മുല്ലപ്പെരിയാര്‍; സര്‍വകക്ഷിയോഗം ഉടന്‍ വേണമെന്ന് യു.ഡി.എഫ്
തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ അണക്കെട്ട് സംബന്ധിച്ച് മുഖ്യമന്ത്രിയുടെ പ്രസ്താവന സൃഷ്ടിച്ച ആശയക്കുഴപ്പങ്ങള്‍ അകറ്റാന്‍ അടിയന്തരമായി സര്‍വകക്ഷിയോഗം വിളിക്കണമെന്ന് യു.ഡി.എഫ് യോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് വേണമെന്നാണ് സര്‍ക്കാരിന്റെ അഭിപ്രായമെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു. എന്നാല്‍ മുല്ലപ്പെരിയാറില്‍ ഇപ്പോഴുള്ള അണക്കെട്ട് സുരക്ഷിതമാണെന്ന പ്രസ്താവന പിന്‍വലിക്കാന്‍ മുഖ്യമന്ത്രി തയാറായിട്ടില്ലെന്നും യു.ഡി.എഫ് യോഗതീരുമാനങ്ങള്‍ വിശദീകരിച്ച് രമേശ് ചെന്നിത്തല പറഞ്ഞു. ജലനിരപ്പ് ഉയര്‍ത്തണമെന്ന തമിഴ്‌നാട് സര്‍ക്കാരിന്റെ വാദം സുപ്രിം കോടതിയില്‍ നിലനില്‍ക്കുന്നു. അതിനാല്‍ മുഖ്യമന്ത്രിയുടെ പ്രസ്താവന കോടതി നടപടികളില്‍ തമിഴ്‌നാടിന് അനുകൂലമായ സ്ഥിതിവിശേഷമാണ് ഉണ്ടാക്കിയിരിക്കുന്നത്. അതിനാല്‍ സര്‍വകക്ഷിയോഗം ഉടന്‍വിളിച്ച് ആശങ്കകള്‍ മാറ്റാനുള്ള നടപടികള്‍ കൈക്കൊള്ളണം. തമിഴ്‌നാടുമായി സൗഹൃദ ബന്ധത്തില്‍ത്തന്നെ കഴിയണം. കേരളത്തിന് സുരക്ഷ തമിഴ്‌നാടിന് ജലം എന്ന നിലപാടില്‍ യു.ഡി.എഫ് ഉറച്ചു നില്‍ക്കുമെന്നും ചെന്നിത്തല പറഞ്ഞു.
തെരഞ്ഞെടുപ്പ് പരാജയത്തെ സംബന്ധിച്ച് യു.ഡി.എഫില്‍ വിശദമായ ചര്‍ച്ച അടുത്ത മാസം ആദ്യവാരമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. അതിനു മുന്‍പായി മണ്ഡലം,ജില്ലാതലങ്ങളിലെ വിലയിരുത്തലുണ്ടാകും. സി.പി.എമ്മും ബി.ജെ.പിയും വ്യാപകമായ തോതില്‍ വര്‍ഗീയധ്രുവീകരണം നടത്തിയതായും യു.ഡി.എഫ് വിലയിരുത്തി. തെരഞ്ഞെടുപ്പിന് ശേഷം സംസ്ഥാനത്ത് യു.ഡി.എഫ് പ്രവര്‍ത്തകര്‍ക്ക് നേരേ വ്യാപകമായ ആക്രമണങ്ങള്‍ നടക്കുകയാണ്. പൊലിസ് നിഷ്‌ക്രിയത്വം പാലിക്കുന്നു. അക്രമങ്ങള്‍ക്ക് അറുതി വരുത്താന്‍ സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. ജിഷ വധക്കേസില്‍ 48 മണിക്കൂറിനകം പ്രതികളെ പിടി കൂടുമെന്ന് പറഞ്ഞവര്‍ക്ക് ഇപ്പോള്‍ എന്തു മറുപടിയുണ്ടെന്നും. രൂക്ഷമായ വിലക്കയറ്റം തടയാന്‍ സര്‍ക്കാര്‍ യാതൊരു നടപടിയും എടുക്കുന്നില്ലെന്നും ചെന്നിത്തല ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."