വിവാദങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കുമിടയില്‍ വടകരയില്‍ ഇന്നുമുതല്‍ ട്രാഫിക് പരിഷ്‌കരണം
വടകര: മാര്‍ക്കറ്റ് റോഡ്, അഞ്ചു വിളക്ക് ജങ്ഷന്‍ എന്നിവിടങ്ങളിലെ ഗതാഗത തടസം ഒഴിവാക്കുന്നതിനായി ഇന്ന് മുതല്‍ പുതിയ ട്രാഫിക് പരിഷ്‌കരണം ഏര്‍പ്പെടുത്തിയതായി ഡിവൈ.എസ്.പി എ.പി ചന്ദ്രന്‍ അറിയിച്ചു.
നഗരസഭാ ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി തീരുമാന പ്രകാരമാണ് പുതിയ ട്രാഫിക് പരിഷ്‌കരണം ഏര്‍പ്പെടുത്തുന്നത്. നഗരസഭാ ചെയര്‍മാന്‍ കെ. ശ്രീധരന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ട്രേഡ് യൂനിയന്‍, വ്യാപാരി വ്യവസായി, ആര്‍.ടി.ഒ, പൊലിസ് പ്രതിനിധികളുടെ യോഗത്തില്‍ എടുത്ത തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ ദിവസം ചേര്‍ന്ന ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി തീരുമാനം കൈക്കൊണ്ടത്. പേരാമ്പ്ര-മേപ്പയൂര്‍, പയ്യോളി വഴി വടകരയില്‍ എത്തുന്ന ബസുകള്‍ ദേശീയ പാതയില്‍ നിന്നും ലിങ്ക് റോഡിലേക്ക് പ്രവേശിച്ച് ലിങ്ക് റോഡില്‍ സ്ഥാപിച്ച ബസ് സ്റ്റോപ്പില്‍ നിന്നും യാത്രക്കാരെ കയറ്റി എടോടി വഴി പുതിയ ബസ് സ്റ്റാന്‍ഡ് വഴി സര്‍വിസ് നടത്തണം. ദേശീയ പാതയില്‍ നിന്ന് മാത്രമേ മുഴുവന്‍ വാഹനങ്ങള്‍ക്കും ലിങ്ക് റോഡിലേക്ക് പ്രവേശനം ഉണ്ടാകുകയുള്ളൂ. പഴയ ബസ് സ്റ്റാന്‍ഡ് ഭാഗത്തു നിന്നും ദേശീയ പാതയിലേക്ക് പോകേണ്ട ചെറു വാഹനങ്ങള്‍ ഭഗവതി കോട്ടക്കല്‍ ക്ഷേത്രത്തിനു മുന്‍ വശത്തുള്ള റോഡിലൂടെ കേളുവേട്ടന്‍ സ്മാരക മന്ദിരത്തിന്റെ വടക്കു വശം റോഡില്‍ കൂടി പാര്‍ക്ക് റോഡില്‍ പ്രവേശിച്ച് ദേശീയ പാതയിലേക്ക് കടക്കണം.
ദേശീയ പാതയില്‍ നിന്നും പാര്‍ക്ക് റോഡിലേക്ക് വാഹനങ്ങള്‍ക്ക് പ്രവേശനം ഉണ്ടായിരിക്കുന്നതല്ല. പകരം റെയില്‍വേ സ്റ്റേഷന്‍ ഭാഗത്തേക്കുള്ള വാഹനങ്ങള്‍ ലിങ്ക് റോഡ് വഴി പോകേണ്ടതാണ്. ലിങ്ക് റോഡില്‍ നിന്നും പഴയ ബസ് സ്റ്റാന്‍ഡ് ഭാഗത്തേക്ക് പ്രവേശനം ഉണ്ടായിരിക്കുന്നതല്ല. മാര്‍ക്കറ്റ് റോഡില്‍ ഒരേ സമയം മൂന്ന് ചരക്ക് ലോറികള്‍ക്ക് മാത്രമേ കയറ്റിറക്ക് പാടുള്ളൂ.
കടകളില്‍ സാധനങ്ങള്‍ വാങ്ങാന്‍ വരുന്ന വാഹനങ്ങള്‍ പത്തു മിനുറ്റില്‍ കൂടുതല്‍ പാര്‍ക്ക് ചെയ്യാന്‍ പാടില്ല. മറ്റു വാഹനങ്ങള്‍ക്ക് മാര്‍ക്കറ്റ് റോഡില്‍ പാര്‍ക്കിങ് അനുവദിക്കുന്നതല്ല. കേരളാ കൊയര്‍ റോഡില്‍ പാര്‍ക്കിങ്ങ് പാടെ നിരോധിച്ചു. കേരളാ കൊയര്‍ റോഡില്‍ നിന്നും പുറത്തേക്ക് പോകേണ്ട വാഹനങ്ങള്‍ മാര്‍ക്കറ്റ് റോഡിലേക്ക് കയറാതെ കോണ്‍വെന്റ് റോഡിലേക്ക് കയറണം. ബി.എസ്.എന്‍.എല്‍ റോഡില്‍ നിന്നും പുറത്തേക്ക് പോകേണ്ട വാഹനങ്ങള്‍ മാര്‍ക്കറ്റ് റോഡിലേക്ക് കയറാതെ ചോളംവയല്‍ വഴി ദേശീയ പാതയിലേക്കും ജെ.ടി റോഡിലേക്കും പോകണം. കാലത്ത് എട്ടിന് ശേഷവും വൈകീട്ട് ആറിന് മുന്‍പും മാര്‍ക്കറ്റ് റോഡിലെ ഹോട്ടലുകളിലും മറ്റും ടാങ്കറില്‍ ശുദ്ധ ജലം ഇറക്കാന്‍ അനുവദിക്കുന്നതല്ല. അഞ്ചു വിളക്ക് ജങ്ഷന്‍ മുതല്‍ ലിങ്ക് റോഡ് ജങ്ഷന്‍ വരെ ഒരു വാഹനവും ആളുകളെ ഇറക്കുകയോ കയറ്റുകയോ ചെയ്യരുത്.
ബസുകളുടെ ട്രാഫിക് പരിഷ്‌ക്കരണം പരീക്ഷണാടിസ്ഥാനാലാണ്. ബസ് യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാകുന്ന സാഹചര്യം ഉണ്ടായാല്‍ തീരുമാനം പുനഃ പരിശോധിക്കാനും സാധ്യതയുണ്ട്. അതേ സമയം പുതിയ ട്രാഫിക് പരിഷ്‌കരണത്തിനെതിരേ വടകര-പയ്യോളി-പേരാമ്പ്ര റൂട്ടിലെ ഒരു വിഭാഗം ബസുകള്‍ ഇന്ന് മുതല്‍ ഓട്ടം നിര്‍ത്തിവെക്കാനും തീരുമാനിച്ചത് യാത്രാ ക്ലേശം രൂക്ഷമാകാനും സാധ്യതയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."