കാക്കുനിയില്‍ വീട്ടുപറമ്പില്‍ സ്‌ഫോടനം; യുവാവിന്റെ കൈപ്പത്തികള്‍ അറ്റു
കുറ്റ്യാടി: വേളം പഞ്ചായത്തിലെ കാക്കുനിയില്‍ ബോംബ് കൈകാര്യം ചെയ്യുന്നതനിടെയുണ്ടായ സ്‌ഫോടനത്തില്‍ യുവാവിന്റെ കൈപ്പത്തികള്‍ അറ്റു. കാക്കുനി അരൂര്‍ റോഡില്‍ പറമ്പത്ത് സാലിമി(24)ന്റെ കൈപ്പത്തികളാണ് മുറിച്ചുമാറ്റിത്. സാരമായി പരുക്കേറ്റ ഇയാളെ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സാലിമിന് കണ്ണിനും കാലിനും പരുക്കേറ്റിട്ടുണ്ട്. സംഭവത്തില്‍ കൂടെ ഉണ്ടായിരുന്ന പറമ്പത്ത് മുനീര്‍ (20), കക്കുളങ്ങര ഷംസീര്‍ പറമ്പത്ത് എന്നിവര്‍ക്കും പരുക്കുണ്ട്. ഇവര്‍ ആശുപത്രിയില്‍ ചികിത്സ തേടിയ ശേഷം കടന്നുകളഞ്ഞതായി പൊലിസ് പറഞ്ഞു.കാക്കുനി അരൂര്‍ റോഡിലെ വീട്ടുപറമ്പില്‍ തിങ്കളാഴ്ച അര്‍ധരാത്രിയോടെയാണ് സംഭവം. പുതുവത്സാരാഘോഷത്തിന് പടക്കം പൊട്ടിച്ചതാകാമെന്ന് കരുതി സ്‌ഫോടനത്തെക്കുറിച്ച് ആരും അന്വേഷിച്ചില്ല. സ്‌ഫോടനം നടന്ന സ്ഥലത്തെ അവശിഷ്ടങ്ങള്‍ പെറുക്കി മാറ്റുകയും ചെയ്തിട്ടുണ്ട്.
രഹസ്യ വിവരത്തെ തുടര്‍ന്നാണ് പൊലിസ് സ്ഥലത്തെത്തി പരിശോധന നടത്തിയത്. ബോംബ് കൈകാര്യം ചെയ്യുമ്പോഴാണ് സ്‌ഫോടനമെന്നാണ് പൊലിസ് നിഗമനം. ബോംബ് സ്‌ക്വാഡ് നടത്തിയ പരിശോധനയില്‍ ഇവിടെ നിന്ന് ഒരു നാടന്‍ ബോംബും സ്‌ഫോടനം നടന്ന സ്ഥലത്തിനടുത്ത് കുഴിച്ചിട്ട നിലയില്‍ കൈപ്പത്തിയുടെ ഭാഗങ്ങളും കണ്ടെത്തി. ഇത് സ്‌ഫോടനത്തില്‍ പരുക്കേറ്റവരുടെതായിരിക്കുമെന്ന് പൊലിസ് പറഞ്ഞു. അവശിഷ്ടങ്ങള്‍ ഫോറന്‍സിക് വിദഗ്ധര്‍ എത്തി കസ്റ്റഡിയിലെടുത്തു.
പയ്യോളിയില്‍ നിന്നെത്തിയ ഡോഗ് സ്‌ക്വാഡും സ്ഥലത്ത് പരിശോധന നടത്തി. നാദാപുരം ഡിവൈ.എസ്.പി ഇ. സുനില്‍കുമാര്‍, വകടര സ്‌പെഷല്‍ ബ്രാഞ്ച് ഡിവൈ.എസ്.പി കെ.എസ് ഷാജി, സി.ഐ എന്‍. സുനില്‍കുമാര്‍, തുടങ്ങിയവരും സ്ഥലത്തെത്തി. സംഭവത്തില്‍ കുറ്റ്യാടി പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. എസ്.ഐ പി.എസ് ഹരീഷിനാണ് അന്വേഷണച്ചുമതല. സ്ഥലത്ത് പൊലിസ് ശക്തമായ കാവല്‍ ഏര്‍പ്പെടുത്തി.
പുതുവത്സരാഘോഷത്തിനിടെ അപകടം: ലീഗിന് ബന്ധമില്ലെന്ന്
കുറ്റ്യാടി: കാക്കുനിയില്‍ വീട്ടുപറമ്പിലുണ്ടായ അപകടം പുതുവത്സരാഘോഷത്തിനിടെ പടക്കം പൊട്ടിയുണ്ടായതാണെന്നും സംഭവവുമായി മുസ്‌ലിം ലീഗിന് യാതൊരു ബന്ധവുമില്ലെന്നും മുസ് ലിം ലീഗ് പത്രക്കുറിപ്പില്‍ അറിയിച്ചു. സ്‌ഫോടനത്തെ മുസ്‌ലിം ലീഗുമായി ബന്ധിപ്പിച്ച് ചില മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്ത വാസ്തവ വിരുദ്ധവും അടിസ്ഥാന രഹിതവുമാണ്. സംഭവത്തെക്കുറിച്ച് നിഷ്പക്ഷവും സമഗ്രവുമായ അന്വേഷണം നടത്തണം. ഏത് പാര്‍ട്ടിക്കാരായാലും കര്‍ശന നടപടികള്‍ സ്വീകരിക്കണം. പാര്‍ട്ടി അനുഭാവികള്‍ സംഭവത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ പാര്‍ട്ടി നടപടി സ്വീകരിക്കും. പ്രതികളെ സംരക്ഷിക്കാനോ പ്രശ്‌നം രാഷ്ട്രീയവല്‍ക്കരിക്കാനോ ഒരു പാര്‍ട്ടിയും തയാറാവരുത്.
അന്വേഷണം വഴിതിരിച്ച് വിടാതിരിക്കാന്‍ പൊലിസ് ജാഗ്രത പുലര്‍ത്തണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു. പഞ്ചായത്ത് മുസ്‌ലിം ലീഗ് പ്രസിഡന്റ് പുത്തൂര്‍ മുഹമ്മദലി അധ്യക്ഷനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."