ജീവന്‍ പണയപ്പെടുത്തി കൊടുംവനത്തില്‍ 20 മണിക്കൂര്‍; തീകൂനയിട്ടത് രക്ഷയായി
രാജപുരം: റാണിപുരം ടൂറിസ്റ്റ് കേന്ദ്രം കാണാന്‍പോയ മൂന്നു യുവാക്കള്‍ കൊടുംകാട്ടില്‍ അലഞ്ഞത് 20 മണിക്കൂര്‍. ആലമ്പാടി തൗഫീഖ് മന്‍സിലിലെ ശിഹാബുദ്ദീന്റെ മകന്‍ വി. മുസമ്മില്‍ (21), നീര്‍ച്ചാല്‍ വെളോടി റാഹില മന്‍സിലില്‍ ബഷീറിന്റെ മകന്‍ ബി. ഷരീഫ് (23), ബേള ചീമനടുക്ക ഇബ്രാഹിമിന്റെ മകന്‍ മുഹമ്മദ് ഷരീഫ് (24) എന്നിവരാണ് കാട്ടാനകളും പുലികളും വിഹാരം നടത്തുന്ന കൊടുംവനത്തില്‍ ഇവയുടെ കണ്ണില്‍പ്പെടാതെ ജീവന്‍ പണയംവച്ച് ഒരുരാത്രി കഴിഞ്ഞുകൂടിയത്.
തിങ്കളാഴ്ച മൂന്നരയ്ക്കാണ് യുവാക്കള്‍ കാട്ടിലേക്കു പോയത്. അഞ്ചരക്കുള്ളില്‍ തിരിച്ചെത്തണമെന്ന നിര്‍ദേശം വാച്ചര്‍മാര്‍ നല്‍കിയിരുന്നു. എന്നാല്‍ നടന്നുനീങ്ങിയപ്പോള്‍ വഴി മാറി മറ്റൊരു മലയിലേക്ക് കയറിയതിനാല്‍ വഴിമുട്ടുകയായിരുന്നു. അഞ്ചരകഴിഞ്ഞിട്ടും യുവാക്കള്‍ തിരിച്ചെത്താത്തതിനെ തുടര്‍ന്ന്
ഡിവിഷനല്‍ ഫോറസ്റ്റ് ഓഫിസര്‍ ഇംതിയാസ്, ഫോറസ്റ്റ് റെയ്ഞ്ച് ഓഫിസര്‍ സുധീര്‍ നെരോത്ത്, രാജപുരം എസ്.ഐ ഗംഗാധരന്‍ എന്നിവര്‍ നാട്ടുകാരുടെ സഹായത്തോടെ കാട്ടില്‍ തിരച്ചില്‍ ആരംഭിക്കുകയായിരുന്നു. രാത്രി 12 മണിവരെ തിരഞ്ഞെങ്കിലും കണ്ടെത്താനാകാതെ തിരച്ചില്‍ ഇന്നലെ രാവിലെ വീണ്ടും തുടങ്ങി.
ഏഴു മണിയോടെ റാണിപുരം ഓഫിസിന് ഒരു കിലോമീറ്ററോളം അകലെനിന്നും പുക ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ട വനം വകുപ്പ് അധികൃതര്‍ ആ ഭാഗത്തേക്ക് പോയി യുവാക്കളെ രക്ഷപ്പെടുത്തുകയായിരുന്നു.
ടൂറിസ്റ്റ് മേഖലയില്‍നിന്നും അറിയാതെ മാറി സഞ്ചരിച്ചതാണ് ഇവരെ വഴിതെറ്റിച്ചതെന്ന് ഫോറസ്റ്റ് റെയ്ഞ്ച് ഓഫിസര്‍ സുധീര്‍ നെരോത്ത് പറഞ്ഞു. നടന്നു മറ്റൊരു മലയുടെ മുകളിലെ പുല്‍മേടിലാണ് ഇവരെത്തിയത്. കനത്ത കോട മഞ്ഞില്‍പ്പെട്ടാണ് വഴി കാണാതിരുന്നത്.
ഇവിടെ പതിവിലും വിപരീതമായി ശക്തമായ കോടയുണ്ടായിരുന്നെന്ന് തിരച്ചിലില്‍ പങ്കെടുത്ത പൗരസംരക്ഷണ സമിതി മുന്‍ പ്രസിഡന്റ് എസ്. മധുസൂദനന്‍ പറഞ്ഞു. തണുപ്പിനെ പ്രതിരോധിക്കാനാണ് ഏറെ പണിപ്പെട്ട് തീക്കൂനയുണ്ടാക്കിയത്. ഇത് രക്ഷപ്പെടാനുള്ള വഴി തുറക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."