ഇന്ത്യയുടെ ഭൂതവും ഭാവിയും
സിദ്ദീഖ് നദ്‌വി ചേരൂര്‍#
ലോകത്തെ ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ. 125 കോടിയോളം വരുന്ന ജനസംഖ്യയുമായി വിവിധ മേഖലകളില്‍ സവിശേഷ സ്ഥാനം അലങ്കരിക്കുന്ന രാജ്യം, ചരിത്രാതീതകാലം മുതല്‍ വിവിധ മതങ്ങളുടെയും തത്ത്വജ്ഞാനങ്ങളുടെയും കളിത്തൊട്ടിലാണ്. ജാതി, മതം, ഭാഷ, പ്രാദേശിക വ്യത്യാസങ്ങള്‍ എന്നിവയുടെ അടിസ്ഥാനത്തില്‍ ഏറെ വൈവിധ്യവും വൈജാത്യവും വച്ചു പുലര്‍ത്തുന്ന ഇന്ത്യ ഒറ്റ രാജ്യമായി നില നില്‍ക്കുന്നതു തന്നെ വലിയ അത്ഭുതമാണ്. ലോകത്തു മറ്റൊരു രാജ്യത്തിനും അവകാശപ്പെടാനാവാത്ത പ്രത്യേകതകളാണ് ഇക്കാര്യത്തില്‍ ഇന്ത്യക്കുള്ളത്.
എന്നാല്‍ ഈ വൈവിധ്യങ്ങള്‍ക്കെല്ലാം അപ്പുറത്ത് ഒരുമയുടെയും ഐക്യത്തിന്റെയും കണ്ണികള്‍ കോര്‍ത്തെടുക്കാന്‍ കഴിഞ്ഞു എന്നതാണ് ഇന്ത്യയുടെ വിജയം. നാനാത്വത്തില്‍ ഏകത്വമെന്ന ഇന്ത്യയുടെ കാഴ്ചപ്പാടാണ് അതിന് അടിത്തറയായി വര്‍ത്തിച്ചത്. അതുകൊണ്ടാണ് പ്രതികൂല ഘടകങ്ങള്‍ ഏറെയുണ്ടായിട്ടും രാജ്യം ഭദ്രമായി, സുശക്തമായി നിലനില്‍ക്കുന്നത്. യോജിപ്പിന്റെ ഘടകങ്ങള്‍ നിരവധിയുള്ള പല രാജ്യങ്ങളും പിളര്‍ന്നു തകര്‍ന്നു തരിപ്പണമായപ്പോള്‍ പൗരാണികതയുടെ പാരമ്പര്യ മികവില്‍ ഊറ്റം കൊള്ളുന്ന ഈ രാജ്യം ആധുനികതയുടെ വര്‍ണശബളിമയിലും ഊനം തട്ടാതെ പിടിച്ചുനില്‍ക്കുന്നത് സഹിഷ്ണുതയിലും പരസ്പരധാരണയിലും ഊട്ടിയെടുത്ത അതിന്റെ കാഴ്ചപ്പാട് കാരണമാണ്.
നാലു പ്രധാന മതങ്ങള്‍ക്കു ജന്മം നല്‍കിയ ഈ മണ്ണ്, നാലു മതങ്ങളുടെ പ്രബോധകരെ കൈ നീട്ടി സ്വീകരിച്ചു. ഹിന്ദുമതം, ബുദ്ധമതം, ജൈനമതം, സിക്ക് മതം എന്നിവ ഇന്ത്യയില്‍ ജനിച്ചു പടര്‍ന്നു വികസിച്ച മതങ്ങളാണെങ്കില്‍ ജൂതമതം, ക്രിസ്തുമതം, ഇസ്്‌ലാം, സൗരാഷ്ട്ര മതം എന്നിവയ്ക്കിവിടെ വേരോട്ടമുണ്ടാക്കാനും പടര്‍ന്നുപന്തലിക്കാനും കഴിഞ്ഞു. അതുപോലെ മതത്തിലെ അവാന്തരവിഭാഗങ്ങളും അലട്ടൊന്നുമില്ലാതെ ഇവിടെ കഴിഞ്ഞുവരുന്നു. ബഹാഇകള്‍, ശിഈകള്‍, അവരില്‍ തന്നെ ബൊഹ്‌രികള്‍, ഹിന്ദു മതത്തിലെ സവര്‍ണരും അവര്‍ണരുമായ നൂറുകണക്കിനു ജാതികള്‍, എല്ലാവരെയും ചേര്‍ത്തുപിടിച്ചു മുന്നോട്ടു പോകുന്ന പാരമ്പര്യമാണ് ഇന്ത്യയുടേത്.
ഇന്ത്യയുടെ വളര്‍ച്ചയിലും വികാസത്തിലും ഈ മതങ്ങളും അവയുടെ അനുയായികളുമെല്ലാം കാര്യമായ സംഭാവനകള്‍ നല്‍കിയിട്ടുണ്ടെന്ന കാര്യത്തില്‍ സംശയമില്ല. ഇന്ത്യയിലെ അതിപുരാതന മതങ്ങളായ ഹിന്ദുമതത്തിന്റെയും ബുദ്ധ മതത്തിന്റെയും ദര്‍ശനങ്ങളും മൂല്യങ്ങളും ഇന്ത്യയുടെ സംസ്‌കാരത്തിന്റെ അടിത്തറയായി വര്‍ത്തിച്ചിട്ടുണ്ടെങ്കില്‍, കടന്നു വന്ന മതദര്‍ശനങ്ങള്‍ അതിന് കൂടുതല്‍ തിളക്കവും വ്യാപ്തിയും നല്‍കി. എല്ലാ സംസ്‌കാരങ്ങളും വികസിക്കുന്നതും പുരോഗതി നേടുന്നതും മറ്റു സംസ്‌കാരങ്ങളുമായി നടത്തുന്ന കൊടുക്കല്‍ വാങ്ങലുകളിലൂടെയാണല്ലോ. അങ്ങനെയാണ് ഇന്ത്യന്‍ സംസ്‌കാരവും സമ്പന്നമായത്.
ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് വിദേശത്തു മാര്‍ക്കറ്റ് നേടാന്‍ കഴിഞ്ഞതും ഇന്ത്യന്‍ പണ്ഡിറ്റുമാരും ദാര്‍ശനികരും ഇന്ത്യയ്ക്കു വെളിയില്‍ സ്വാധീനവും പ്രശസ്തിയും നേടുന്നതും അറബ് മുസ്‌ലിം ബന്ധങ്ങളിലൂടെയാണ്. അബാസിയ ഭരണകാലത്ത് ബഗ്ദാദിലും മറ്റുമുണ്ടായ വൈജ്ഞാനിക നവോത്ഥാനമാണ് വിദേശ രാജ്യങ്ങളിലേക്ക് ഇന്ത്യക്കാര്‍ക്ക് കടന്നുചെല്ലാന്‍ വഴിയൊരുക്കിയത്. അറബ് മുസ്‌ലിം സഞ്ചാരികള്‍ രേഖപ്പെടുത്തിയ വിവരങ്ങളിലൂടെയാണ് മധ്യകാലഘട്ടത്തിലെ ഇന്ത്യയുടെ ചരിത്രം ലോകമറിയുന്നത്. അല്‍ ബിറൂനിയും അല്‍ ഇദ്‌രീസിയും ഇബ്‌നു ബത്തൂത്തയും സുലൈമാന്‍ താജിറുമൊക്കെ ഇന്ത്യയിലേക്കു കടന്നുവന്ന് ഇവിടുത്തെ വിശേഷങ്ങള്‍ രേഖപ്പെടുത്തിയിരുന്നില്ലെങ്കില്‍ ആ കാലഘട്ടങ്ങളിലെ ഇന്ത്യയുടെ ചരിത്രത്തിന്റെ പല ഏടുകളും വിസ്മൃതിയിലേക്കു തള്ളപ്പെടുമായിരുന്നു.
മുഗള്‍ രാജാക്കന്‍മാര്‍ ഇവിടെ വന്നു നീണ്ടകാലം ഭരിച്ചപ്പോള്‍ അവര്‍ ഇവിടെ നിന്ന് ലഭിച്ച വരുമാനം പുറത്തേക്ക് ഊറ്റിക്കൊണ്ടു പോകുകയായിരുന്നില്ല. മറിച്ച് ഇവിടെ തന്നെ ആ ധനം വിനിയോഗിച്ചു രാജ്യത്തിന്റെ വികസനക്കുതിപ്പിന് ആക്കം കൂട്ടുകയായിരുന്നു. അവര്‍ നിര്‍മിച്ച അടിസ്ഥാനസൗകര്യങ്ങളും അവര്‍ സ്ഥാപിച്ച കോട്ടകളും കൊട്ടാരങ്ങളും മഹലുകളും മന്ദിരങ്ങളും പില്‍ക്കാല നൂറ്റാണ്ടുകളില്‍ പോലും ഇന്ത്യയുടെ മേല്‍വിലാസമാകാന്‍ മാത്രം സുശക്തവും പ്രശസ്തവുമായിരുന്നുവെന്ന് വര്‍ത്തമാന സമൂഹം പോലും തിരിച്ചറിയുന്നു. താജ് മഹലും ചെങ്കോട്ടയും കുത്തുബ് മിനാറും ഫതേപൂര്‍ സിക്രിയുമൊന്നുമില്ലാത്ത ഇന്ത്യയെ ഒന്നു സങ്കല്‍പ്പിച്ചു നോക്കൂ.
ഇന്ത്യയുടേത് ഒരു ഏകശിലാ സംസ്‌കാരമല്ല. വ്യത്യസ്ത മതാനുയായികള്‍ മാറിമാറി ഭരണം നടത്തിയ പാരമ്പര്യമാണ് ഇന്ത്യക്കുള്ളത്. ഒരു കാലത്ത് ഹിന്ദുക്കളായിരുന്നു ഇന്ത്യ ഭരിച്ചിരുന്നതെങ്കിലും ഇടക്കാലത്ത് ബുദ്ധ രാജാക്കന്‍മാരും ഇവിടെ അധികാരവും ആധിപത്യവും സ്ഥാപിച്ചിരുന്നു. തുടര്‍ന്നു വിദേശികളും തദ്ദേശീയരുമായ നിരവധി പേരിലൂടെയാണ് ഈ രാജ്യത്തിന്റെ ഭരണം കൈമാറി വന്നത്. വ്യത്യസ്ത സമൂഹങ്ങളുടെ ആചാര സമ്പ്രദായങ്ങളും ജീവിത രീതികളുമെല്ലാം ഈ നാടിന്റെ സംസ്‌കാരം രൂപപ്പെടുത്തുന്നതിലും പുഷ്‌കലമാക്കുന്നതിലും പങ്കു വഹിച്ചു.
നമ്മുടെ ഔദ്യോഗിക ഭാഷയായ ഹിന്ദി സ്വതന്ത്രമായ ഒരു ഭാഷയല്ല, പേര്‍ഷ്യന്‍ അറബ് സമ്പര്‍ക്കത്തിലൂടെ രൂപപ്പെട്ട ഹിന്ദുസ്ഥാനിയുടെ വകഭേദമാണ്. പഴയ പേര്‍ഷ്യന്‍ ലിപിയില്‍ നിലനിന്നത് ഉര്‍ദുവായും ദേവനാഗിരി ലിപിയിലേക്കു മാറിയത് ഹിന്ദിയെന്നും അറിയപ്പെട്ടു. അവ രണ്ടും പിന്നീട് രണ്ടു ഭിന്ന സംസ്‌കാരങ്ങളുടെ സ്രോതസും ഒന്ന് ദേശീയബോധത്തിന്റെ പ്രതീകവുമൊക്കെ ആയി മാറിയെന്നു മാത്രം. ഇന്ത്യയെന്ന പേരു പോലും പഴയ അറബ്, പേര്‍ഷ്യന്‍ ബന്ധത്തിന്റെ ബാക്കിപത്രമാണെന്നു കൂടി നാം അറിയണം.
ഇങ്ങനെയൊക്കെ ആയിട്ടും വൈദേശിക മുദ്ര ചാര്‍ത്തി ചില മതക്കാരെ മാത്രം ഇകഴ്ത്താനും താഴ്ത്തിക്കെട്ടാനും ശ്രമിക്കുന്നവര്‍, ആര്യന്‍മാരും പുറത്തുനിന്ന് കടന്നുവന്നവരുമാണെന്ന കാര്യം മറക്കാതിരിക്കുക. പുറത്തുനിന്ന് വ്യത്യസ്ത കാലഘട്ടങ്ങളില്‍ ഇന്ത്യയില്‍ വന്ന് ഈ മണ്ണില്‍ ഇവിടുത്തെ വെള്ളവും വായുവും ഉപയോഗിച്ചു വേരോട്ടം നേടിയ വംശങ്ങളെയും മതങ്ങളെയും ഭാഷകളെയും സംസ്‌കാരങ്ങളെയും 'ഘര്‍വാപസി'യിലൂടെ തിരിച്ചയച്ചാല്‍ ഈ നാട്ടിന്റെ ശേഷിപ്പ് എത്ര ശുഷ്‌കവും ദരിദ്രവുമായിരിക്കുമെന്ന് കൂടി ഓര്‍ത്തുനോക്കൂ.
മധ്യേഷ്യയില്‍ നിന്ന് കുടിയേറ്റക്കാരായി ഇവിടെയെത്തിയ ആര്യന്‍മാരായ ബ്രാഹ്മണര്‍, അവര്‍ മാത്രമാണ് യോഗ്യരും കേമന്‍മാരും ഈ നാടിന്റെ യഥാര്‍ഥ അവകാശികളുമെന്ന് വാദിക്കുകയും അതു സ്ഥാപിക്കാനായി പരിശ്രമിക്കുകയും ചെയ്തു തുടങ്ങിയിട്ട് കാലങ്ങളായി. വംശീയ വിശുദ്ധിയിലും മേല്‍ക്കോയ്മയിലും വിശ്വസിക്കുന്ന ഇക്കൂട്ടര്‍, മറ്റുള്ളവരെല്ലാം തങ്ങളുടെ കീഴിലായിരിക്കണമെന്നും ഭരിക്കാനും നയിക്കാനുമുള്ള അവകാശം തങ്ങള്‍ക്കു മാത്രമാണെന്നും കരുതുന്നു.
ഇത്തരമൊരു ചിന്താധാരയുടെ സൃഷ്ടിയായിരുന്നു നാസി ജര്‍മനിയിലെ ഹിറ്റ്‌ലര്‍ ഭരണം. അതില്‍ ആവേശമുള്‍ക്കൊണ്ട ചിലര്‍ ഇന്ത്യയില്‍ ഉയര്‍ത്തിവിട്ട ഹിന്ദുത്വ ചിന്താധാരയുടെ ഉല്‍പ്പന്നമാണ് ആര്‍.എസ്.എസും അതിന്റെ ഇംഗിതമനുസരിച്ചു പ്രവര്‍ത്തിക്കുന്ന മറ്റു സംഘ്പരിവാര്‍ സംഘടനകളും. വംശീയ മേല്‍ക്കോയ്മയുടെ അടിസ്ഥാനത്തില്‍ ഒരു ഭരണം സ്വപ്നം കണ്ട അവര്‍, അതിനായി മതവികാരം ഇളക്കിവിട്ട് അസവര്‍ണരായ ഹിന്ദുക്കളെക്കൂടി തങ്ങളുടെ വരുതിയില്‍ നിര്‍ത്താന്‍ ശ്രമിച്ചു. ചില പ്രദേശങ്ങളിലൊക്കെ അവരുടെ തന്ത്രം വിജയിച്ചു. അങ്ങനെയാണവര്‍ കേന്ദ്രത്തിലും മറ്റു ചില സംസ്ഥാനങ്ങളിലും അധികാരം പിടിച്ചെടുക്കുന്നത്. അവരുടെ ശക്തിയെക്കാള്‍ പ്രതിപക്ഷത്തിന്റെ ദൗര്‍ബല്യവും ശൈഥില്യവുമാണ് യഥാര്‍ഥത്തില്‍ അവരെ ഭരണത്തിലെത്താന്‍ സഹായിച്ചത്. പിന്നീടു നടന്ന ചില തെരഞ്ഞെടുപ്പുകള്‍ അതില്‍ നിന്ന് വ്യത്യസ്തമായ ഫലം നല്‍കിയത് നാം കണ്ടതാണല്ലോ.
ഒരു രാജ്യം, ഒരു ജനത, ഒരു പാര്‍ട്ടി എന്ന തത്ത്വത്തില്‍ വിശ്വസിച്ച് വിരുദ്ധ ചേരിയിലുള്ളവരെ മുഴുവന്‍ ഉന്മൂലനം ചെയ്തു സ്വന്തം ആധിപത്യം സ്ഥാപിക്കാന്‍ ശ്രമിച്ച ഹിറ്റ്‌ലറില്‍ നിന്നാണവര്‍ ആവേശം ഉള്‍ക്കൊള്ളുന്നതെന്ന് പല അനുഭവങ്ങളിലൂടെ അവര്‍ തന്നെ തെളിയിച്ചതാണ്. കേന്ദ്രത്തില്‍ മോദിയെയും യു.പിയില്‍ യോഗിയെയും മുന്നില്‍ നിര്‍ത്തി അവര്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത് അവര്‍ സ്വപ്നം കാണുന്ന കാവിവല്‍കൃത ഇന്ത്യ പുലര്‍ന്നു കാണാനാണ്.
ഇന്ത്യയില്‍ ബഹുഭൂരിപക്ഷം വരുന്ന ഹിന്ദുക്കളില്‍ നിന്ന് ഭൂരിഭാഗത്തെ തങ്ങളുടെ നിലപാടിലേക്ക് ആകര്‍ഷിക്കാന്‍ കഴിഞ്ഞാല്‍ സ്ഥിരമായി അധികാരം നിലനിര്‍ത്താന്‍ കഴിയുമെന്ന് ഹിന്ദുത്വ ശക്തികള്‍ കണക്കുകൂട്ടുന്നു. അതിനായി അവര്‍ സാധാരണ ഹിന്ദുക്കളുടെ മതവികാരം ആളിക്കത്തിക്കാനുള്ള ഒരവസരവും പാഴാക്കാറില്ല.
മുസ്‌ലിം, ക്രിസ്ത്യന്‍ വിഭാഗങ്ങളോട് വൈരവും വിദ്വേഷവും ഇളക്കിവിട്ടു ഹൈന്ദവ ധ്രുവീകരണം ഉണ്ടാക്കാനുള്ള ശ്രമമാണ് ഒരു വശത്ത്. അതിനായി ചരിത്ര വസ്തുതകളെ വികലമായി അവതരിപ്പിക്കുക, ചരിത്രത്തിലെ പ്രകോപനപരമായ സംഭവങ്ങള്‍ക്ക് കൂടുതല്‍ ഊന്നല്‍ നല്‍കുക, ഗോവധത്തിന്റെ വ്യാജ കഥകള്‍ നിര്‍മിച്ചു പശുഭക്തരെ ഇളക്കിവിടുക, മുസ്്‌ലിംകളെ തീവ്രവാദികളാക്കി ചിത്രീകരിച്ചു സാധാരണക്കാരെ അവരുമായി അകറ്റാന്‍ ശ്രമിക്കുക തുടങ്ങിയ നീക്കങ്ങള്‍ വ്യാപകമായി നടക്കുന്നു. ഉത്തരേന്ത്യയില്‍ നേരത്തെ ഇതു നിലവിലുള്ളതാണെങ്കില്‍ ദക്ഷിണേന്ത്യയിലേക്കും ഇതു വ്യാപിപ്പിക്കാനാണ് ശ്രമം. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ വോട്ടര്‍മാര്‍ ബി.ജെ.പിയെ പുല്‍കാന്‍ മടിക്കുന്നതിനാല്‍ അവിടങ്ങളെ കാവി വല്‍ക്കരിക്കാന്‍ കൊണ്ടുപിടിച്ച നീക്കങ്ങളാണ് നടക്കുന്നത്.
സബ് കെ സാത്ത്, സബ് കെ വികാസ് (എല്ലാവര്‍ക്കും ഒപ്പം, എല്ലാവരുടേയും വികസനം) എന്ന മോഹന മുദ്രാവാക്യവുമായി രംഗത്തു വന്നവര്‍ പശു ഭക്തിയുടെയും ദേശ ഭക്തിയുടെയും പേരില്‍ സമൂഹത്തില്‍ ഭിന്നിപ്പും അരക്ഷിതാവസ്ഥയും സൃഷ്ടിക്കുന്ന തിരക്കിലാണ്. ആള്‍ക്കൂട്ടക്കൊലയും നിയമം കൈയിലെടുക്കലും നിത്യസംഭവമായി മാറിയിട്ടുണ്ട്.
ഉത്തരേന്ത്യയില്‍ അയോധ്യയുടെ പേരില്‍ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ കഴിയുമെന്ന് മനസിലാക്കി പരമാവധി മുതലെടുക്കാന്‍ ശ്രമിച്ചവര്‍, കേരളത്തില്‍ ശബരിമലയുടെ പേരില്‍ രാഷ്ട്രീയ ശരണം തേടുകയാണ്. ഭരണവും താല്‍ക്കാലിക രാഷ്ട്രീയ നേട്ടങ്ങളും മുന്നില്‍ കണ്ടു സമൂഹത്തില്‍ ഭിന്നിപ്പും കുഴപ്പവും സൃഷ്ടിക്കുന്നവരെ എങ്ങനെ യഥാര്‍ഥ രാജ്യ സ്‌നേഹികളായി കാണാന്‍ കഴിയും? രാജ്യത്തിന്റെ വിശാല താല്‍പ്പര്യങ്ങള്‍ അവര്‍ ബലി കഴിക്കുകയല്ലേ?
ഇത്തരം യാഥാര്‍ഥ്യങ്ങള്‍ ഉള്‍ക്കൊണ്ടു മതേതര മൂല്യങ്ങള്‍ക്കൊപ്പം നിലകൊള്ളാന്‍ താല്‍പ്പര്യപെടുന്നവരാണ് ബഹുഭൂരിഭാഗം ഹിന്ദു സഹോരരും എന്നതു ഭാവി ഇന്ത്യയെപ്പറ്റിയുള്ള നമ്മുടെ പ്രതീക്ഷകള്‍ക്കു കൂടുതല്‍ മിഴിവു നല്‍കുന്നു. ഇന്ത്യയുടെ സുശക്തമായ ഭരണഘടനയും നിക്ഷ്പക്ഷമായി പ്രവര്‍ത്തിക്കുന്ന ജുഡിഷ്യറിയും എല്ലാ വിഭാഗം ജനങ്ങള്‍ക്കും സുരക്ഷിതബോധം നല്‍കുന്ന പ്രധാന ഘടകങ്ങളാണ്.
ഇന്ത്യയിലെ മുസ്്‌ലിംകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ മുസ്്‌ലിംകള്‍ക്കു മാത്രമുള്ള പ്രശ്‌നങ്ങല്ല; ഇന്ത്യയുടെ മതേതര സംവിധാനം നേരിടുന്ന പ്രശ്‌നങ്ങളാണവയെന്ന് തിരിച്ചറിയേണ്ടതുണ്ട്. അതിനാല്‍ എല്ലാ മതേതര ശക്തികളെയും ഒപ്പം നിര്‍ത്തിയാണവയെ പരിഹരിക്കാന്‍ ശ്രമിക്കേണ്ടത്. രാജ്യത്തെ ഭരണഘടനയെയും ജുഡിഷ്യറിയെയും വിശ്വാസത്തിലെടുത്ത്, മതേതര കക്ഷികളുടെ അനുഭാവവും പിന്തുണയും നേടിയെടുത്ത്, സ്വന്തം സ്വത്വബോധവും സംഘടിത ശക്തിയും ഊട്ടിയുറപ്പിച്ചു മുന്നോട്ടു പോകുകയാണ് വര്‍ത്തമാന മുസ്‌ലിംകള്‍ക്കു കരണീയം. വൈകാരിക വിക്ഷോഭവും എടുത്തുചാട്ടവും അവര്‍ക്ക് ഒരു നേട്ടവും നല്‍കാന്‍ പോകുന്നില്ല.
മതേതര ശക്തികളുടെ ചെറിയ തോതിലുള്ള യോജിപ്പു പോലും തെരഞ്ഞെടുപ്പു ഫലങ്ങളെ എത്ര നിര്‍ണായകമായി സ്വാധീനിക്കുന്നുവെന്ന് ഈയിടെ നടന്ന നിയമസഭാ തെരഞ്ഞെടുപ്പു ഫലങ്ങള്‍ തെളിയിച്ചതാണല്ലോ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."