സ്വാഗതം ചെയ്ത് ലോകം
വാഷിങ്ടണ്‍: ചരിത്രപരമായ കൊറിയന്‍ ഉച്ചകോടിയെ സ്വാഗതം ചെയ്ത് ലോകരാഷ്ട്രങ്ങള്‍. കൂടിക്കാഴ്ചയ്ക്ക് വഴിയൊരുക്കിയ നേതൃത്വത്തെയും അവരുടെ ധീരതയെയും അഭിനന്ദിക്കുന്നതായി യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ് പ്രതികരിച്ചു. ലോകം ഈ കാഴ്ചകള്‍കണ്ട് സന്തോഷത്തിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അമേരിക്ക, ബ്രിട്ടന്‍, ചൈന, റഷ്യ, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങളെല്ലാം കിം ജോങ് ഉന്നിനെയും മൂണ്‍ ജെ. ഇന്നിനെയും ഔദ്യോഗികമായി അഭിനന്ദിച്ചു.
യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഉച്ചകോടിയെ സ്വാഗതംചെയ്തു. നല്ല കാര്യങ്ങളാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. എന്നാല്‍, കാര്യങ്ങള്‍ കാത്തിരുന്നു കാണണമെന്നും ട്രംപ് ട്വീറ്റ് ചെയ്തു. ബ്രിട്ടീഷ് വിദേശകാര്യ മന്ത്രി ബോറിസ് ജോണ്‍സണ്‍ ഇരുകൊറിയകള്‍ക്കുമിടയില്‍ നടക്കുന്ന ഗുണപരമായ പുരോഗതികളെ സ്വാഗതം ചെയ്തു. ആണവ നിരായുധീകരണത്തിനുവേണ്ട ഉറച്ച കാല്‍വയ്പ്പുകള്‍ എടുക്കുന്നതുവരെ ഉ.കൊറിയക്കെതിരായ അന്താരാഷ്ട്ര ഉപരോധം തുടരുമെന്നും അദ്ദേഹം അറിയിച്ചു.
കൊറിയയില്‍നിന്നു വരുന്നത് വളരെ ഗുണപരമായ വാര്‍ത്തയാണെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ളാദ്മിര്‍ പുടിന്റെ വക്താവ് ദിമിത്രി പെസ്‌കോവ് പ്രതികരിച്ചു. ഉ.കൊറിയ വാഗ്ദാനങ്ങള്‍ പാലിക്കാന്‍ ശക്തമായ നടപടികള്‍ കൈക്കൊള്ളുമെന്നാണു പ്രതീക്ഷിക്കുന്നതെന്ന് ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെ പറഞ്ഞു. കൊറിയന്‍ ഉപഭൂഖണ്ഡത്തിലെ പ്രശ്‌നങ്ങള്‍ക്ക് രാഷ്ട്രീയ പരിഹാരം കാണാന്‍ എല്ലാ കക്ഷികളും സംവാദം തുടരുമെന്നാണു പ്രതീക്ഷയെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം പുറത്തുവിട്ട വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.
ഒരേയൊരു വനിതാ സാന്നിധ്യം
സിയൂള്‍: ഈ വര്‍ഷം ഫെബ്രുവരിയിലായിരുന്നു കൊറിയകള്‍ തമ്മിലുള്ള പുതിയ ചരിത്രമാറ്റങ്ങള്‍ക്ക് ഔദ്യോഗികമായി തുടക്കംകുറിച്ചത്. ദ.കൊറിയയില്‍ നടന്ന ശീതകാല ഒളിംപിക്‌സിലൂടെ ആയിരുന്നു അത്. ഫെബ്രുവരിയില്‍ നടന്ന ശീതകാല ഒളിംപിക്‌സില്‍ ശ്രദ്ധാകേന്ദ്രം ഉ.കൊറിയന്‍ നേതാവ് കിം ജോങ് ഉന്നിന്റെ സഹോദരി കിം യോ ജോങ് ആയിരുന്നു. ഇന്നലെ നടന്ന ചരിത്രപരമായ കൊറിയന്‍ ഉച്ചകോടിയില്‍ സ്ഥാനംപിടിച്ച ഒരേയൊരു വനിതയും അവരായിരുന്നു.
ഇരുരാജ്യങ്ങളില്‍ നിന്നുമായി മൂന്നുപേര്‍ വീതം പങ്കെടുത്ത കൂടിക്കാഴ്ചയില്‍ കിം ജോങ് ഉന്നിനു തൊട്ടടുത്തായിരുന്നു കിം യോയുടെ ഇരിപ്പിടം. ഉച്ചകോടി യാഥാര്‍ഥ്യമാക്കിയതിനുപിന്നിലെ പ്രധാന കരങ്ങളെന്ന പരിഗണനയും അവര്‍ക്കു ലഭിച്ചു. കൊറിയന്‍ യുദ്ധത്തിനുശേഷം ആദ്യമായി ദ.കൊറിയ സന്ദര്‍ശിച്ച ഉ.കൊറിയന്‍ ഭരണകൂടത്തിലെ വ്യക്തി കൂടിയായിരുന്നു കിം യോ ജോങ്. 1987ല്‍ ജനിച്ച യോ ജോങ് സ്വിര്‍സര്‍ലന്‍ഡിലാണ് പഠനം പൂര്‍ത്തീകരിച്ചത്. കിം ജോങ് രണ്ടാമന്റെ ഏഴ് മക്കളില്‍ ഏറ്റവും പ്രായം കുറഞ്ഞവള്‍ കിം യോ ജോങ് ആണ്.
ഒറ്റ സ്വപ്നം, ഒരൊറ്റ കൊറിയ;സമാപനം കുറിച്ച് ദൃശ്യവിസ്മയം
സിയൂള്‍: ദൃശ്യവിസ്മയങ്ങളോടെയായിരുന്നു വെള്ളിയാഴ്ചത്തെ ചരിത്രപരമായ കൂടിക്കാഴ്ചക്ക് സമാപനം കുറിച്ചത്. പ്രത്യേകം സജ്ജമാക്കിയ വേദിയില്‍ ഇരുരാജ്യങ്ങളുടെയും കലാപ്രകടനങ്ങള്‍ അരങ്ങേറി. കിം ജോങ് ഉന്‍, മൂണ്‍ ജെ. ഇന്‍ എന്നിവരും ഇരുവരുടെയും ഭാര്യമാരും അടക്കം നയതന്ത്ര സംഘങ്ങള്‍ പൂര്‍ണമായി പരിപാടി വീക്ഷിച്ച ശേഷമാണ് നാട്ടിലേക്കു മടങ്ങിയത്. അവസാനമായി ദ.കൊറിയന്‍ ഗായകന്‍ മിനാ 'വണ്‍ ഡ്രീം, വണ്‍ കൊറിയ' എന്ന ഗാനമാലപിച്ചാണ് പരിപാടികള്‍ക്ക് സമാപനംകുറിച്ചത്.
ആദ്യമായി കണ്ടുമുട്ടിയപ്പോള്‍ അവര്‍ സംസാരിച്ചത്
കിം ജോങ് ഉന്‍: കാണാനായതില്‍ സന്തോഷം, വളരെ സന്തോഷം
മൂണ്‍ ജെ. ഇന്‍: ഇങ്ങോട്ടുവരാന്‍ എന്തെങ്കിലും പ്രയാസം നേരിട്ടോ ?
കിം: ഏയ്, ഒട്ടുമില്ല.
മൂണ്‍: താങ്കളെ കണ്ടുമുട്ടാനായത് വളരെ സന്തോഷം പകരുന്ന കാര്യമാണ്
കിം: തീര്‍ച്ചയായും. ഈ ചരിത്ര ഭൂമിയില്‍ വച്ചുള്ള കൂടിക്കാഴ്ചയില്‍ ആശ്ചര്യഭരിതനാണ് ഞാന്‍. പാന്‍മുന്‍ജോമിലെ സൈനികരഹിത കേന്ദ്രംവരെ എന്നെ സ്വീകരിക്കാന്‍ താങ്കള്‍ എത്തിയതില്‍ വളരെയധികം സന്തുഷ്ടനാണ് ഞാന്‍.
മൂണ്‍: താങ്കളുടെ ഉറച്ചതും ധീരവുമായ തീരുമാനമാണ് നമ്മെ ഇത്രയും ദൂരത്തെത്തിച്ചത്.
കിം: ഏയ്, ഒരിക്കലുമല്ല
മൂണ്‍: ഇത് നമ്മളൊരു ചരിത്ര സംഭവമാക്കി മാറ്റിയിരിക്കുന്നു
കിം: താങ്കളെ കണ്ടതില്‍ വീണ്ടും വീണ്ടും സന്തോഷം രേഖപ്പെടുത്തുന്നു
മൂണ്‍: ഈ ഭാഗത്ത് (ദ.കൊറിയയുടെ ഭാഗത്ത്) നില്‍ക്കാമോ?
(കിം ദ.കൊറിയയുടെ ഭാഗത്തേക്ക് കാലെടുത്തുവയ്ക്കുന്നു)
മൂണ്‍: താങ്കളിപ്പോള്‍ ദ.കൊറിയയിലേക്കു വന്നിരിക്കുന്നു. എനിക്കെപ്പോള്‍ ഉ.കൊറിയയിലേക്കു വരാനാകും?
കിം: ഉ.കൊറിയന്‍ മേഖലയില്‍ താങ്കള്‍ക്കു പ്രവേശിക്കാനുള്ള യഥാര്‍ഥ സമയം ഇതുതന്നെയാണ്
ഉച്ചകോടിയില്‍ പങ്കെടുത്തത് ഇവര്‍
ദ.കൊറിയന്‍ സംഘം
1. സൂഹ് ഹൂന്‍ (ദേശീയ ഇന്റലിജന്‍സ് സര്‍വിസ് മേധാവി)
2. മൂണ്‍ ജെ. ഇന്‍ (ദ.കൊറിയന്‍ പ്രസിഡന്റ്)
3. ഇം ജോങ്-സൂക് (മുഖ്യ പ്രസിഡന്‍ഷ്യല്‍ സെക്രട്ടറി)
ഉ.കൊറിയന്‍ സംഘം
1. കിം യോങ് ചൂള്‍ (വര്‍ക്കേഴ്‌സ് പാര്‍ട്ടി ഓഫ് കൊറിയ കേന്ദ്ര കമ്മിറ്റി വൈസ് ചെയര്‍മാന്‍, പൊളിറ്റിക്കല്‍ ബ്യൂറോ അംഗം)
2. കിം ജോങ് ഉന്‍ (ഉ.കൊറിയന്‍ നേതാവ്)
3. കിം യോ ജോങ് (കിം ജോങ് ഉന്നിന്റെ സഹോദരി, വര്‍ക്കേഴ്‌സ് പാര്‍ട്ടി ഓഫ് കൊറിയ കേന്ദ്ര കമ്മിറ്റി പ്രഥമ വൈസ് ഡയരക്ടര്‍)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."