മിന്നലില്‍ ബേപ്പൂര്‍, ഫറോക്ക് മേഖലകളില്‍ വ്യാപക നാശനഷ്ടം
ഫറോക്ക്: ശക്തമായ മിന്നലില്‍ ബേപ്പൂര്‍, ഫറോക്ക് മേഖലകളില്‍ വ്യാപക നാശനഷ്ടം. വീട്ടമ്മക്കും മകള്‍ക്കും പരുക്കേല്‍ക്കുകയും നിരവധി വീടുകള്‍ക്ക് തകരാറ് സംഭവിക്കുകയും ചെയ്തു.
വീടുകളിലെ വൈദ്യുതി ലൈനുകള്‍ പൂര്‍ണമായും തകരുകയും ഇലക്ട്രിക്ക്, ഇലക്ട്രോണിക്‌സ് ഉപകരണങ്ങള്‍ നശിച്ചു. പല വീടുകളുടെയും ചുമരുകള്‍ക്കും മറ്റും കേടുപാടു സംഭവിച്ചു. ലക്ഷങ്ങളുടെ നഷ്ടമാണ് സംഭവിച്ചിട്ടുള്ളത്.
ബുധനാഴ്ച പുലര്‍ച്ചെയും ഉച്ചക്ക് പന്ത്രണ്ടരയോടെയും കനത്ത മഴക്കിടെ ഉണ്ടായ ഇടിമിന്നലിലാണ് നാശനഷ്ടങ്ങളുണ്ടായത്. നടുവട്ടം തോണിച്ചിറ റോഡില്‍ ബിസ്്മില്ല ഹൗസില്‍ അസ്സന്‍കോയയുടെ ഭാര്യ സുഹറാബി (55), മകള്‍ സൈഫുന്നീസ (37) എന്നിവര്‍ക്കാണ് മിന്നലില്‍ പരുക്കേറ്റത്. ഇവരില്‍ സാരമായി പരുക്കേറ്റ സുഹറാബിയെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇരുവരും വീടിനു ടറസ്സിനു മുകളില്‍ അലക്കിയ വസ്ത്രങ്ങളിടാനുള്ള ശ്രമത്തിനിടെയാണ് അപകടം. പന്ത്രണ്ടരയോടെയുണ്ടായ ഇടിമിന്നലില്‍ സുഹറാബിയുടെ കൈക്കു സാരമായി പൊള്ളലേല്‍ക്കുകയും തെറിച്ചു വീണതിനാല്‍ കാലിനും പരുക്കുപറ്റി. മിന്നലിന്റെ ശക്തിയില്‍ ഇവരുടെ വീടിന്റെ ഭിത്തികള്‍ അടരുകയും വാതില്‍ തകരുകയും ചെയ്തു. വൈദ്യുതി ലൈനുകളും പൂര്‍ണമായും തകര്‍ന്നു.
ഫറോക്ക് ചന്ത ചെറാഞ്ചേരി പറമ്പില്‍ ബുധനാഴ്ച പുലര്‍ച്ചെ 5.45ടെയുണ്ടായ ഇടിമിന്നലാണ് കനത്ത നാശം വിതച്ചത്.
ഇവിടെ എരഞ്ഞിക്കല്‍ സുല്‍ഫിക്കറിന്റെ വീടിലെ വൈദ്യുതി ലൈന്‍ പൂര്‍ണമായും നശിക്കുകയും വീടിന്റെ പലഭാഗത്തായി കോണ്‍ക്രീറ്റുള്‍പ്പടെ ദൂരെക്കു തെറിച്ചുപോവുകയും ചെയ്തിട്ടുണ്ട്. ഒരു തെങ്ങും മിന്നലേറ്റ് നശിച്ചു. സീലിങ് ഫാനും ഇലക്ട്രിക്ക് ഉപകരണങ്ങളും കത്തി നശിച്ചു.
സമീപത്തെ കൊട്ടിലിങ്ങല്‍ കോയക്കുട്ടിയുടെ വീട്ടിലും സമാന രീതിയിലുള്ള നാശമാണ് മിന്നല്‍ വിതച്ചത്. ഇവിടെയും വൈദ്യതി ലൈന്‍ കത്തിനശിക്കുകയും ഫ്രിഡ്ജുള്‍പ്പടെയുള്ള അടുക്കള ഉപകരണങ്ങള്‍ കത്തിനശിച്ചു. കിടപ്പുമുറികളില്‍ മൊബൈല്‍ ചാര്‍ജറുകള്‍ കത്തി തെറിച്ച നിലയിലായിരുന്നു. വീടിന്റെ ചുമരുകള്‍ക്ക് പലഭാഗത്തും കേടുപാടു പറ്റിയിട്ടുണ്ട്.
തൊട്ടടുത്ത വീടായ മുഹമ്മദ് അസ്്‌ലമിന്റെ അമീന്‍ കോട്ടേജില്‍ മൂന്ന് ഫാനുകള്‍ കത്തിനശിച്ചു. ചെറിയമ്പാടന്‍ മുഹമ്മദിന്റെ വീട്ടിലും വൈദ്യുതി ലൈനും സ്വിച്ചും ബോര്‍ഡുകളും തകര്‍ന്നു. ഇതിനു പുറമെ ബേപ്പൂര്‍ ഫറോക്ക് മേഖലകളില്‍ നിരവധി വീടുകള്‍ക്ക് നാശനഷ്ടങ്ങളുണ്ടായതയാണ് വിവരം.
മിക്ക വീടുകളിലും കിടപ്പമുറികളിലെ വൈദ്യുതി ലൈനുകളും തകരാറുകയും കത്തി നശിച്ചെങ്കിലും തലനാരിഴക്കാണ് ആളുകള്‍ പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."