പ്രകൃതിയുടെ സുന്ദരക്കാഴ്ചകളൊരുക്കി സയ്യിദ് ആബിദ് തങ്ങള്‍
കോഴിക്കോട്: സയ്യിദ് ആബിദ് തങ്ങള്‍ക്ക് ബാല്യത്തിന്റെ സൗന്ദര്യമായിരുന്നു പ്രകൃതി. ഹരിതാഭയുടെ പ്രതീകങ്ങളായ വയലേലകളും വൃക്ഷലതാദികളുമെല്ലാം ആബിദിന്റെ കൊച്ചു മനസിലുണ്ടായിരുന്നു. സ്‌കൂള്‍ പഠന കാലത്ത് താന്‍ കണ്ട പ്രകൃതിയെ ആബിദ് ആദ്യം കടലാസിലാക്കി. പെന്‍സില്‍ കൊണ്ടുള്ള വരകള്‍ക്ക് വിട്ടീല്‍ നിന്നു പിന്തുണ ലഭിച്ചപ്പോള്‍ പിന്നെ കളര്‍ പെന്‍സിലുകളുടെ ലോകത്തേക്ക്. തുടര്‍ന്നു കാന്‍വാസുകളുടെ വര്‍ണ ലോകത്ത് വിസ്മയ കാഴ്ചകളുമായി ആബിദിന്റെ ചിത്രങ്ങളുടെ എണ്ണം വളര്‍ന്നപ്പോള്‍ പ്രോത്സാഹനവും വര്‍ധിച്ചു. ഒടുവില്‍ ഇതുവരെ താന്‍ വരച്ച മുപ്പത്തിയഞ്ചോളം ചിത്രങ്ങള്‍ എല്ലാവരിലുമെത്തിക്കാന്‍ ആബിദ് തീരുമാനിക്കുകയായിരുന്നു.
'ഫിംഗര്‍ പ്രിന്റ്‌സ് ' എന്ന പേരില്‍ ആബിദ് ആരംഭിച്ച ചിത്രപ്രദര്‍ശനം ഇന്നലെ ലളിതകലാ അക്കാദമി ആര്‍ട്ട് ഗാലറിയില്‍ ആരംഭിച്ചു. കാലിക്കറ്റ് പ്രസ്‌ക്ലബ് പ്രസിഡന്റ് കമാല്‍ വരദൂര്‍ ഉദ്ഘാടനം ചെയ്തു. പ്രകൃതിയുടെ സുന്ദരമായ കാഴ്ചകള്‍ അതേപടി പകര്‍ത്താനും അതുവഴി ബാല്യത്തിന്റെ സുന്ദരമായ സ്മരണകളെ നിലനിര്‍ത്താനും ആബിദിന് കഴിഞ്ഞിട്ടുണ്ടെന്ന് കമാല്‍ പറഞ്ഞു. ചടങ്ങില്‍ സയ്യിദ് ഹാമിദ്, സയ്യിദ് സാദിഖ്, ഹസന്‍ ഉവൈസ്, സയ്യിദ് ഹാഷിം, സയ്യിദ് ആദില്‍, താഹാ ജുനൈദ്, റാഫി, അലി അക്ബര്‍ സംസാരിച്ചു.
അബുദാബിയില്‍ ജനിച്ച ആബിദ് ഹൈദരാബാദിലെ നിസാമിയ്യ സര്‍വകലാശാലയിലാണ് ഉപരിപഠനം നടത്തിയത്. ഇപ്പോള്‍ മലപ്പുറം മഞ്ചേരിയിലാണ് താമസം. വരയുടെ ലോകത്ത് സജീവമാകാനും പ്രകൃതിയുടെ മനോഹര രൂപങ്ങള്‍ക്ക് ജീവന്‍ പകരാനുമാണ് ആബിദിന് താല്‍പര്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."