നാളെയുടെ സ്വപ്നങ്ങള്‍; ഐ.ടി നഗരമാകാന്‍ കോഴിക്കോട്
പ്രതീക്ഷ രാജ്യത്തെ ആദ്യ മൊബൈല്‍ ആപ്ലിക്കേഷന്‍ ഇന്‍ക്യുബേറ്റര്‍ സെന്റര്‍
കോഴിക്കോട്: 2019ല്‍ കോഴിക്കോട് കുതിപ്പ് സ്വപ്നം കാണുന്നത് ഐ.ടി മേഖലയിലാണ്. തിരുവനന്തപുരത്തിനും എറണാകുളത്തിനും പിന്നാലെ കേരളത്തിലെ മൂന്നാമത്തെ ഐ.ടി കേന്ദ്രമാകാനാണ് കോഴിക്കോട് ഒരുങ്ങുന്നത്. ഐ.ടി കുതിപ്പിനായുള്ള എല്ലാ അടിസ്ഥാന സൗകര്യങ്ങളും കോഴിക്കോട്ടെ സൈബര്‍ പാര്‍ക്കില്‍ ഒരുങ്ങിക്കഴിഞ്ഞു. ഇപ്പോള്‍ തന്നെ 85 ഓളം കമ്പനികള്‍ സര്‍ക്കാര്‍ സൈബര്‍ പാര്‍ക്കിലും ഊരാളുങ്കല്‍ സൈബര്‍ പാര്‍ക്കിലുമായി പ്രവര്‍ത്തിക്കുന്നുണ്ട്.
ഏതാണ്ട് 5000 ഓളം പേര്‍ ഇപ്പോള്‍ വിവിധ കമ്പനികളിലായി ജോലി ചെയ്യുന്നു. എന്നാല്‍ എറണാകുളത്തെയും തിരുവനന്തപുരത്തെയും ഐ.ടി മേഖലയുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത് ഏറെ കുറവാണ്. ഇപ്പോഴും മലബാറിലുള്ള നിരവധി ഐ.ടി വിദഗ്ധര്‍ ജന്മനാട് വിട്ട് ബംഗളൂരുവിലും എറണാകുളത്തും തിരുവനന്തപുരത്തുമൊക്കെയാണു ജോലി ചെയ്യുന്നത്. ഇവരെ മലബാറിന്റെ ഐ.ടി തലസ്ഥാനത്തേക്ക് കൊണ്ടുവരാനാണ് കോഴിക്കോട് തയാറെടുക്കുന്നത്. രാജ്യത്തെ ആദ്യത്തെ മൊബൈല്‍ ആപ്ലിക്കേഷന്‍ ഇന്‍ക്യുബേറ്റര്‍ സെന്ററാണ് ഐ.ടി വികസനത്തിന്റെ കുതിപ്പിനായുള്ള കോഴിക്കോടിന്റെ സ്വപ്നപദ്ധതി. മലബാര്‍ മേഖലയിലെ ആദ്യത്തെ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി പാര്‍ക്കായ കോഴിക്കോട് ഗവ. സൈബര്‍ പാര്‍ക്കിന്റെ പ്രഥമ ഐ.ടി കെട്ടിടം 'സഹ്യ' ഉദ്ഘാടനം ചെയ്ത് കൊണ്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ നല്‍കിയ വാഗ്ദാനമായിരുന്നു ഈ മൊബൈല്‍ ആപ്ലിക്കേഷന്‍ ഇന്‍ക്യുബേറ്റര്‍ സെന്റര്‍.
ലോകനിലവാരത്തിലുള്ള മൊബൈല്‍ ആപ്ലിക്കേഷന്‍ ഉണ്ടാക്കുന്നതിനു സ്റ്റാര്‍ട്ടപ്പ് സംരംഭകര്‍ക്ക് മാര്‍ഗനിര്‍ദേശവും പരിശീലനവും നല്‍കുന്നതിന് ഇന്‍ക്യുബേറ്റര്‍ സെന്റര്‍ സഹായിക്കും. പുതിയ ആപ്ലിക്കേഷനുകള്‍ പരീക്ഷിക്കുന്നതിനും വിജയിക്കുന്ന ആപ്ലിക്കേഷനുകള്‍ ആഗോളതലത്തില്‍ വിപണിയിലെത്തിക്കുന്നതിനും ഐ.എ.എം.എ.ഐയുടെ ഇന്‍ക്യുബേറ്റര്‍ സഹായിക്കും. ഈ വര്‍ഷം തന്നെ ഈ സ്വപ്നം യാഥാര്‍ഥ്യമാകുമെന്നാണ് കരുതുന്നത്.
രാമനാട്ടുകര-തൊണ്ടയാട് ബൈപാസിനോടു ചേര്‍ന്ന് 43.5 ഏക്കറിലെ ഗവ. സൈബര്‍ പാര്‍ക്കില്‍ ഐ.ടി വ്യവസായ വികസനത്തിന് ഉതകുന്ന എല്ലാവിധ അടിസ്ഥാന സൗകര്യങ്ങളോടു കൂടിയ ബിസിനസ് സെന്ററുകള്‍ 'സഹ്യ' യില്‍ ഒരുക്കിയിട്ടുണ്ട്. ഇതുകൂടാതെ ഇവിടെയുള്ള ഊരാളുങ്കല്‍ സൈബര്‍ പാര്‍ക്കില്‍ അഞ്ചു ലക്ഷം ചതുരശ്ര അടി സ്ഥലമാണ് ഐ.ടി കമ്പനികള്‍ക്ക് വേണ്ടി ഒരുക്കിയിട്ടുള്ളത്.
പുതിയ കോരപ്പുഴ പാലം യാഥാര്‍ഥ്യമാകുന്നതും കാത്ത് ...
കോഴിക്കോട്: വര്‍ഷങ്ങള്‍ പഴക്കമുള്ള കോരപ്പുഴ പാലം പൊളിച്ചുപണിയുന്നതു കണ്ടാണ് പുതുവര്‍ഷം പുലരുന്നത്. ഒരു വര്‍ഷത്തിനകം പുതിയ പാലം പൂര്‍ത്തിയാകുമെന്ന പ്രതീക്ഷയിലാണ് കോഴിക്കോട്ടുകാര്‍. മലബാറിന്റെ ചരിത്രത്തില്‍ തന്നെ ഇടംനേടിയ പാരമ്പര്യമാണ് കോരപ്പുഴപാലത്തിനുള്ളത്. 1938ല്‍ പ്രവൃത്തി ആരംഭിച്ച് 1940 ല്‍ പൂര്‍ത്തിയായ പാലം കാലാവധിയുടെ ഇരട്ടികാലം കഴിഞ്ഞാണ് പൊളിച്ച് പുതിയതു പണിയുന്നത്. പാലത്തിന്റെ വീതിക്കുറവു മൂലം ഗതാഗതതടസം രൂക്ഷമായതാണു കാരണം.
പാലം പൊളിച്ച് അതേസ്ഥാനത്ത് പുതിയത് പണിയാനാണു പൊതുമരാമത്ത് വകുപ്പിന്റെ തീരുമാനം. 12 മീറ്റര്‍ വീതിയില്‍ 24.32 കോടി രൂപ ചെലവഴിച്ചാണു പുതിയ പാലം പണിയുന്നത്. നിര്‍മാണ ചുമതലയുള്ള യു.എല്‍.സി.സി ഒരു വര്‍ഷം കൊണ്ട് പുതിയ പാലം നാടിനു സമര്‍പ്പിക്കുമെന്നാണ് ഉറപ്പു നല്‍കിയത്. നിര്‍മാണം നേരത്തെ പൂര്‍ത്തീകരിക്കുന്ന രീതിയിലാണ് പ്രവൃത്തികള്‍ പുരോഗമിക്കുന്നത്. പാലം പൊളിക്കുന്ന പ്രവൃത്തികള്‍ ഡിസംബര്‍ 20നാണ് തുടങ്ങിയത്. 2019ല്‍ തന്നെ പുതുക്കിപ്പണിത കോരപ്പുഴ പാലം യാഥാര്‍ഥ്യമാകുമെന്ന് ആശിക്കാം.
പുതുപ്രതീക്ഷയോടെ നാദാപുരം താലൂക്ക് ആശുപത്രി
നാദാപുരം: തുടര്‍ച്ചയായി രണ്ടു സര്‍ക്കാരുകളുടെ കാലത്ത് നിര്‍മാണ പ്രവര്‍ത്തനം ആരംഭിച്ച നാദാപുരം താലൂക്ക് ആശുപത്രി പുതുവര്‍ഷത്തിലെങ്കിലും തുറന്നുകിട്ടുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാര്‍. ആധുനിക സൗകര്യങ്ങളോടുകൂടിയ നാലുനില കെട്ടിടത്തിന്റെ പ്രവൃത്തി പൂര്‍ത്തിയായിട്ട് വര്‍ഷങ്ങളായി. എന്നാല്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സംവിധാനം ഒരുക്കാന്‍ വൈകി എന്ന പേരില്‍ തുടര്‍പ്രവര്‍ത്തനം നീളുകയായിരുന്നു.
അടുത്തകാലത്ത് ഇവ പൂര്‍ത്തിയായെങ്കിലും വൈദ്യുതി സംവിധാനം കീറാമുട്ടിയായി. എം.എല്‍.എ ഫണ്ടില്‍ നിന്ന് ആശുപത്രി വളപ്പില്‍ സ്വന്തമായി ട്രാന്‍സ്‌ഫോര്‍മര്‍ സ്ഥാപിച്ച് വൈദ്യുതി ലഭിക്കാനുള്ള തുക അനുവദിച്ചെങ്കിലും കടലാസ് പണികള്‍ എങ്ങുമെത്തിയിട്ടില്ല. വിദഗ്ധചികിത്സയ്ക്ക് മറ്റു പ്രദേശങ്ങളെ ആശ്രയിക്കേണ്ട നിസ്സഹായതക്ക് പുതുവര്‍ഷത്തിലെങ്കിലും മാറ്റം വരുമോ എന്നാണു നാട്ടുകാര്‍ ഉറ്റുനോക്കുന്നത്.
ബാലുശ്ശേരിക്കാരുടെ കളിക്കളം യാഥാര്‍ഥ്യമാകുമോ ?
ബാലുശ്ശേരി: പോയ വര്‍ഷത്തില്‍ ഏറെ പ്രതീക്ഷയര്‍പ്പിച്ചിരുന്ന ബാലുശ്ശേരിയിലെ ഇന്‍ഡോര്‍ സ്റ്റേഡിയത്തിന്റെ ഉദ്ഘാടനമെന്ന സ്വപ്നം പുതുവര്‍ഷത്തിലേക്ക് മാറ്റുകയാണ് ബാലുശ്ശേരിയിലെ കായികപ്രേമികള്‍. സൗകര്യപ്രദമായ ഗ്രൗണ്ടില്ലാത്തതിനാല്‍ ജില്ലാ-ഉപജില്ലാ കായിക മത്സരങ്ങള്‍ ഭംഗിയായി നടത്താന്‍ കഴിയാതെ നട്ടം തിരിയുമ്പോഴാണ് അധികൃതരുടെ അനാസ്ഥ കാരണം സ്റ്റേഡിയം നിര്‍മാണം പാതിവഴിയില്‍ നിര്‍ത്തിയിരിക്കുന്നത്.
വോളിബോള്‍ രംഗത്തു നിരവധി പ്രതിഭകളെ ഉയര്‍ത്തിയെടുത്ത ബാലുശ്ശേരിയില്‍ പുതിയ താരങ്ങളെ വാര്‍ത്തെടുക്കുന്നതിനു സ്റ്റേഡിയം പരിശീലന വേദിയാകുമെന്ന പ്രതീക്ഷയാണു കായിക പ്രേമികള്‍ക്കുള്ളത്. വോളിബോള്‍ കോര്‍ട്ട്്, അത്‌ലറ്റ് ട്രാക്ക്, കോണ്‍ഫ്രന്‍സ് ഹാള്‍, ജിംനേഷ്യം, ഫിറ്റ്‌നസ് സെന്റര്‍ എന്നിവയാണു നവീകരിക്കുന്ന സ്റ്റേഡിയത്തില്‍ ഉള്‍പ്പെടുന്നത്.
പുരുഷന്‍ കടലുണ്ടി എം.എല്‍.എ, ടി.എന്‍ സീമ എം.പി, ജില്ലാ പഞ്ചായത്ത് എന്നിവരുടെ രണ്ടു കോടിയോളം രൂപ ചെലവഴിച്ചാണു സ്റ്റേഡിയത്തിന്റെ നവീകരണം. എന്നാല്‍ ലക്ഷങ്ങള്‍ ചെലവഴിച്ച് ഗേറ്റ് നിര്‍മാണം നടത്താനാണ് ഫണ്ട് വിനിയോഗിച്ചതെന്നും ഇതാണു നിര്‍മാണ പൂര്‍ത്തീകരണം വൈകാനിടയാക്കിയതെന്ന ആക്ഷേപം ഇപ്പോഴും നിലനില്‍ക്കുന്നു. നിര്‍മാണം എന്നു പൂര്‍ത്തീകരിക്കുമെന്ന ചോദ്യത്തിനു വ്യക്തതയില്ല. സ്റ്റേഡിയത്തിനോട് ചേര്‍ന്ന വിശാലമായ മൈതാനം ഇപ്പോള്‍ സ്വകാര്യ സ്ഥാപനങ്ങളുടെ ഡ്രൈവിങ് പരിശീലന കേന്ദ്രമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."