ഛത്തിസ്ഗഡില്‍ വീണ്ടും ഏറ്റുമുട്ടല്‍: രണ്ട് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു
റായ്പൂര്‍: ഛത്തിസ്ഗഡില്‍ വീണ്ടും സൈന്യവും മാവോയിസ്റ്റുകളുമായുണ്ടായ ഏറ്റുമുട്ടലില്‍ ഒരു സ്ത്രീയുള്‍പ്പടെ രണ്ട് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു.
ഛത്തിസ്ഗഡിലെ സുഖ്മ ജില്ലയിലാണ് സംഭവം. നിരവധി മാവോയിസ്റ്റുകള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത. ഏറ്റുമുട്ടലിനെ തുടര്‍ന്ന് രക്ഷപെട്ട മാവോയിസ്റ്റുകള്‍ക്കായുള്ള തിരച്ചില്‍ ഊര്‍ജിതമാണ്. ബിജാപ്പൂര്‍ ജില്ലയില്‍ നടന്ന ഏറ്റുമുട്ടലില്‍ എട്ട് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടതിനു പിറ്റേന്നാണ് സുഖ്മയില്‍ രണ്ടുപേര്‍ കൂടി കൊല്ലപ്പെട്ടിരിക്കുന്നത്. സുഖ്മക്കു തൊട്ടടുത്ത ജില്ലയാണ് ബിജാപ്പൂര്‍.
സുഖ്മയിലെ ബര്‍ക്കാപാല്‍ മേഖലയിലെ വനത്തില്‍ ഇന്നലെ രാവിലെയായിരുന്നു ഏറ്റുമുട്ടല്‍. പ്രത്യേക സുരക്ഷാ സേന, സി.ആര്.പി.എഫ്, ഡി.ആര്.ജി, കോബ്ര എന്നിവര്‍ നടത്തിയ സംയുക്ത ഓപ്പറേഷനിലാണ് രണ്ട് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടത്. ഏറ്റുമുട്ടല്‍ രണ്ട് മണിക്കൂറോളം നീണ്ടുനിന്നു. മൃതദേഹങ്ങള്‍ക്കൊപ്പം ആയുധങ്ങളും കണ്ടെടുത്തിട്ടുണ്ട്. ശക്തമായ മാവോയിസ്റ്റ് സാന്നിധ്യമുള്ള ജില്ലയില്‍ കഴിഞ്ഞ ദിവസം 60 മാവോയിസ്റ്റുകള്‍ ആയുധം വച്ച് കീഴടങ്ങിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."