പന്നിഫാമുകളിലേക്കെന്ന പേരില്‍ ജില്ലയിലേക്ക് കോഴി മാലിന്യങ്ങള്‍ എത്തിക്കുന്നത് അന്വേഷിക്കാന്‍ ഉത്തരവ്
മാനന്തവാടി: ജില്ലയിലെ പന്നി ഫാമുകളിലേക്കെന്ന പേരില്‍ അയല്‍ ജില്ലകളില്‍ നിന്നും കോഴിമാലിന്യമുള്‍പ്പടെയുള്ള മാലിന്യങ്ങള്‍ വാഹനങ്ങളില്‍ ജില്ലയിലെത്തിക്കുന്നത് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ തഹസില്‍ദാര്‍ക്ക് സബ് കലക്ടര്‍ നിര്‍ദേശം നല്‍കി.
കോഴിക്കോട് ജില്ലയിലെ വടകര, നാദാപുരം, കുറ്റ്യാടി തുടങ്ങിയ സ്ഥലങ്ങളിലെ കോഴിക്കടകളില്‍ നിന്നും മാംസ മാര്‍ക്കറ്റുകളില്‍ നിന്നും ശേഖരിക്കുന്ന മാലിന്യങ്ങളാണ് ചാക്കുകളില്‍ കെട്ടി തുറന്ന വാഹനങ്ങളില്‍ കുറ്റ്യാടി ചുരം വഴി ജില്ലയിലേക്ക് കൊണ്ട് വരുന്നത്. നിത്യേന 50 ഓളം വാഹനങ്ങളില്‍ ഇത്തരത്തില്‍ മാലിന്യങ്ങള്‍ ജില്ലയിലെത്തിക്കുന്നതായാണ് പറയപ്പെടുന്നത്. ബത്തേരി, പുല്‍പ്പള്ളി, മീനങ്ങാടി തുടങ്ങിയ പ്രദേശങ്ങലിലേക്ക് പന്നി ഫാമുകളില്‍ ഇത്തരത്തില്‍ മാലിന്യമെത്തിക്കാന്‍ പിഗ് ഫാമേഴ്‌സ് സംഘടനകള്‍ നല്‍കുന്ന സ്റ്റിക്കര്‍ ഉപയോഗിച്ചാണ് മാലിന്യങ്ങള്‍ വാഹനങ്ങളില്‍ കൊണ്ട് വരുന്നത്.
എന്നാല്‍ ഇത്തരത്തിലുള്ള മാലിന്യങ്ങള്‍ ചുരം ഭാഗങ്ങളില്‍ ചാക്കുകെട്ടുകള്‍ തള്ളുന്നതും പുഴയോരങ്ങളിലും ജലസ്രോതസുകള്‍ക്കും സമീപം നിക്ഷേപിക്കുന്നതും നിത്യ സംഭവമാണ്. ഇതിന് പുറമെ പന്നി ഫാമുകളോട് ചേര്‍ന്ന് ജനവാസ കേന്ദ്രങ്ങളില്‍ കുഴികളെടുത്ത് മാലിന്യം നിക്ഷേപിക്കുന്നതായും പരാതി ഉയര്‍ന്നിരുന്നു. ഇതേ തുടര്‍ന്ന് തൊണ്ടര്‍നാട് പഞ്ചായത്തിലൂടെ ഇത്തരം മാലിന്യങ്ങള്‍ കൊണ്ട് പോകുന്നത് നിരോധിച്ച് കൊണ്ട് അധികൃതര്‍ നോട്ടീസ് നല്‍കിയിരുന്നു.
ഇത് ലംഘിച്ച് കൊണ്ടും മാലിന്യങ്ങളെത്താന്‍ തുടങ്ങിയതോടെ കഴിഞ്ഞ രണ്ട് ദിവസമായി യുവ മോര്‍ച്ച പ്രവര്‍ത്തകര്‍ നിരവില്‍ പുഴയില്‍ വാഹനങ്ങള്‍ തടഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സബ് കലക്ടര്‍ ശ്രീറാം സാമ്പശിവ റാവു വിളിച്ച് ചേര്‍ത്ത് യോഗത്തിലാണ് സംഭവം സംബന്ധിച്ച് അന്വേഷണം നടത്താന്‍ തഹസില്‍ദാര്‍ക്ക് നിര്‍ദേശം നല്‍കിയത്. ഇത്തരം വാഹനങ്ങള്‍ തടയാന്‍ പൊലിസിന് നിര്‍ദേശവും നല്‍കിയിട്ടുണ്ട്.
അതേസമയം കുറ്റ്യാടി ചുരം വഴി പരിശോധനകള്‍ കര്‍ശനമാക്കിയതോടെ പേര്യ ചുരം വഴി മാലിന്യം കടത്തിയതായും സൂചനയുണ്ട്. സബ് കലക്ടറുടെ സാന്നിധ്യത്തില്‍ നടത്തിയ യോഗത്തില്‍ മാനന്തവാടി ഡി.വൈ.എസ്.പി അസൈനാര്‍, യുവമോര്‍ച്ച നേതാക്കളായ അഖില്‍ പ്രേം, കണ്ണന്‍ കണിയാരം, പന്നി ഫാം സംഘടനാ ഭാരവാഹികളായ റെജി, സുരേന്ദ്രന്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."