കനത്ത മഴ:ജില്ലയില്‍ വ്യാപക നാശം
കൊല്ലം: കനത്ത മഴയിലും കടലാക്രമണത്തിലും ജില്ലയില്‍ വ്യാപക നാശം. ഇന്നലെ പെയ്ത ശക്തമായ മഴയില്‍ ജില്ലയിലെ പല പ്രദേശങ്ങളും വെള്ളത്തിനടിയിലായി. തീരപ്രദേശങ്ങളില്‍ കടലാക്രമണം രൂക്ഷമാണ്. കോര്‍പ്പറേഷന്‍ പരിധിയില്‍ ദേശീയപാതയുള്‍പ്പടെ ചില പ്രദേശങ്ങള്‍ വെള്ളത്തിനടിയിലാണ്. വരും ദിവസങ്ങളിലും മഴ ശക്തമായി തുടര്‍ന്നാല്‍ പ്രധാന പാതകളില്‍ കൂടിയുള്ള യാത്ര ദുഷ്‌കരമാകും.
മഴക്കാലം ആരംഭിക്കുന്നതിന് മുമ്പ് ഓടകള്‍ വൃത്തിയാക്കാത്തതാണ് നഗരത്തിലെ പാതകളില്‍ ഉള്‍പ്പെടെ വെള്ളം കെട്ടിനില്‍ക്കാന്‍ കാരണമായതെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. മഴക്കാല പൂര്‍വ്വ ശുചീകരണങ്ങള്‍ കോര്‍പ്പറേഷന്‍ പരിധിയില്‍ നടത്താത്തതും വെള്ളക്കെട്ടിന് കാരണമായി.
ഇതിനു പുറമേ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നാശനഷ്ടവുമുണ്ടായി. പൂനലൂര്‍ മിനി സിവില്‍ സ്റ്റേഷന്റെ മതില്‍ ഇടിഞ്ഞ് വീണു. കരിങ്കല്‍ കെട്ടുള്‍പ്പെടെയാണ് ഇടിഞ്ഞത്. ഈ സമയത്ത് ഇവിടെ ആളുകളാരും ഇല്ലാത്തത് വന്‍ അപകടം ഒഴിവാക്കി. മതിലിന്റെ അവശിഷ്ടങ്ങള്‍ റോഡിലേക്കു വീണത് ഗതാഗതം തടസപ്പെടുത്തി. ഫയര്‍ ഫോഴ്‌സും പൊലിസും സ്ഥലത്തെത്തി മണ്ണുമാന്തി ഉപയോഗിച്ചു ഇവ നീക്കം ചെയ്തതോടെയാണ് ഗതാഗതം സുഗമമായത്. ചടയമംഗലത്ത് മതില്‍ ഇടിഞ്ഞുവീണ് വീടിന്റെ ഒരുഭാഗം തകര്‍ന്നു. ചടയമംഗലം കുഴിയം റഫ്‌ന ഹൗസില്‍ ആസാദിന്റെ വീടിന്റെ ഒരു ഭാഗമാണ് തകര്‍ന്നത്.
ഇന്നലെ രാവിലെ 9.30 ഓടെയാണ് സംഭവം. സമീപവാസിയായ ആസാദിന്റെ സഹോദരനും ചടയമംഗലം ഗ്രാമപഞ്ചായത്തംഗവുമായ മുഹമ്മദ് റാഫിയുടെ ആറ് മീറ്ററോളം ഉയരമുള്ള മതിലാണ് നിലംപതിച്ചത്. കെട്ടുറപ്പുള്ള ബീമിനുമുകളില്‍ പാറ അടുക്കി നിര്‍മിച്ച മതില്‍കെട്ട് ശക്തമായ മഴയില്‍ നിലംപതിക്കുകയായിരുന്നു. മതില്‍കെട്ട് തകര്‍ന്നുവീണഭാഗത്തെ വീടിന്റെ ഭിത്തിയ്ക്ക് പൊട്ടലേറ്റിട്ടുണ്ട്. കൂടാതെ ജനല്‍പാളികളും, കോണ്‍ക്രീറ്റ് ഷെയ്ഡും, പൈപ്പുകളും ടാപ്പുമെല്ലാം തകര്‍ന്നു. രണ്ടരലക്ഷത്തോളം രൂപയുടെ നാശനഷ്ടമുണ്ടായതായാണ് പ്രാഥമിക വിവരം. ചടയമംഗലം വില്ലേജ് ഓഫീസര്‍ സ്ഥലം സന്ദര്‍ശിച്ച് വിവരങ്ങള്‍ ശേഖരിച്ചു.തീരപ്രദേശങ്ങളില്‍ കടലാക്രമണം രൂക്ഷമാണ്. ആലപ്പാട്, ഇരവിപുരം, പരവൂര്‍ എന്നീ പ്രദേശങ്ങളില്‍ നാശനഷ്ടമുണ്ടായി. മഴ രണ്ട് ദിവസം കൂടി തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മത്സ്യതൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിട്ടി അറിയിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."