെ തുടര്‍ന്ന് അജണ്ടകളൊന്നും പാസാക്കാതെയാണ് യോഗം പിരിഞ്ഞത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."