സഊദിയിൽ കുട്ടികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ പ്രതിയുടെ വധശിക്ഷ ശരിവെച്ചു
റിയാദ്: നിരവധി സ്‌കൂള്‍ കുട്ടികളെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ നാൽപതുകാരന്റെ വധശിക്ഷ മക്ക അപ്പീല്‍ കോടതി ശരിവെച്ചു. എട്ട് വയസ്സിനു താഴെയുള്ള നിരവധി ആണ്‍കുട്ടികളെയാണ് ഇദ്ദേഹം പീഡനത്തിനിരയാക്കിയതെന്നാണ് കേസ്. പണം കൊടുത്തു വിദ്യാര്‍ത്ഥികളെ വലയിലാക്കുകയും പീഡിപ്പിക്കുകയുമാണ് പ്രതിയുടെ രീതി. സംഭവം പുറത്തു പറയാതിരിക്കുവാനും വീണ്ടും തന്റെ ഇംഗിതത്തിന് വഴങ്ങാനുമാണ് പ്രതി കുട്ടികള്‍ക്ക് പണം കൊടുത്തിരുന്നത്. മകന്റെ കയ്യില്‍ കുറെ പണം കണ്ടെത്തിയ പിതാവ് ഇത് എവിടുന്നാണെന്ന് അന്വേഷിച്ചപ്പോഴാണ് മകന്‍ പ്രകൃതിവിരുദ്ധ പീഡനക്കാര്യം പിതാവിനോട് പറയുന്നത്. മകനെ ഒരാള്‍ പണം കൊടുത്തു പ്രകൃതിവിരുദ്ധ പീഡനം നടത്തിയത് കുട്ടിയുടെ പിതാവ് ജിദ്ദ പോലീസിനെ വിവരമറിയിച്ചപ്പോഴാണ് സമാനമായ പരാതികള്‍ നിരവധി രക്ഷിതാക്കളുടെ ഭാഗത്തുനിന്ന് ലഭ്യമായത്. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്.
എട്ടുവയസ്സിനു താഴെയുള്ള ആണ്‍കുട്ടികളെ നിരവധി സ്ഥലങ്ങളില്‍ നിന്ന് നിരവധി സമയങ്ങളില്‍ പ്രകൃതിവിരുദ്ധ പീഡനത്തിന് പ്രതി വിധേയമാക്കിയതായി അന്വേഷണ സംഘത്തിന് ബോധ്യമായി. ഇയാൾക്ക് ഭാര്യയും മക്കളുമുണ്ട്. ഒരു വർഷം മുമ്പ് പുറത്തു വന്ന കേസിൽ പ്രതിയുടെ പ്രകൃതിവിരുദ്ധ ലൈംഗീക പീഡനം ക്രിമിനല്‍ കോടതിയുടെ പരിഗണനക്ക് വരാനായി കേസിന്റെ ഫയല്‍ ജനറല്‍ പ്രോസിക്യൂഷന് കൈമാറുകയും ക്രിമിനല്‍ കോടതിയില്‍ കേസ് വിചാരണക്കെടുക്കുകയും പ്രതിയെ വധശിക്ഷക്ക് വിധിക്കുകയും ചെയ്യുകയായിരുന്നു. വിധിക്കെതിരെ അപ്പീല്‍ കോടതിയെ സമീപിച്ച പ്രതിയുടെ അപ്പീൽ തള്ളിയ കോടതി വധശിക്ഷ ശരിവെക്കുകയായിരുന്നു. തുടര്‍നടപടിക്കായി കേസ് സുപ്രിം കോടതിയിലേക്ക് ഫയല്‍ ചെയ്തിരിക്കുകയാണിപ്പോള്‍
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."