പൂര്‍വവിദ്യാര്‍ഥികളുടെ ഒത്തുകൂടല്‍ അവിസ്മരണീയമായി
കോവളം: ഒരുവട്ടം കൂടി സ്‌കൂള്‍കുട്ടികളായി മാറി ഗൃഹാതുരമുണര്‍ത്തുന്ന ഓര്‍മകളുടെ മാളത്തിലേക്ക് ഊളിയിട്ട പൂര്‍വവിദ്യാര്‍ഥികളുടെ ഒത്തുകൂടല്‍ അവിസ്മരണീയമായി.
തിരുവല്ലം ബി.എന്‍.വി ഹൈസ്‌കൂളിലെ 1986 ബാച്ചിലെ പൂര്‍വവിദ്യാര്‍ഥികളാണ് ക്രിസ്മസ് ന്യൂ ഇയര്‍ ആഘോഷങ്ങളുടെ ഭാഗമായി ഗതകാലസ്മരണകളുണര്‍ത്തി തിരുവല്ലം ലയണ്‍സ് ക്ലബ് ഓഡിറ്റോറിയത്തില്‍ ഒത്തുകൂടിയത്. രാവിലെ 10 മണിക്ക് ആരംഭിച്ച ആഘോഷങ്ങള്‍ വൈകുന്നേരം മൂന്ന്‌വരെ നീണ്ടു. സ്‌കൂള്‍ ജീവിതത്തിലെ പഴയ കാലസഹപാഠികളുടെ സംഗമത്തില്‍ തഹസില്‍ദാറായി ജോലി നോക്കുന്നവര്‍ മുതല്‍ സാധാരണ കൂലിവേല ചെയ്ത് ജീവിക്കുന്നവര്‍ വരെ എത്തി.
വലിപ്പച്ചെറുപ്പമില്ലാതെ കുട്ടി മനസുമായി ഔദ്യോഗിക കുപ്പായങ്ങള്‍ അഴിച്ചുവച്ച സഹപാഠികള്‍ക്ക് 32 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമുള്ള കണ്ടുമുട്ടല്‍ വികാര നിര്‍ഭരമായി മാറി. ഒരുമിച്ച് ഭക്ഷണം കഴിച്ചും കേക്ക് മുറിച്ചും പാട്ടുപാടിയും കവിതകള്‍ ചൊല്ലിയും ഒരുമിച്ച് കൂടിയ മണിക്കൂറുകള്‍ ധന്യമാക്കിയത് പൂര്‍വ വിദ്യാര്‍ഥി സംഗമത്തിന് മാറ്റുകൂട്ടി. ഈ ഒത്ത്കൂടല്‍ തുടരാനും തങ്ങളാല്‍ കഴിയുന്ന വിധം സമൂഹത്തിന് പ്രയോജനം ചെയ്യുന്ന ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് ഊന്നല്‍ നല്‍കി മുന്നോട്ടുപോകാനും തീരുമാനിച്ചാണ് സഹപാഠികള്‍ പിരിഞ്ഞത്. സുനില്‍കുമാര്‍, വിജയന്‍ ,സന്തോഷ് കുമാര്‍, അജിത് കുമാര്‍, നജീബ്, ചാന്ദിനി, ഡോക്ടര്‍ ലക്ഷ്മി, ശശി പ്രിയ സംഗമത്തിന് നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."