ഡാം മേഖലയിലെ ക്ഷേത്രം പൊളിക്കാനെത്തിയ ആമീനെ വിശ്വാസികള്‍ തടഞ്ഞു
കട്ടപ്പന: ഇടുക്കി ഡാം മേഖലയില്‍ സ്ഥിതി ചെയ്യുന്ന പുരാതന ശ്രീധര്‍മ്മ ശാസ്താ ക്ഷേത്രം പൊളിച്ചു നീക്കാനുള്ള കോടതി ഉത്തരവുമായെത്തിയ ആമീനെ ക്ഷേത്രം വിശ്വാസികള്‍ തടഞ്ഞ് മടക്കി അയച്ചു. കെ.എസ്.ഇ.ബി യുടെ അധീനതയിലുള്ള പദ്ധതിപ്രദേശം കൈയേറിയെന്നാരോപിച്ച് വൈദ്യുതി വകുപ്പ് കോടതിയെ സമീപിച്ചിരുന്നു. ഈ പരാതിയിലാണ് കട്ടപ്പന സബ് കോടതി ക്ഷേത്രം പൊളിച്ചുനീക്കാന്‍ ഉത്തരവിട്ടത്.
2015 നവംബര്‍ മാസത്തിലാണ് കോടതി കേസ് ക്ഷേത്രത്തിനെതിരായി വിധിച്ചത്. വിധി നടപ്പിലാക്കാന്‍ കഴിഞ്ഞ നാലിന് കോടതി ഉത്തരവായി. തുടര്‍ന്ന് കോടതി വിധി നടപ്പാക്കാന്‍ വന്ന ആമീന്‍ നോബിയെ വിശ്വാസികളും ക്ഷേത്രം ഭാരവാഹികളും വിശ്വഹിന്ദുപരിഷത്ത് പ്രവര്‍ത്തകരും ചേര്‍ന്ന് തടയുകയും തിരിച്ചയക്കുകയുമായിരുന്നു. സ്ഥലത്ത് സംഘര്‍ഷാവസ്ഥ നിലനിന്നിരുന്നു. വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ എത്താതിരുന്നത് സംഘര്‍ഷം ഒഴിവാക്കി.
സ്ത്രീകളും കുട്ടികളുമടങ്ങുന്ന നൂറുകണക്കിന് വിശ്വാസികളാണ് ആമീനെ തടഞ്ഞത്. വിശ്വഹിന്ദുപരിഷത്ത് ജില്ലാ പ്രസിഡന്റ് ഒ.കെ. സജയന്‍, വൈസ് പ്രസിഡന്റ് കെ.എന്‍. രാജേന്ദ്രന്‍, ആര്‍.എസ്.എസ് ജില്ലാകാര്യവാഹക് അലജിത്ത്, തപസ്യന്‍ ശശി, വി.വി. മനോജ്കുമാര്‍, എം.എല്‍. മോഹനന്‍, ഗോപിനാഥപിള്ള, പി.എന്‍. വിനോദ്, രാജേഷ് പുലിയാത്തോട്ടം എന്നിവരുടെ നേതൃത്വത്തിലാണ് ആമീനെ തടഞ്ഞത്.
ക്ഷേത്രം പൊളിച്ചുനീക്കാന്‍ പോകുന്നുവെന്ന വാര്‍ത്ത രാത്രി തന്നെ പരന്നിരുന്നു. ഇതോടെ ക്ഷേത്രത്തിന് കാവലായി ഭക്തജനങ്ങള്‍ അണിനിരന്നു. നേരം പുലരുവോളം ക്ഷേത്രമുറ്റത്ത് നിന്ന ഭക്തജനങ്ങള്‍ 11 മണിയോടെയെത്തിയ ആമീനെ തടയുകയായിരുന്നു. ഇതുസംബന്ധിച്ച് റിപ്പോര്‍ട്ട് ഇന്ന് ആമീന്‍ കോടതിയില്‍ സമര്‍പ്പിക്കും. ഉത്തരവ് നടപ്പിലാക്കാന്‍ പൊലിസ് സംരക്ഷണത്തോടെ വീണ്ടുമെത്തുമെന്നാണ് സൂചന. അതിനാല്‍ വിശ്വാസികളുടെയും വിശ്വഹിന്ദു പരിഷത്തിന്റെയും നേതൃത്വത്തില്‍ ഹൈക്കോടതിയില്‍ സ്റ്റേയ്ക്കായി ശ്രമം ആരംഭിച്ചു. ഹൈക്കോടതിയിലാണ് ആദ്യം വൈദ്യുതി വകുപ്പ് സ്ഥലം ഒഴിപ്പിക്കാനും ക്ഷേത്രമിരിക്കുന്ന സ്ഥലം വിട്ടുകിട്ടാനും വിശ്വഹിന്ദുപരിഷത്തും ഹര്‍ജി നല്‍കിയത്. കോടതി ഇത് തള്ളി കട്ടപ്പന കോടതിയില്‍ ഹര്‍ജി നല്‍കാന്‍ നിര്‍ദേശിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."