കത്‌വ പീഡനം: പെണ്‍കുട്ടിയെ കൊലപ്പെടുത്തിയത് മകനെ രക്ഷിക്കാനെന്ന് ക്ഷേത്രം പൂജാരി
ജമ്മു: കത്‌വയില്‍ എട്ടുവയസുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസില്‍ സമര്‍പ്പിക്കപ്പെട്ട കുറ്റപത്രത്തില്‍ പുതിയ വെളിപ്പെടുത്തലുകള്‍. കുട്ടിയെ പീഡനത്തിനിരയാക്കിയ ക്ഷേത്രത്തിലെ പൂജാരിയായ സഞ്ജി റാമിന്റെ പുതിയ മൊഴിയാണ് പുറത്തുവന്നത്. മകനെ രക്ഷിക്കാന്‍ വേണ്ടിയാണ് കുട്ടിയെ കൊലപ്പെടുത്തി മൃതദേഹം വനത്തില്‍ ഉപേക്ഷിച്ചതെന്നാണ് ഇയാള്‍ മൊഴിനല്‍കിയത്. പൂജാരിയുടേത് അദ്ദേഹം നേരത്തേ നല്‍കിയ മൊഴിക്ക് വിരുദ്ധമാണെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.
കൂടാതെ പെണ്‍കുട്ടി ഉള്‍പ്പെട്ട നാടോടിവിഭാഗമായ ബഖര്‍വാല മുസ്‌ലിം വിഭാഗത്തെ മേഖലയില്‍ നിന്ന് ഭയപ്പെടുത്തി ഓടിക്കുകയെന്ന ലക്ഷ്യവും ഉണ്ടായിരുന്നുവെന്നും സഞ്ജി റാം പൊലിസിന് മൊഴിനല്‍കി.
ജനുവരി 10നാണ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയത്. സഞ്ജി റാമിന്റെ ബന്ധുവാണ് എട്ടുവയസുകാരിയെ ആദ്യം പീഡിപ്പിച്ചത്.
സനയിലെ ക്ഷേത്രത്തിലായിരുന്നു പെണ്‍കുട്ടിയെ ഒളിപ്പിച്ചിരുന്നത്. കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ സഞ്ജിറാമും ബന്ധുക്കളും നേരത്തേതന്നെ പദ്ധതി തയാറാക്കിയിരുന്നു. ഇതിനായി മെഡിക്കല്‍ സ്റ്റോറില്‍ നിന്ന് ഉറക്ക ഗുളികകള്‍ വാങ്ങി. കുട്ടിക്ക് ഇത് നല്‍കിയതിനുപുറമെ പ്രാദേശികമായി ഉപയോഗിക്കുന്ന മാനാര്‍ എന്ന ലഹരിവസ്തുവും ഭക്ഷണത്തിന് പകരമായി നല്‍കി. ഇതിന്റെ തീവ്രത മനസിലാക്കാന്‍ ക്രൈംബാഞ്ച് ഉദ്യോഗസ്ഥന്‍ കഴിച്ചുനോക്കുകയും തുടര്‍ന്നുണ്ടായ പ്രശ്‌നങ്ങള്‍ മെഡിക്കല്‍ സംഘം വിലയിരുത്തുകയും ചെയ്തതിനുശേഷമാണ് കുറ്റപത്രത്തോടൊപ്പമുള്ള റിപ്പോര്‍ട്ടില്‍ ഇത് ചേര്‍ത്തത്.
ക്ഷേത്രത്തിനകത്തെ പരവതാനികള്‍ക്കും കമ്പിളി പുതപ്പുകള്‍ക്കും താഴെയാണ് കുട്ടിയെ കിടത്തിയിരുന്നത്.
15 കിലോയിലധികം ഭാരമുള്ള ഇവ കുട്ടിയുടെ ശരീരത്തില്‍ ഇട്ടിരുന്നു. ഇതേക്കുറിച്ച് താന്‍ അറിയുന്നത് ജനുവരി 13നാണെന്നും സഞ്ജിറാം പറയുന്നു. ക്ഷേത്രത്തിലെ പ്രസാദം വീട്ടിലേക്ക് കൊണ്ടുപോകാന്‍ മടികാണിച്ച ബന്ധുവിനോട് കാര്യങ്ങള്‍ ചോദിച്ചപ്പോഴാണ് കുട്ടി ക്ഷേത്രത്തിലുണ്ടെന്ന വിവരം താന്‍ അറിഞ്ഞതെന്നും സഞ്ജി റാം മൊഴിനല്‍കി.
മകന്‍ വിശാലും ബന്ധുവും കുട്ടിയെ പീഡിപ്പിച്ച വിവരം അങ്ങനെയാണ് അറിഞ്ഞത്. ബഖര്‍വാല മുസ്‌ലിംകളെ പ്രദേശത്തുനിന്ന് ഒഴിവാക്കാന്‍ ഏറെക്കാലമായി ആഗ്രഹിക്കുന്നു. അതിന് ഇപ്പോഴാണ് സാഹചര്യം ഒത്തുവന്നത്.
തുടര്‍ന്നാണ് കുട്ടിയെ കൊലപ്പെടുത്തുന്നത്. മകന്‍ ഉള്‍പ്പെട്ട കേസായതുകൊണ്ട് ഒരുതെളിവുപോലും ബാക്കിവയ്ക്കാതെ മൃതദേഹം ഇല്ലാതാക്കാനായിരുന്നു തീരുമാനം.
എന്നാല്‍, പദ്ധതി വിചാരിച്ചതുപോലെ നടന്നില്ലെന്നും ഇയാളുടെ മൊഴിയില്‍ വ്യക്തമാക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."