കൊടുമ്പ് ചാത്തന്‍ചിറ നവീകരണ പദ്ധതികള്‍ സ്തംഭിച്ചിട്ട് നാലു മാസം
വടക്കാഞ്ചേരി: എരുമപ്പെട്ടി - വടക്കാഞ്ചേരി പഞ്ചായത്തുകളിലായി വ്യാപിച്ച് കിടക്കുന്ന കൊടുമ്പ് ചാത്തന്‍ചിറ മിനി ഡാം നവീകരണ പദ്ധതികള്‍ സ്തംഭിച്ച് കിടക്കാന്‍ തുടങ്ങിയിട്ട് നാല് മാസം. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കെതിരേ ഒരു വിഭാഗം നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തിയതാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ സ്തംഭിക്കുന്നതിന് വഴിവെച്ചത്. കയ്യേറ്റങ്ങള്‍ ഒഴിപ്പിച്ചെടുക്കുന്നതില്‍ അധികൃതര്‍ പരാജയപ്പെട്ടുവെന്നാരോപിച്ചാണ് ഒരു വിഭാഗം ജനങ്ങള്‍ പ്രക്ഷോഭത്തിന് നേതൃത്വം നല്‍കിയത്.
ജനങ്ങള്‍ക്ക് താല്‍പര്യമില്ലെങ്കില്‍ പദ്ധതിയുമായി മുന്നോട്ടില്ലെന്ന് നിര്‍മാണ ചുമതലുള്ള കെ.എല്‍.ഡി.സി അധികൃതരും പ്രഖ്യാപിച്ചതോടെ പണിയെല്ലാം നിര്‍ത്തിവെക്കുകയായിരുന്നു. സഹസ്ര സരോവര്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഈ മിനി ഡാമിന്റെ നവീകരണത്തിന് രണ്ട് കോടി രൂപ അനുവദിച്ചിരുന്നു. സ്ഥലം അളന്ന് തിട്ടപ്പെടുത്തി നല്‍കാത്തതിനാല്‍ ഏറെ കാലത്തെ അനിശ്ചിതത്വത്തിന് ശേഷമാണ് പ്രവര്‍ത്തനം ആരംഭിച്ചത്. നബാര്‍ഡിന്റെ സാമ്പത്തിക സഹായത്തോടെ നടക്കുന്ന ഈ പവര്‍ത്തനങ്ങള്‍ കെ.എല്‍.ഡി.സിയാണ് ഏറ്റെടുത്ത് നടത്തുന്നത്. ഇതിന്റെ ഭാഗമായി ഇവര്‍ സ്ഥലം സന്ദര്‍ശിക്കുകയും സ്ഥിതി വിലയിരുത്തുകയും ചെയ്തിരുന്നു. എന്നാല്‍ ഡാമിന്റെ വടക്കാഞ്ചേരി പഞ്ചായത്ത് പ്രദേശത്തെ സ്ഥലങ്ങള്‍ ചില സ്വകാര്യ വ്യക്തികള്‍ കയ്യേറി കൃഷിയിറക്കുകയും കൈവശം വെക്കുകയും ചെയ്യുന്നത് ശ്രദ്ധയില്‍ പെട്ടതോടെ കയ്യേറ്റങ്ങള്‍ ഒഴിപ്പിച്ച് നല്‍കണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്തിന് കത്ത് നല്‍കുകയും ചെയ്തു.
ഇത് പ്രകാരം പഞ്ചായത്ത് ഭരണസമിതി താലൂക്ക് സര്‍വേയറുടെ സഹായത്തോടെ സര്‍വേ നടത്തി. എന്നാല്‍ ഈ സര്‍വേയില്‍ വ്യാപക പരാതികളുയരുകയും സര്‍വേ സൂപ്രണ്ട് റിപ്പോര്‍ട്ട് പഞ്ചായത്തിന് നല്‍കാതെ പിടിച്ച്‌വെക്കുകയും ചെയ്തിരിരുന്നു. നിരവധി തവണ കത്ത് നല്‍കിയിട്ടും ഒരു നടപടിയും ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് ഉണ്ടാകാതിരുന്നത് വലിയ പ്രതിഷേധത്തിനും വഴി വെച്ചിരുന്നു.
അന്നത്തെ പഞ്ചായത്ത് പ്രസിഡന്റായിരുന്ന സിന്ധു സുബ്രഹ്മണ്യന്‍ നടത്തിയ ഇടപെടലാണ് ഒടുവില്‍ പ്രതിസന്ധി പരിഹരിക്കുന്നതിന് വഴിവെച്ചത്. കാര്‍ഷിക മേഖലയുടെ ഊന്നല്‍ ലക്ഷ്യമിട്ടാണ് ഡാമിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍. കയ്യേറ്റങ്ങള്‍ ഒഴിപ്പിച്ച് ഡാമിന്റെ ആഴവും, വീതിയും കൂട്ടി കൂടുതല്‍ ജലം സംഭരിക്കുക, ഇക്കോ ടൂറിസം പദ്ധതിയുടെ ഭാഗമായി ഡാമിന്റെ അതിരുകള്‍ കെട്ടി സംരക്ഷിക്കുക, കേരള ഫോറസ്റ്റ് റിസേര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സഹകരണത്തോടെ വിവിധ വിഭാഗത്തില്‍പെട്ട 84 ഇനം മുള വൈവിധ്യങ്ങള്‍ വെച്ച് പിടിപ്പിക്കുക, നടപ്പാത നിര്‍മിച്ച് വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുക തുടങ്ങിയ പദ്ധതികളാണ് ഇപ്പോള്‍ നടപ്പിലാക്കുന്നത്.
യുദ്ധകാലാടിസ്ഥാനത്തില്‍ പണി പൂര്‍ത്തീകരിക്കുന്നതിനുള്ള ശ്രമങ്ങള്‍ നടന്ന് വരുന്നതിനിടയിലാണ് നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ സുതാര്യതയും, വ്യക്തതയും വേണമെന്ന് ആവശ്യപ്പെട്ട് ഒരു വിഭാഗം നാട്ടുകാര്‍ രംഗത്തെത്തിയത്. പ്രവര്‍ത്തനങ്ങളുടെ വിശദമായ രേഖ പരിശോധനക്ക് നല്‍കണമെന്നും ജനങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. പ്രക്ഷോഭത്തിന്റെ ഭാഗമായി ചാത്തന്‍ചിറ സംരക്ഷണ സമിതിക്കും രൂപം നല്‍കി.
പ്രവര്‍ത്തനം തടസപ്പെട്ടതോടെ കെ.എല്‍.ഡി.സി അധികൃതര്‍ സ്ഥലം വിട്ടു. നവീകരണ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ജലാശയത്തില്‍ നിന്ന് മണ്ണ്മാന്തി യന്ത്രമുപയോഗിച്ച് കോരിയെടുത്ത ലോഡ് കണക്കിന് മണ്ണ് ഡാം പരിസരത്ത് കൂട്ടിയിട്ടിരിക്കുകയാണ്. മഴ കനക്കുന്നതോടെ ഇതൊന്നാകെ കുത്തിയൊലിച്ച് ഡാമിന് താഴെയുള്ള സ്ഥലങ്ങളിലെത്തുമെന്നും ഏക്കര്‍ കണക്കിന് സ്ഥലത്തെ കൃഷി നശിക്കുമെന്ന ഭീതിയും കനക്കുകയാണ്.
കളിമണ്ണിന് സമാനമായ മികച്ച മണ്ണൊക്കെ മണ്ണ് കടത്തുകാര്‍ കടത്തിയതായും നാട്ടുകാര്‍ പറയുന്നു. ഡാമിന്റെ അരിക് വശങ്ങളെല്ലാം ഇടിച്ചിറക്കി മണ്ണെടുത്തതോടെ ഡാമില്‍ ഇറങ്ങി കുളിക്കാനോ വസ്ത്രങ്ങള്‍ അലക്കുന്നതിനോ കഴിയാത്ത അവസ്ഥയുമുണ്ട്. ജലം സംഭരിച്ച് നിര്‍ത്താന്‍ കഴിയാതായതോടെ വരുന്ന വേനല്‍ കാലത്ത് മേഖല അതിരൂക്ഷമായ കുടിവെള്ള ക്ഷാമത്തിന്റെ പിടിയിലമരുമെന്ന ആശങ്കയും ശക്തമാണ്.
അനുവദിച്ച 2 കോടി രൂപക്ക് 2016 വരെ മാത്രമാണ് കാലാവധിയുള്ളത്. ഇതിന് മുന്‍പ് നിര്‍മാണം പൂര്‍ത്തിയാക്കാനായില്ലെങ്കില്‍ പണി പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടി വരുമെന്ന് കെ.എല്‍.ഡി.സി ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഈ കാലയളവിനുള്ളില്‍ പണി പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയും അസ്തമിക്കുകയാണ്.
അതു കൊണ്ടു തന്നെ അധികൃതരുടെ ശക്തമായ ഇടപെടല്‍ അനിവാര്യമാണെന്ന ആവശ്യവും ശക്തമാവുകയാണ്. ജനങ്ങളുടെ ക്ഷേമം ഉറപ്പ് വരുത്താന്‍ ആവിഷ്‌കരിച്ച പദ്ധതി ജനങ്ങള്‍ക്ക് വലിയ ദുരിതമാകുന്നുവെന്നതാണ് സ്ഥിതി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."