അരിപ്പ ഭൂസമരം ഏഴുവര്‍ഷം പിന്നിടുന്നു; കണ്ടില്ലെന്ന് നടിച്ച് സര്‍ക്കാര്‍
തിരുവനന്തപുരം: അരിപ്പ ഭൂസമരം ഏഴുവര്‍ഷം പിന്നിട്ടിട്ടും കണ്ടില്ലെന്ന് നടിച്ച് സര്‍ക്കാര്‍. ആയിരക്കണക്കിന് ഏക്കര്‍ റവന്യൂ ഭൂമി വിദേശ കമ്പനികള്‍ അനധികൃതമായി കൈവശംവയ്ക്കുമ്പോഴാണ് തലചായ്ക്കാന്‍ ഒരിടത്തിനായി സര്‍ക്കാരിന്റെ മുന്നില്‍ ഇവര്‍ കേഴുന്നത്.
2012 ഡിസംബര്‍ 31ന് അര്‍ധരാത്രിയിലാണ് പാട്ടക്കാലാവതി കഴിഞ്ഞ തങ്ങള്‍ മുസ്‌ലിയാര്‍ എന്ന ജന്മിയുടെ സര്‍ക്കാര്‍ തിരിച്ചുപിടിച്ച ഭൂമിയില്‍ ഇവര്‍ കുടില്‍കെട്ടി സമരം തുടങ്ങിയത്. 2000 കുടുംബങ്ങളാണ് ആദ്യഘട്ടത്തില്‍ സമരം നടത്തിയിരുന്നത്. 600ഓളം കുടുംബങ്ങള്‍ ഇപ്പോഴും സമരമുഖത്താണ്.
ദളിത്, ആദിവാസി വിഭാഗത്തില്‍പ്പെട്ട കര്‍ഷകരാണ് ഇവിടെ സമരം ചെയ്യുന്നതില്‍ ഭൂരിഭാഗവും. കൃഷി ചെയ്യാനാവശ്യമായ ഒരേക്കര്‍ ഭൂമി നല്‍കുക എന്നതാണ് സമരക്കാരുടെ പ്രധാനാവശ്യം. ആദിവാസി ദളിത് മുന്നേറ്റ സമിതിയുടെ (എ.ഡി.എം.എസ്) ആഭിമുഖ്യത്തില്‍ നൂറുകണക്കിന് ദിവസങ്ങള്‍ സെക്രട്ടേറിയറ്റ് പടിക്കലും ഇവര്‍ സമരം നടത്തി. സമരത്തിന്റെ ആദ്യഘട്ടമായി 2013ല്‍ അരിപ്പയില്‍ എട്ടേക്കര്‍ സ്ഥലത്ത് പച്ചക്കറി കൃഷിതുടങ്ങി. പിന്നീട് മരച്ചീനി, വാഴ തുടങ്ങി നെല്‍കൃഷി വരെയെത്തി. നെല്‍കൃഷി ഒന്‍പത് വിളവ് കൊയ്തു. സര്‍ക്കാര്‍ ഇപ്പോള്‍ ഇവിടെ കൃഷി ചെയ്യുന്നത് വിലക്കിയിരിക്കുകയാണ്.
ഭൂസമരം ഒത്തുതീര്‍പ്പാക്കുന്നതിന് സര്‍ക്കാര്‍ നല്‍കിയ ഉറപ്പുകളൊന്നും ഇതുവരെ പാലിക്കപ്പെട്ടിട്ടില്ല. സമരക്കാര്‍ക്ക് കൃഷിഭൂമി നല്‍കുമെന്നതും പ്രഖ്യാപനത്തിലൊതുങ്ങി. 2017 നവംബര്‍ ആറിന് മന്ത്രി കെ.രാജുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം അരിപ്പ ഭൂസമര പാക്കേജ് തയാറാക്കാന്‍ കലക്ടറോട് നിര്‍ദേശിച്ചെങ്കിലും ഇതുവരെ നടപടിയുണ്ടായില്ല. ഇതിനിടെയാണ് സമരഭൂമിയില്‍ നെല്‍കൃഷി ചെയ്യുന്നതിന് ജില്ലാ ഭരണകൂടം വിലക്കേര്‍പ്പെടുത്തിയത്.
അരിപ്പ ഭൂസമരക്കാര്‍ക്ക് കൃഷിഭൂമി നല്‍കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിയുടെ വീട്ടുപടിക്കല്‍ കഴിഞ്ഞ ദിവസം നടത്തിയ പട്ടിണിസമരത്തെ പൊലിസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്താനാണ് സര്‍ക്കാര്‍ ശ്രമിച്ചതെന്ന് സംഘടനാ നേതാക്കളായ എം. ഗീതാനന്ദന്‍, ശ്രീരാമന്‍ കൊയ്യോന്‍ എന്നിവര്‍ പറഞ്ഞു. പരമ്പരാഗത ഗോത്രപൂജയ്ക്ക് തയാറെടുക്കുമ്പോഴാണ് നേതാക്കളുള്‍പ്പെടെയുള്ളവരെ പൊലിസ് അറസ്റ്റ് ചെയ്തത്. ബലപ്രയോഗം നടത്തിയ പൊലിസ് ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി സ്വീകരിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."