പ്രായത്തില്‍ നിയമക്കുരുക്ക്; അനാഥ വിദ്യാര്‍ഥികളുടെ പഠനം വഴിമുട്ടുന്നു
ഷാജഹാന്‍ കെ ബാവ
കൊച്ചി: സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന അനാഥാലയങ്ങളില്‍നിന്ന് പത്താം ക്ലാസ് പഠനം പൂര്‍ത്തിയാക്കി പുറത്തിറങ്ങുന്ന വിദ്യാര്‍ഥികളുടെ തുടര്‍പഠനം വഴിമുട്ടുന്നു. പ്രായത്തിലെ നിയമക്കുരുക്കാണു വിദ്യാര്‍ഥികളുടെ തുടര്‍വിദ്യാഭ്യാസത്തിന് തടസമാകുന്നത്. സംസ്ഥാനത്ത് നിലനില്‍ക്കുന്ന ഓര്‍ഫനേജ് ആന്‍ഡ് ചാരിറ്റബിള്‍ ആക്ട് പ്രകാരം 18 വയസിനുതാഴെ പ്രായമുള്ള ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും മാത്രമാണ് ഓര്‍ഫനേജുകളില്‍ തുടരാന്‍ കഴിയുക. എന്നാല്‍, വിവിധ കാരണങ്ങളാല്‍ ഉപേക്ഷിക്കപ്പെട്ട് അനാഥാലയങ്ങളില്‍ എത്തപ്പെടുന്ന കുട്ടികള്‍ക്കു തുടര്‍വിദ്യാഭ്യാസം ഇതോടെ വഴിമുട്ടുകയാണ്.
നിയമം അനുശാസിക്കുന്നത്, 18 പൂര്‍ത്തിയാക്കുന്ന മുറയ്ക്ക് ഓര്‍ഫനേജില്‍നിന്നു വിടുതല്‍ നല്‍കണമെന്നാണ്. ഇതുമൂലം പരാശ്രയം ഇല്ലാതെ തുടര്‍പഠനം ചെയ്യാന്‍ കഴിയാത്ത ഇവര്‍ക്ക് പത്താംക്ലാസ് പഠനത്തോടെ വിദ്യാഭ്യാസം അവസാനിപ്പിക്കേണ്ടിവരും. ചില മാനേജുമെന്റുകള്‍ 16 വയസില്‍തന്നെ കുട്ടികളെ പറഞ്ഞയക്കുന്ന പതിവ് തുടരുന്നതും വിനയാകുന്നുണ്ട്.
കേരളത്തില്‍ 1205 അംഗീകൃത അനാഥാലയങ്ങള്‍ പ്രവര്‍ത്തിക്കുന്നതായാണ് സര്‍ക്കാരിന്റെ ഔദ്യോഗിക കണക്ക്. ഇതിനുപുറമെ വൃദ്ധസദനങ്ങളും ഭിന്നശേഷിക്കാര്‍ക്കായുള്ള ഷെല്‍ട്ടറുകളും സ്ത്രീസംരക്ഷണ കേന്ദ്രങ്ങളും പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ സംസ്ഥാനത്തുടനീളം സ്വകാര്യമേഖലയിലും സംഘടനകളുടെ കീഴിലുമായി 2200 ഓളം സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നതായാണ് അറിയുന്നത്.
അംഗീകൃത അനാഥാലയങ്ങളില്‍ 83,709 അന്തേവാസികള്‍ വസിക്കുന്നതായും കണക്കുണ്ട്. ഇതില്‍ ഭൂരിഭാഗവും വിദ്യാര്‍ഥികളാണ്. പ്രതിവര്‍ഷം നാലായിരത്തോളം വിദ്യാര്‍ഥികള്‍ അനാഥാലയങ്ങളില്‍നിന്നും പത്താംക്ലാസ് പഠനം വിജയകരമായി പൂര്‍ത്തിയാക്കുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
ഇവര്‍ക്ക് തുടര്‍പഠനത്തിന് അപേക്ഷ നല്‍കിയാലും പ്രായം അധികരിച്ചതിനാല്‍ ഓര്‍ഫനേജ് വിട്ടുപേകേണ്ടി വരികയാണ്. എന്നാല്‍ 18 കടക്കുന്നതിന് മുന്‍പെ ഓര്‍ഫനേജ് വിടേണ്ടതിനാല്‍ മിനിമം ബിരുദമെങ്കിലും നേടുകയെന്ന ലക്ഷ്യം പൂര്‍ത്തിയാകുന്നില്ല. അതേസമയം, അഗതികളെ സുരക്ഷിതരാക്കാന്‍ സര്‍ക്കാര്‍തലത്തില്‍ സംവിധാനമില്ലാത്തത് പ്രതിഷേധത്തിന് ഇടയാക്കുന്നുണ്ട്.
എസ്.സി, എസ്.ടി വിഭാഗങ്ങള്‍ക്ക് സമസ്തമേഖലയിലും സംവരണം അടക്കമുള്ള സഹായങ്ങള്‍ ഏര്‍പ്പെടുത്തുമ്പോഴും ആരുമില്ലാത്തവര്‍ക്ക് സഹായം എത്തിക്കാന്‍ സര്‍ക്കാരിന് കഴിയുന്നില്ല. ഓര്‍ഫനേജുകളില്‍നിന്നും പഠനം പൂര്‍ത്തീകരിച്ചിറങ്ങുന്ന അഗതികള്‍ക്ക് നിയമന കാര്യങ്ങളില്‍ പ്രത്യേക പാക്കേജ് ഉണ്ടാക്കണമെന്ന ആവശ്യം ഉയരുന്നുണ്ട്.
സംസ്ഥാനത്തെ അംഗീകൃത അനാഥാലയങ്ങളില്‍ 60 ശതമാനത്തോളം ക്രിസ്ത്യന്‍ മിഷനറിമാരുടെ മേല്‍നോട്ടത്തില്‍ നടത്തപ്പെടുമ്പോള്‍ അവശേഷിക്കുന്നവ മുസ്‌ലിം, ഹിന്ദു സംഘടനകളുടെ കീഴിലാണ് പ്രവര്‍ത്തിക്കുന്നത്. ഇതില്‍ എറണാകുളം ജില്ലയില്‍ മാത്രം 175 കേന്ദ്രങ്ങളാണ് പ്രവര്‍ത്തിക്കുന്നത്. ഏറ്റവും കുറവ് കാസര്‍കോട് ജില്ലയിലാണ്. ഇവിടെ 39 സ്ഥാപനങ്ങളാണ് പ്രവര്‍ത്തിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."