പൊതുയോഗം മുടങ്ങി, സംഘാടനത്തില്‍ പാളിച്ച; വനിതാ മതിലില്‍ അങ്ങിങ്ങ് വിള്ളല്‍
കൊണ്ടോട്ടി/വള്ളുവമ്പ്രം: വനിതാ മതിലില്‍ കൊണ്ടോട്ടി മേഖലയില്‍ സംഘാടനത്തില്‍ പാളിച്ച. ഉച്ചക്ക് മൂന്നിന് റിഹേഴ്‌സല്‍ നടത്താന്‍ തീരുമാനിച്ചെങ്കിലും ടൗണില്‍ മാത്രം വനിതകള്‍ ഒതുങ്ങി. മറ്റുസ്ഥലങ്ങളില്‍ നിന്നെത്താന്‍ വാഹനങ്ങളും വൈകിയതോടെ നാലിനും പലയിടത്തും മതില്‍ പൂര്‍ണമാക്കാനായില്ല.നിലവില്‍ ആദ്യമെത്തിയവര്‍ സ്ഥലത്ത് നീങ്ങാതേയും ഒരുമിച്ചും നിന്നതാണ് മതിലില്‍ പലയിടങ്ങളിലും വിടവിന് കാരണമായത്.
കൊണ്ടോട്ടി ബൈപാസിന്റെ കിഴക്ക് ഭാഗത്ത് പ്രതിജ്ഞ ചെല്ലുമ്പോള്‍ മതില്‍ പൂര്‍ണമാക്കാനായില്ല. കൊട്ടപ്പുറം, പുളിക്കല്‍, ഐക്കരപ്പടി ഭാഗങ്ങളിലും മതിലില്‍ വിളളല്‍ വീണു.സ്ത്രീകളുമായി വാഹനങ്ങള്‍ കൂട്ടത്തോടെ എത്തിയതും ദേശീയപാതയില്‍ ഗതാഗതക്കുരുക്കിന് കാരണമായി. ഐക്കരപ്പടി, പുളിക്കല്‍, കൊണ്ടോട്ടി, മൊറയൂര്‍ എന്നീ നാലു സ്ഥലങ്ങളിലാണ് മതിലിനോട് അനുബന്ധിച്ച് പൊതുയോഗം നടത്താന്‍ ഉദ്ദേശിച്ചിരുന്നത്. എന്നാല്‍ കൊണ്ടോട്ടിയിലും ഐക്കരപ്പടിയിലും മാത്രമാണ് നടന്നത്. മൊറയൂരില്‍ പിന്നീട് മറ്റൊരു പാര്‍ട്ടിപരിപാടിയും നടന്നു.
പൂക്കോട്ടൂര്‍, മൊറയൂര്‍ പഞ്ചായത്ത് പരിധിയില്‍ മിക്കയിടത്തും ആളില്ലാതെയാണ് മതില്‍ തീര്‍ത്തത്. ദേശീയപാതയില്‍ തന്നെ ടൗണുകള്‍ കേന്ദ്രീകരിച്ചാണ് പലയിടത്തും മതില്‍ ഉണ്ടാക്കിയത്.
അത് കഴിഞ്ഞിട്ടുള്ളിടത്ത് വനിതകളുടെ അഭാവം മീറ്ററുകള്‍ നീണ്ടു. പൂക്കോട്ടൂരിലെ സര്‍വിസ് ബാങ്ക് പരിസരം മുതല്‍ പള്ളിപ്പടിയിലെ മദ്‌റസ വരെയും അറവങ്കരയിലെ യുദ്ധസ്മാരക ഗെയിറ്റിന് പരിസരത്തും ആളില്ലാത്തതിനാല്‍ മതില്‍ കെട്ടാനായില്ല. തൊട്ടടുത്ത ചീനിക്കല്‍ മുതല്‍ അത്താണിക്കല്‍ ടൗണ്‍ വരേയും ടൗണ്‍ വിട്ട് മുസ്‌ലിയാര്‍ പീടിക എം.ഐ.സി കോളജ് പടി വരെയും ആളില്ലാതെ വനിതാ മതില്‍ പരാജയപ്പെട്ട നിലയിലായിരുന്നു.
പൂക്കോട്ടൂര്‍ പിലാക്കലിലെ പെട്രോള്‍ പമ്പ് മുതല്‍ മേല്‍മുറി-27 വരെയും പൂര്‍ണമായും ഒഴിഞ്ഞ് കിടന്ന അവസ്ഥയിലായിരുന്നു. മോങ്ങം ടൗണില്‍ മതിലുണ്ടായെങ്കിലും തൊട്ടടുത്ത ആശുപത്രിപടി മുതല്‍ ഹില്‍ടോപ്പ് വരെ മതിലിന്റെ കണ്ണി പലയിടത്തും മുറിഞ്ഞിരുന്നു. മൊറയൂര്‍ ടൗണില്‍ കെട്ടിപ്പടുത്ത മതില്‍ മൊറയൂര്‍ സ്‌കൂള്‍പടി, പോത്തുവെട്ടിപ്പാറ വരെ കണ്ണി ചേര്‍ക്കാന്‍ കഴിയാതെ പരാജയപ്പെട്ടു. വനിതാ മതില്‍ നേരത്തെ തന്നെ പരാജയപ്പെടുമെന്ന് മനസിലാക്കിയ പ്രദേശിക ലോക്കല്‍ കമ്മിറ്റികളുടെ നേതൃത്വത്തില്‍ ദേശീയ പാതയരികില്‍ പെയിന്റ് കൊണ്ട് പ്രത്യേകം മാര്‍ക്ക് ചെയ്ത് ഏരിയാ കമ്മിറ്റികള്‍ക്ക് സ്ഥലങ്ങള്‍ വേര്‍ത്തിരിച്ച് നല്‍കിയിരുന്നെങ്കിലും പദ്ധതി പൂര്‍ത്തീകരിക്കാന്‍ ആളില്ലാത്തതിനാല്‍ പരാജയപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."