വീട്ടുകാരില്ലാത്ത സമയത്ത് മോഷണം; 25 പവനും ബാങ്ക് രേഖകളും കവര്‍ന്നു
നിലമ്പൂര്‍: ജില്ലാ ആശുപത്രിക്കുസമീപം വീട് കുത്തിത്തുറന്ന് മോഷണം നടന്നു. 25 പവനോളം തൂക്കം വരുന്ന സ്വര്‍ണാഭരണങ്ങളും ബാങ്ക് രേഖകളും പണവും നഷ്ടപ്പെട്ടതായി പരാതി. ആശുപത്രിക്കു സമീപം ആയിരവല്ലിയിലെ തെക്കേതില്‍ ആശ ജയരാജിന്റെ വീട്ടിലാണ് മോഷണം നടന്നത്. ആശയും മകന്റെ ഭാര്യ ഡോ.അണിമയും കഴിഞ്ഞ നാല് ദിവസങ്ങളായി തൃശൂരിലായിരുന്നു. ഇന്നലെ രാവിലെ 11നാണ് ഇവര്‍ തിരിച്ചെത്തിയത്. വീടിന്റെ വാതില്‍ തുറന്നു കിടക്കുന്നതു കണ്ട് പരിശോധിച്ചപ്പോഴാണ് മുറികള്‍ക്കുള്ളിലെ അലമാരകള്‍ കുത്തിത്തുറന്ന് സാധനങ്ങളെല്ലാം വലിച്ചു വാരിയിട്ട നിലയില്‍ കണ്ടത്.
ബാങ്ക് പാസ്ബുക്ക്, ചെക്ക് ബുക്ക്, ഫിക്‌സ്ഡ് ഡെപ്പോസിറ്റിന്റെ റസീപ്റ്റുകള്‍ എന്നിവയും മോഷണം പോയതായാണ് വിവരം. മോഷ്ടാക്കള്‍ വീടിനകത്ത് കയറി ഭക്ഷണം പാകംചെയ്ത് കഴിച്ചതിന്റെയും മദ്യപിച്ചതിന്റേയും അടയാളങ്ങള്‍ കാണുന്നുണ്ട്. സോഫയില്‍ കിടന്നതായും അടയാളമുണ്ട്. അലമാരയിലെ ലോക്കറിലുണ്ടായിരുന്ന സ്വര്‍ണാഭരണങ്ങളും നഷ്ടമായിട്ടുണ്ട്. ഉടനെ പൊലിസില്‍ വിവരമറിയിച്ചു. നിലമ്പൂര്‍ സി.ഐ കെ.എം ബിജുവിന്റെ നേതൃത്വത്തില്‍ പൊലിസ് സ്‌പെഷന്‍ സ്‌ക്വാഡ് അംഗങ്ങള്‍ വീട്ടിലെത്തി പ്രാഥമിക പരിശോധനകള്‍ നടത്തി. തുടര്‍ന്ന് വിരലടയാള വിദഗ്ദരും ഡോഗ് സ്‌ക്വാഡും വിശദമായി പരിശോധനകള്‍ നടത്തി. സ്ഥലത്തുനിന്നും കണ്ടെത്തിയ തുണികള്‍ മണം പിടിച്ച പൊലിസ് നായ അല്‍പമകലെയുള്ള കെട്ടിട നിര്‍മാണ തൊഴിലാളികള്‍ താമസിക്കുന്ന വീട്ടിലേക്ക് മണം പിടിച്ചുപോയതിന്റെ അടിസ്ഥാനത്തില്‍ ഇതര സംസ്ഥാന തൊഴിലാളികളുടെ വിവരങ്ങള്‍ നല്‍കാന്‍ കെട്ടിടയുടമയോട് പൊലിസ് ആവശ്യപ്പെട്ടിട്ടുണ്ട്. സംഭവത്തില്‍ പൊലിസ് അന്വേഷണം ഊര്‍ജിതപ്പെടുത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."