ചെങ്ങോടുമലയില്‍ വീണ്ടും ഖനനത്തിന് നീക്കമെന്ന് കര്‍മസമിതി
പേരാമ്പ്ര: ചെങ്ങോടുമലയില്‍ കരിങ്കല്‍ ഖനനം നടത്താന്‍ ജില്ലാ വ്യവസായ വകുപ്പിന്റെ ഒത്താശയോടെ വീണ്ടും വഴിവിട്ട നീക്കം നടക്കുന്നതായി ഖനന വിരുദ്ധ ആക്ഷന്‍ കൗണ്‍സില്‍ ആരോപണം. നേരത്തെ കോട്ടൂര്‍ ഗ്രാമപഞ്ചായത്തിന്റെ അനുമതിക്ക് വേണ്ടി ക്വാറി കമ്പനി ഏകജാലക സംവിധാനത്തിലൂടെ അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ മതിയായ രേഖകള്‍ ഇല്ലാത്തതിനാല്‍ ഗ്രാമ പഞ്ചായത്ത് അപേക്ഷ തിരിച്ചയച്ചു. ഇതിനെതിരേ ക്വാറി കമ്പനി ഹൈക്കോടതിയില്‍ ഏകജാലക സംവിധാനത്തിന്റെ കണ്‍വീനര്‍ കൂടിയായ ജില്ലാ വ്യവസായ ഓഫിസറെ പ്രതിയാക്കി കേസ് ഫയല്‍ ചെയ്തു. ഇതില്‍ ഗ്രാമ പഞ്ചായത്ത് കക്ഷി ചേരുകയും ചെയ്തിട്ടുണ്ട്. കേസ് കോടതിയുടെ പരിഗണനയിലിരിക്കെയാണ് നാളെ ജില്ലാ വ്യവസായ ഓഫിസില്‍ നിന്ന് ഗ്രാമപഞ്ചായത്ത് സെക്രട്ടറിയോട് കലക്ടറേറ്റിലേക്ക് ഹിയറിങ്ങിന് ഹാജരാകാന്‍ ആവശ്യപ്പെട്ടത്. ഇതില്‍ ദുരൂഹതയുണ്ടെന്നാണ് ആക്ഷന്‍ കൗണ്‍സില്‍ ആരോപിക്കുന്നത്. ഹിയറിങ് കോടതി വിധി വരുന്നതുവരെ മാറ്റിവയ്ക്കണമെന്നാവശ്യപ്പെട്ട് കോട്ടൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ഷീജ കാറാങ്ങോട്ടിന്റെ നേതൃത്വത്തില്‍ സര്‍വകക്ഷി സംഘം ജില്ലാ കലക്ടര്‍ സാംബശിവനെ സന്ദര്‍ശിച്ച് നിവേദനം നല്‍കി. സി.പി.എം കോട്ടൂര്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ടി. ഷാജു, കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറി പി.സി സുരേഷ്, ബി.ജെ.പി നേതാവ് ടി. സദാനന്ദന്‍, സി.പി.ഐ നേതാവ് രാജന്‍ അരമന, ലോക് താന്ത്രിക് ജനതാദള്‍ നേതാവ് ഹരീഷ് ത്രിവേണി, സമരസമിതി ഭാരവാഹികളായ ബിജു കൊളക്കണ്ടി, കല്‍പകശ്ശേരി ജയരാജന്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു. കഴിഞ്ഞ പത്തു മാസക്കാലമായി ചെങ്ങോടുമല ഖനനത്തിനെതിരേ നാട്ടുകാര്‍ ആക്ഷന്‍ കമ്മിറ്റിയുണ്ടാക്കി പ്രവര്‍ത്തിക്കുകയാണ്. ജില്ലാ പാരിസ്ഥിതികാഘാത വിലയിരുത്തല്‍ സമിതി വിദഗ്ധ പഠനം നടത്താതെ നല്‍കിയ പാരിസ്ഥിതികാനുമതി റദ്ദാക്കണമെന്നാവശ്യപ്പെട്ട് ആക്ഷന്‍ കൗണ്‍സില്‍ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."