തരുവണ-നിരവില്‍പ്പുഴ റോഡ്: പണമില്ലെന്ന് പറഞ്ഞ് കരാറുകാരന്‍ പണി നിര്‍ത്തി
മാനന്തവാടി: തരുവണ-നിരവില്‍പ്പുഴ റോഡില്‍ നടുവൊടിയാത്ത യാത്രക്ക് നാട്ടുകാര്‍ ഇനിയും കാത്തിരിക്കണം.
പണമില്ലെന്ന കാരണത്തില്‍ കരാറുകാരന്‍ ടാറിങ് പ്രവൃത്തികള്‍ പാതി വഴിയില്‍ നിറുത്തിയതാണ് തിരിച്ചടിയാകുന്നത്. 2016ല്‍ മുന്‍ സര്‍ക്കാരിന്റെ കാലത്താണ് തരുവണ-മക്കിയാട് വരെയുള്ള 10 കിലോമീറ്റര്‍ ദൂരം റോഡ് നവീകരിക്കാന്‍ 10 കോടി രൂപ അനുവദിച്ചത്. ഒന്നര വര്‍ഷത്തിന് ശേഷം 2017 സെപ്റ്റംബറില്‍ പ്രവൃത്തികള്‍ ആരംഭിച്ചു. മഴ തുടങ്ങിയതോടെ നിര്‍ത്തിവച്ച പ്രവൃത്തികള്‍ നാട്ടുകാരുടെ സമരങ്ങള്‍ക്ക് ശേഷമാണ് പുനരാരംഭിച്ചത്.
ഒക്ടോബര്‍ പകുതിയോടെ ആദ്യഘട്ട ടാറിങ് പൂര്‍ത്തിയാക്കുമെന്നായിരുന്നു കരാറുകാരന്‍ ഉറപ്പ് നല്‍കിയത്. എന്നാല്‍ ഒരു മാസം മുമ്പ് മാത്രമാണ് തരുവണ മുതല്‍ രണ്ട് കിലോ മീറ്റര്‍ ദൂരം മാത്രം പ്രാഥമിക ടാറിങ് നടത്തിയത്. ഈ ഭാഗത്ത് 6 എം.എം നിരത്തുന്നതുള്‍പ്പെടെയുള്ള പ്രവൃത്തികള്‍ ഇനിയും ബാക്കിയാണ്. കണ്ടത്തുവയല്‍ ഭാഗങ്ങളില്‍ ഇപ്പോഴും റോഡ് പൂര്‍ണമായും തകര്‍ന്നനിലായിലാണുള്ളത്. കുറ്റ്യാടി ഭാഗങ്ങളിലേക്കുള്ള ബസുകളും സ്വകാര്യ വാഹനങ്ങളും കടന്നു പോവുന്ന റോഡിനോട് അധികൃതര്‍ അവഗണന കാണിക്കുകയാണെന്നാണ് നാട്ടുകാരുടെ പരാതി. റോഡിലും അരികിലുമായി വാഹനങ്ങള്‍ക്ക് അപകടകരമാം വിധം മുറിച്ചിട്ടിരിക്കുന്ന മരങ്ങള്‍ പോലും നീക്കം ചെയ്യാനും ഇതുവരെ നടപടികളുണ്ടായിട്ടില്ല. മരം മുറിക്കാന്‍ ടെണ്ടര്‍ നല്‍കിയപ്പോള്‍ ഒരു മാസത്തിനകം മരങ്ങള്‍ മുറിച്ചു നീക്കി റോഡരിക് നിരപ്പാക്കണമെന്നാണ് വ്യവസ്ഥ.
എന്നാല്‍ മാസങ്ങള്‍ കഴിഞ്ഞിട്ടും മുറിച്ചിട്ട മരങ്ങള്‍ നീക്കാനോ മുഴുവന്‍ മരങ്ങളും മുറിക്കാനോ കുഴികളടക്കാനോ ടെണ്ടറെടുത്തയാള്‍ തയാറായിട്ടില്ല.
റോഡ് കരാറുകാരന് വേണ്ടി നേരത്തെയുണ്ടാക്കിയ എസ്റ്റിമേറ്റ് പുതുക്കി നല്‍കാത്തതിന്റെ പേരില്‍ മൂന്ന് മാസം മുമ്പ് കല്‍പ്പറ്റ പൊതുമരാമത് വകുപ്പ് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനിയറെ സസ്‌പെന്റ് ചെയ്തിരുന്നു. എന്നാല്‍ എസ്റ്റിമേറ്റ് വര്‍ധിപ്പിച്ചു നല്‍കിയിട്ടും കരാറുകാരന്റെ അനാസ്ഥ തുടരുന്നതിനാല്‍ നാട്ടുകാര്‍ വീണ്ടും സമരത്തിന് തയാറെടുക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."