ബംഗ്ലാദേശില്‍ ഹിന്ദുപുരോഹിതന്‍ കൊല്ലപ്പെട്ടു ഹമൂന്നു തീവ്രവാദികളെ പൊലിസ് കൊലപ്പെടുത്തി
ധാക്ക: തീവ്രവാദി വിഭാഗങ്ങളുടെ ആക്രമണത്തില്‍ ബംഗ്ലാദേശില്‍ ഹിന്ദു പുരോഹിതന്‍ കൊല്ലപ്പെട്ടു. പടിഞ്ഞാറന്‍ ജിനൈഗാ ജില്ലയില്‍ ഇന്നലെ രാവിലെ 9.30നായിരുന്നു സംഭവം. അനന്തഗോപാല്‍ ഗാംഗുലി എന്ന പുരോഹിതനാണ് കൊല്ലപ്പെട്ടത്. ക്ഷേത്രത്തിലേക്കുള്ള വഴിയില്‍വച്ച് മൂന്നംഗ സംഘമാണ് ഇദ്ദേഹത്തെ അക്രമിച്ചതെന്ന് പൊലിസ് പറഞ്ഞു.
കഴുത്തറുത്ത നിലയില്‍ കണ്ടെത്തിയ മൃതദേഹം പരിശോധനയ്ക്കയച്ചിട്ടുണ്ട്. കൊലപാതകത്തിന്റെ ഉത്തരവാദിത്വം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുന്നതായി അസിസ്റ്റന്റ് പൊലിസ് സൂപ്രണ്ട് ഗോപിനാഥ് കാന്‍ജിലാല്‍ പറഞ്ഞു.
അതിനിടെ, പൊലിസ് നടത്തിയ റെയ്ഡിനിടയില്‍ മൂന്നു തീവ്രവാദികളെ കൊലപ്പെടുത്തി. നിരോധിത ബംഗ്ലാദേശ് ജമാഅത്തുല്‍ മുജാഹിദീന്റെ രണ്ടു പ്രവര്‍ത്തകരെ ധാക്കയില്‍ വച്ചാണു പൊലിസ് കൊന്നത്.
റെയ്ഡിനിടയില്‍ തിരിച്ചറിയാനാകാത്ത ഒരാള്‍ പൊലിസിനു നേരെ വെടിവയ്ക്കുകയായിരുന്നുവെന്ന് പൊലിസ് പറഞ്ഞു. മറ്റൊരു സംഭവത്തില്‍ പടിഞ്ഞാറന്‍ റഷാഗി ജില്ലയില്‍ വച്ച് ഒരു തീവ്രവാദിയെ പൊലിസ് കൊലപ്പെടുത്തി. അടുത്തിടെ നടന്ന അഹ്മദിയ്യാ മസ്ജിദ് ബോംബ് സ്‌ഫോടനവുമായി ബന്ധമുള്ളയാളാണ് ഇയാളെന്ന് പൊലിസ് അവകാശപ്പെട്ടു. ഏതാനും മാസങ്ങളായി ബംഗ്ലാദേശില്‍ ന്യൂനപക്ഷങ്ങള്‍ക്കും എഴുത്തുകാര്‍ക്കും വിദേശികള്‍ക്കുമെതിരേ തീവ്രവാദി വിഭാഗങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്ന അക്രമങ്ങളുടെ തുടര്‍ച്ചയാണു ഹിന്ദു പുരോഹിതന്റെ കൊലപാതകമെന്നാണു കരുതുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."