വിവാഹത്തിന്റെ 50-ാം വാര്‍ഷികത്തില്‍ വീണ്ടും നവദമ്പതികളായി
ഗുരുവായൂര്‍ : കഴിഞ്ഞദിവസം ഗുരുവായൂര്‍ ക്ഷേത്രസന്നിധിയിലെ കതിര്‍ മണ്ഡപത്തില്‍ വൃദ്ധദമ്പതികള്‍ കയറിയപ്പോള്‍ ആരും പ്രതീക്ഷിച്ചില്ല അവര്‍ നവമ്പതികളാകാന്‍ പോകുകയാണെന്ന്. ബന്ധുക്കളുടെ സാന്നിധ്യത്തില്‍ വരണമാല്യമണിഞ്ഞ് പുതുമോടികളെ പോല തെല്ലു നാണത്തോടെ അവര്‍ മണ്ഡപത്തിന്റെ പടിയിറങ്ങി. പിന്നെ ഗുരുവായൂരപ്പനെ തൊഴുത് കൈകോര്‍ത്തുപിടിച്ചു നടന്നു. '
പാലക്കാട് വടക്കുന്തറ കെ.കെ. നിവാസില്‍ മുത്തുസ്വാമിയും ഭാര്യ കനകവുമാണ്് വിവാഹത്തിന്റെ 50 ാം വാര്‍ഷികത്തില്‍ വീണ്ടും വിവാഹിതരായത്്. മുത്തുസ്വാമിക്ക് 82 വയസും കനകത്തിന് 73 വയസുമാണ് . വിവാഹവാര്‍ഷിക ദിനത്തില്‍ ഗുരുവായൂരപ്പനു മുന്നില്‍ വെച്ച് മാല ചാര്‍ത്തണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചപ്പോള്‍ മക്കളാരും എതിര്‍ത്തില്ല. അതിരാവിലെ പാലക്കാട്ടു നിന്നും തിരിച്ചു. മനസില്‍ വിചാരിച്ച മുഹൂര്‍ത്തത്തില്‍ തന്നെ മണ്ഡപത്തില്‍ കയറി നിന്നു. മരുമകളായ ഗീതയും പേരക്കുട്ടികളായ കൃഷ്ണദാസും സൗന്ദര്യയും ബബിതയും ഒപ്പമുണ്ട്.
വിവാഹത്തിന്റെ കാര്‍മ്മികനായ ക്ഷേത്രം കോയ്മ തുളസിമാല കൈമാറി. മുത്തുസ്വാമി മാലയിടുമ്പോള്‍ കനകം പുതുപ്പെണ്ണിന്റെ നാണത്തോടെ തലകുനിച്ചു. പരസ്പരം ചന്ദനം ചാര്‍ത്തി. അടുത്ത ഊഴത്തിനായി മണ്ഡപത്തിനു പുറത്തുനിന്ന നവദമ്പതികള്‍ക്കും അതൊരു നല്ല കാഴ്ച്ചയായി. പാലക്കാട്ടെ വീട്ടില്‍ വിരുന്നുകാരുണ്ട്. വിവാഹവും വിവാഹ വാര്‍ഷികവും ഒന്നിച്ചാഘോഷിക്കാന്‍ അവര്‍ ഗുരുവായൂരില്‍ നിന്ന് വേഗം യാത്ര തിരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."