പൗരത്വ നിയമം അധികാര ദുര്‍വിനിയോഗം- ആശങ്ക പങ്കുവെച്ച് അഭിജിത് ബാനര്‍ജി
ന്യൂഡല്‍ഹി: പൗരത്വ നിയമത്തില്‍ ആശങ്ക പങ്കുവെച്ച് നൊബേല്‍ ജേതാവ് അഭിജിത് ബാനര്‍ജി. ജനങ്ങളില്‍ വലിയ പ്രത്യാഘാതം സൃഷ്ടിക്കുന്ന തീരുമാനങ്ങളും പദ്ധതികളും നടപ്പാക്കുന്നതിനുമുമ്പ് അതീവ ജാഗ്രത പാലിക്കേണ്ടതുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ പ്രണോയ് റോയിയുമായി നടത്തിയ അഭിമുഖത്തിലാണ് അഭിജിത് ബാനര്‍ജിയുടെ പ്രതികരണം.
'അധികാരം കൈയിലുള്ള ചില ആളുകള്‍ നിങ്ങളുടെ ജീവിതത്തില്‍ വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്ന തീരുമാനങ്ങള്‍ എടുക്കുകയാണ്. പാര്‍ലമെന്റ് ധ്രുതഗതിയില്‍ തീരുമാനമെടുക്കരുത്. ഇത്തരം തീരുമാനങ്ങളെടുക്കുന്ന സ്ഥാപനങ്ങള്‍ രൂപകല്‍പന ചെയ്യുമ്പോള്‍ അതീവ ജാഗ്രത പാലിക്കേണ്ടതുണ്ട്'- അദ്ദേഹം ചൂണ്ടിക്കാട്ടി.
എല്ലാ കാര്യങ്ങളെക്കുറിച്ചും ഞാന്‍ ആശങ്കാകുലനാണ്. പൊതുവെ അധികാര ദുര്‍വിനിയോഗമാണ് ഇതെന്ന് എനിക്ക് തോന്നുന്നു. നിങ്ങള്‍ ഇന്ത്യന്‍ പൗരനല്ല, മറ്റു രാജ്യങ്ങള്‍ക്ക് നിങ്ങളെ ആവശ്യവുമില്ല എന്ന സ്ഥിതിയില്‍ രാജ്യത്തിന്റെ ഘടന സൃഷ്ടിക്കുന്നതിനെക്കുറിച്ച് ശരിക്കും ചിന്തിക്കേണ്ടതുണ്ട്. നിങ്ങളെ പലവിധത്തില്‍ കൊള്ളയടിക്കാം. ഒരു ഭരണ പ്രശ്‌നമായി ഇത് വളരെ ഭയപ്പെടുത്തുന്ന ഒന്നാണ് അദ്ദേഹം വ്യക്തമാക്കി.
2019ലെ സാമ്പത്തികശാസ്ത്ര നൊബേല്‍ ജേതാവാണ് ഇന്ത്യന്‍ വംശജനായ അഭിജിത് ബാനര്‍ജി. ഇന്ത്യന്‍ സാമ്പത്തിക രംഗം തകര്‍ച്ചയുടെ വക്കിലാണെന്നും ഉടനൊന്നും തിരിച്ചുവരവിന്റെ ലക്ഷണങ്ങള്‍ കാണുന്നില്ലെന്നും എന്ന പ്രസ്താവനയെ തുടര്‍ന്ന് ബി.െജ.പി അഭിജിത് ബാനര്‍ജിക്കെതിരെ രംഗത്തുവന്നിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."