നഗരത്തില്‍ സ്വകാര്യ ബസ് ജീവനക്കാരുടെ അഴിഞ്ഞാട്ടം തുടര്‍ക്കഥയാകുന്നു
കൊച്ചി: നഗരത്തില്‍ സ്വകാര്യ ബസ് ജീവനക്കാരുടെ അഴിഞ്ഞാട്ടം തുടര്‍ക്കഥയാകുന്നു. ഇന്നലെ ഐജി ഓഫിസിനു 200 മീറ്റര്‍ അകലത്തില്‍ അപകടത്തില്‍പെട്ട കാര്‍ യാത്രികര്‍ക്കും നാട്ടുകാര്‍ക്കും നേരെ കൈയേറ്റ ശ്രമം നടത്തിയാണ് ബസ് ജീവനക്കാര്‍ നഗരത്തില്‍ അഴിഞ്ഞാടിയത്.
പകല്‍ 2.15 ഓടെ മേനക ജങ്ക്ഷനു സമീപം ജോസ് ആലൂക്കാസിനു മുന്‍പിലാണ് അമിത വേഗത്തിലെത്തിയ സ്വകാര്യ ബസ് നാലംഗ കുടുംബം സഞ്ചരിച്ചിരുന്ന കാര്‍ ഇടിച്ചു തെറിപ്പിച്ചത്.
മകനെ എയര്‍പോര്‍ട്ട് മാനേജ്‌മെന്റ് കോഴ്‌സിനു ചേര്‍ക്കാന്‍ നഗരത്തിലെത്തിയ കടുത്തുരുത്തി ആനക്കുഴിയില്‍ അജികുമാറിന്റെ കുടുംബമാണ് അപകടത്തില്‍പെട്ടത്. സംഭവം കണ്ട് ഓടിക്കൂടിയ നാട്ടുകാര്‍ ബസ് ജീവനക്കാരെ തടഞ്ഞെങ്കിലും തൊട്ടു പിന്നാലെയെത്തിയ ബസുകളിലെ ജീവനക്കാര്‍ സംഘടിച്ച് നാട്ടുകാര്‍ക്ക് നേരെ തട്ടിക്കയറുകയായിരുന്നു. അപകടം നടന്ന ബസിലെ ഡ്രൈവര്‍ ഇതിനിടെ മുങ്ങി. കണ്ടക്ടറെ തടഞ്ഞു വയ്ക്കാന്‍ നാട്ടുകാര്‍ ശ്രമിക്കവെ ഇവര്‍ക്കെതിരെ ബസ് ജീവനക്കാരുടെ സംഘം ഭീഷണി മുഴക്കുകയും ചെയ്തു.
ആക്‌സിഡന്റ് നടന്ന് മിനിറ്റുകള്‍ക്കുള്ളില്‍ ഒട്ടൊറിക്ഷയിലും ബൈക്കിലുമായി സ്ഥലത്തെത്തിയ ചിലരും ബസ് ജീവനക്കാര്‍ക്കൊപ്പം ചേര്‍ന്ന് നാട്ടുകാര്‍ക്ക് നേരെ തട്ടിക്കയറി. ഇതിനിടെ ഓടിക്കൂടിയവര്‍ ചേര്‍ന്ന് അപകടം നടന്ന കാറില്‍ നിന്നും യാത്രക്കാരെ പുറത്തിറക്കിയതോടെ ഇവര്‍ക്കു നേരെയായി സംഘത്തിന്റെ കൈയേറ്റ ശ്രമം.
ഇടിയുടെ ആഘാതത്തില്‍ പരുക്കേറ്റ അജികുമാറിന്റെ ഭാര്യ ഷേര്‍ളിയെ റോഡരികിലെ ഡിവൈഡറില്‍ ഇരുത്താന്‍ ശ്രമിക്കവെ പോലും സംഘം വാക്കേറ്റം തുടര്‍ന്നു. കണ്ടു നിന്നവരും പരുക്കേറ്റവരും പലതവണ പൊലിസിനെ വിളിച്ചെങ്കിലും നമ്പര്‍ നിലവിലില്ലെന്നായിരുന്നു മറുപടി. ഇതോടെ നാട്ടൂകാരും ക്ഷുഭിതരായി. ഐജി ഓഫിസിനു 200 മീറ്റര്‍ ദൂരത്തിലായിരുന്നു സംഭവങ്ങള്‍.
സംഭവത്തെ തുടര്‍ന്ന് മേനക ജങ്ക്ഷന്‍ കുരുക്കില്‍ കുരുങ്ങിയിട്ടും പൊലിസുകാര്‍ തിരിഞ്ഞു നോക്കിയില്ല. പൊലിസ് എത്താന്‍ വൈകിയതോടെ നാട്ടുകാര്‍ തന്നെ കാര്‍ യാത്രികരെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. ഈ സമയം ബസ് ജീവനക്കാര്‍ മുങ്ങാന്‍ ശ്രമിച്ചെങ്കിലും നാട്ടുകാര്‍ തടഞ്ഞു.
ഇതിനിടെ സംഭവ സ്ഥലത്തു കൂടി കടന്നു പോയ പൊലിസ് വാഹനം അപകടം കണ്ടിട്ടും നിര്‍ത്താന്‍ കൂട്ടാക്കിയില്ല. സ്ഥലത്തെത്തിയ ഹോം ഗാര്‍ഡ് മൊബൈല്‍ നമ്പരില്‍ വിളിച്ചാണ് പൊലിസിനെ വിവരം അറിയിച്ചത്. തുടര്‍ന്ന് അര മണിക്കൂറിനു ശേഷം തൊട്ടടുത്ത ഹൈക്കോര്‍ട്ട് ജങ്ക്ഷനില്‍ നിന്നും എസ്‌ഐയും സിവില്‍ പൊലിസ് ഉദ്യോഗസ്ഥനും സ്ഥലത്തെത്തിയെങ്കിലും ഇവരും നാട്ടുകാര്‍ക്ക് നേരെ തട്ടിക്കയറി.
തിരക്കേറിയ റോഡില്‍ അപകട സ്ഥലം മാര്‍ക്ക് ചെയ്യാന്‍ പൊലിസിന് ആകെ കിട്ടിയത് റോഡരികില്‍ കിടന്നിരുന്ന കല്ല് മാത്രമാണ്. ബസ് ജീവനക്കാരെ തടഞ്ഞു നിര്‍ത്തിയ നാട്ടുകാര്‍ക്ക് നേരെയും ട്രാഫിക് എസ്.ഐ തട്ടിക്കയറി.
നഗരത്തില്‍ ഗതാഗത കുരുക്കുണ്ടാക്കുകയാണെന്നായിരുന്നു എസ്.ഐയുടെ കണ്ടെത്തല്‍. പരുക്കേറ്റ് ആശുപത്രിയിലേക്ക് പോയ കാര്‍ യാത്രക്കാരെ കാണാന്‍ പോലും കൂട്ടാക്കാതെയാണ് ട്രാഫിക് പൊലിസ് സ്ഥലത്തു നിന്നും മടങ്ങിയത്.
പിന്നീട് ആശുപത്രിയില്‍ നിന്നും ഇറങ്ങിയ അജികുമാറും കുടുംബവും ഹൈക്കോര്‍ട്ട് ജങ്ക്ഷനിലെ ട്രാഫിക് സ്റ്റേഷനിലെത്തുകയായിരുന്നു. അപ്പോഴേക്കും ബസ് ബ്രേക്ക് ഡൗണായതിനാലാണ് അപകടം ഉണ്ടായതെന്നും കേസ് ഒഴിവാക്കാമെന്നുമായി ട്രാഫീക് പൊലിസിന്റെ നിലപാട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."