നവമാധ്യമങ്ങള്‍ പൊലിസിന് പ്രതിസന്ധി സൃഷ്ടിക്കുന്നു: പി.ടി.എ റഹീം എ.എല്‍.എ
കോഴിക്കോട്: നവമാധ്യമങ്ങളും സമൂഹമാധ്യമങ്ങളും പൊലിസിന് വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ടെന്ന് പി.ടി.എ റഹീം എം.എല്‍.എ. കോഴിക്കോട്ട് നടക്കുന്ന കേരള പൊലിസ് അസോസിയേഷന്‍ കോഴിക്കോട് സിറ്റി ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പൊലിസ് അന്വേഷണം ആരംഭിക്കുന്നതിനു മുന്‍പുതന്നെ നവമാധ്യമങ്ങള്‍ അക്കാര്യം അന്വേഷിച്ചു നിഗമനത്തിലെത്തുകയാണ്. വസ്തുതയുമായി ഒരു ബന്ധവുമില്ലാത്ത കാര്യങ്ങളാണ് ഇങ്ങനെ പുറത്തുവരുന്നത്. ഇതു തെറ്റാണെന്ന് തെളിയിക്കാന്‍ പൊലിസിനു സാധിക്കണം. ജനമൈത്രി പദ്ധതിയുള്‍പ്പെടെയുള്ളവ നടപ്പാക്കിയതിലൂടെ പൊലിസ് ഒരുപാട് മാറിയിട്ടുണ്ട്. അതേസമയം സേനയിലെ ചിലരുടെ പ്രവൃത്തി സേനക്ക് വലിയ ദോഷം ചെയ്യുന്നുണ്ട്. സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കും വിധത്തിലാണ് ചിലര്‍ പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സിറ്റി പൊലിസ് കമ്മിഷണര്‍ എസ്. കാളിരാജ് മഹേഷ്‌കുമാര്‍ മുഖ്യപ്രഭാഷണം നടത്തി. സേനയില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടിയ ഉന്നതവിദ്യാഭ്യാസമുള്ളവരാണു സേവനമനുഷ്ഠിക്കുന്നത്. ആ രീതിയിലുള്ള സമീപനമാണു പൊതുജനങ്ങളോട് വേണ്ടത്. 99 ശതമാനം ശരിചെയ്തിട്ട് ഒരു ശതമാനം തെറ്റു ചെയ്തുവെങ്കില്‍ ആ തെറ്റിനെയാണ് ഏവരും ഉയര്‍ത്തിക്കാട്ടുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങില്‍ കെ.പി.എ ജില്ലാ പ്രസിഡന്റ് വി.പി പവിത്രന്‍ അധ്യക്ഷനായി. വി.പി രാജേഷ് അനുസ്മരണ പ്രഭാഷണം നടത്തി. ട്രാഫിക് സി.ഐ ടി.പി ശ്രീജിത്ത്, കേരള പൊലിസ് ഓഫിസേഴ്‌സ് അസോസിയേഷന്‍ കോഴിക്കോട് സിറ്റി പ്രസിഡന്റ് കെ. വിവേകാനന്ദന്‍, കെ.പി.എ സംസ്ഥാന വൈസ് പ്രസിഡന്റ് സണ്ണി ജോസഫ്, സംസ്ഥാന നിര്‍വാഹകസമിതി അംഗം പ്രേമന്‍ മുചുകുന്ന്, ടി.എസ് ബൈജു, കെ.പി.എ ജില്ലാ സെക്രട്ടറി ജി.എസ് ശ്രീജിഷ്, എം.ജി രാജീവ്, ഇ. രഗീഷ്, എ. അന്‍ജിത്ത് പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."