പൗരത്വനിയമ ഭേദഗതിക്കെതിരെ കോഴിക്കോട് വെള്ളിയാഴ്ച്ച മഹാറാലി
കോഴിക്കോട്: കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന പൗരത്വനിയമ ഭേദഗതിക്കെതിരെ കോഴിക്കോട് പൗരാവലിയുടെ മഹാറാലി വെള്ളിയാഴ്ച്ച. പൗരത്വ ഭേദഗതി നിയമവും ദേശീയ പൗരത്വ രജിസ്റ്ററും അടിച്ചേല്‍പ്പിക്കാനുള്ള ഭരണകൂടത്തിന്റെ നീക്കങ്ങള്‍ക്കെതിരേ കോഴിക്കോടന്‍ ജനതയുടെ പ്രതിഷേധം വിളിച്ചോതുന്നതാവും മഹാറാലി.
വിവിധ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളും സാമൂഹിക, സാംസ്‌കാരികരംഗത്തെ പ്രമുഖരും വിദ്യാര്‍ത്ഥികളും പൊതുജനങ്ങളും തൊഴിലാളികളും റാലിയില്‍ അണിനിരക്കും. ദേശീയ സ്വാതന്ത്ര്യ പ്രക്ഷോഭത്തിന്റെ സ്മരണകള്‍ ഇരമ്പുന്ന കടപ്പുറത്തെ രക്തസാക്ഷി മണ്ഡപത്തില്‍ നിന്ന് വൈകീട്ട് നാലിന് റാലി ആരംഭിക്കും. പ്രശസ്ത ചരിത്രകാരന്‍ ഡോ.എം.ജി.എസ് നാരായണന്‍ ഫല്‍ഗ് ഓഫ് ചെയ്യും. തുടര്‍ന്ന് സി.എച്ച് ഓവര്‍ ബ്രിഡ്ജ് വഴി മുതലക്കുളത്ത് റാലി എത്തിച്ചേരും. അഞ്ചുമണിക്ക് നടക്കുന്ന സമാപനവേദിയില്‍ മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ പ്രതിജ്ഞ ചൊല്ലിക്കൊടുക്കും.
എഴുത്തുകാരായ യു.എ ഖാദര്‍, കെ.പി രാമനുണ്ണി, കൈതപ്രം ദാമോദരന്‍ നമ്പൂതിരി, ഡോ.ഖദീജ മുംതാസ്, യു.കെ കുമാരന്‍, കെ.ഇ.എന്‍ കുഞ്ഞഹമ്മദ്, നടന്‍ മാമുക്കോയ തുടങ്ങിയവരും എം.പിമാരായ എം.കെ രാഘവന്‍, എം.പി വീരേന്ദ്രകുമാര്‍, ബിനോയ് വിശ്വം, എളമരം കരീം, പ്രതിപക്ഷ ഉപനേതാവ് ഡോ. എം.കെ മുനീര്‍, എ പ്രദീപ്കുമാര്‍ എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി, ഡപ്യൂട്ടി മേയര്‍ മീര ദര്‍ശക്, രൂപതാ വികാരി ജനറല്‍ ഫാദര്‍ തോമസ് പനയ്ക്കല്‍, സുബ്രഹ്മണ്യന്‍ മൂസത്, സി.പി.എം ജില്ലാ സെക്രട്ടറി പി. മോഹനന്‍, ഡി.സി.സി പ്രസിഡന്റ് അഡ്വ. ടി. സിദ്ദീഖ്, മുസ്‌ലിംലീഗ് ജില്ലാ പ്രസിഡന്റ് ഉമ്മര്‍ പാണ്ടികശാല, മുന്‍ എം.എല്‍.എ യു.സി രാമന്‍, കെ.പി.സി.സി ജനറല്‍ സെക്രട്ടറി പി.എം സുരേഷ്ബാബു തുടങ്ങിയവര്‍ റാലിയില്‍ സംബന്ധിക്കും. റാലിയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടകസമിതി ഭാരവാഹികള്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."