പൊതു ആരോഗ്യ മേഖലയെ മെച്ചപ്പെടുത്താന്‍ സമഗ്ര ആരോഗ്യനയം വരുന്നു
തിരുവനന്തപുരം: സംസ്ഥാനത്തെ പൊതു ആരോഗ്യ മേഖലയെ സംരക്ഷിക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനുമായി സര്‍ക്കാര്‍ വിപുലമായ പരിഷ്‌കരണത്തിന് ഒരുങ്ങുന്നു. ഇതിന്റെ ഭാഗമായി സമഗ്ര ആരോഗ്യ നയം തയാറാക്കുകയും ഈ നയത്തിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്തെ ആരോഗ്യ മേഖലയെ ഏകീകരിക്കുകയും കുറ്റമറ്റതാക്കി മാറ്റുകയുമാണ് ലക്ഷ്യം.
കാലവര്‍ഷത്തിനൊപ്പം മഴക്കാല രോഗങ്ങളും പനിയും പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ പനി ക്ലിനിക്കുകള്‍ തുടങ്ങാനും തീരുമാനമായിട്ടുണ്ട്. കഴിഞ്ഞ എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് നിലവിലുണ്ടായിരുന്നതും പിന്നീടുവന്ന യു.ഡി.എഫ് സര്‍ക്കാര്‍ ഉപേക്ഷിച്ചതുമായ പനി ക്ലിനിക്കുകളാണ് ആരോഗ്യവകുപ്പ് തിരികെ കൊണ്ടുവരാന്‍ തീരുമാനിച്ചിരിക്കുന്നത്. ഉത്തരവ് ഉടന്‍ പുറത്തിറങ്ങും. താലൂക്ക് ആശുപത്രികള്‍ക്കു മുകളിലുള്ള ആശുപത്രികളിലാണ് പനി ക്ലിനിക്കുകള്‍ പ്രവര്‍ത്തിക്കുക.
പൊതു ആരോഗ്യരംഗവുമായി ബന്ധപ്പെടുത്തി നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന ഇന്‍ഷുറന്‍സ് സംവിധാനത്തിന്റെ പ്രഖ്യാപനം ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തില്‍ ഉണ്ടാകുമെന്നാണ് സൂചന. സര്‍ക്കാര്‍ ആശുപത്രികളിലെ രോഗികളുടെ വിവരങ്ങളും അവരുടെ ചികിത്സ സംബന്ധിച്ച കാര്യങ്ങളും കംപ്യൂട്ടര്‍ ഡേറ്റകളാക്കി മാറ്റുന്നതിനും തീരുമാനമുണ്ട്. ഇത് എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും ലഭ്യമാകുന്ന തരത്തില്‍ നെറ്റ് വര്‍ക്ക് സംവിധാനവും ഭാവിയില്‍ നടപ്പിലാക്കാനാണ് ആരോഗ്യവകുപ്പിന്റെ ഇപ്പോഴത്തെ ആലോചന.
സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളുടേയും നിലവാരം ഉയര്‍ത്താനും എല്‍.ഡി.എഫ് സര്‍ക്കാരിന് പ്രത്യേക പദ്ധതിയുണ്ട്. ഓരോ മെഡിക്കല്‍ കോളജിനേയും പ്രത്യേകമായി പരിഗണിച്ച് കൃത്യമായ പ്രോജക്ട് തയാറാക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ ഓരോ മെഡിക്കല്‍ കോളജിനും പ്രത്യേകം പരിഗണന നല്‍കുകയും ചെയ്യും. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ പുതിയതായി സര്‍ക്കാര്‍ മേഖലയില്‍ അനുവദിച്ച അഞ്ച് മെഡിക്കല്‍ കോളജുകളുടെ സാധ്യത പരിശോധിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. അവധിയെടുത്ത് വിദേശത്ത് ജോലിക്കുപോകുകയും സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടും മടങ്ങിവരാത്തതുമായ 31 ഡോക്ടര്‍മാരെ പിരിച്ചു വിടാനുള്ള തീരുമാനവും എടുത്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."