മരട്: ഫ്‌ളാറ്റില്‍ സ്‌ഫോടക വസ്തുക്കള്‍ നിറച്ചുതുടങ്ങി
സ്വന്തം ലേഖിക
കൊച്ചി: തീരപരിപാലന നിയമം ലംഘിച്ച് നിര്‍മിച്ച ഫ്‌ളാറ്റുകള്‍ പൊളിക്കുന്നതിന്റെ ഭാഗമായി ഫ്‌ളാറ്റുകളില്‍ സ്‌ഫോടകവസ്തുക്കള്‍ നിറച്ചുതുടങ്ങി. ദേശീയ പാതയ്ക്കും തേവര പാലത്തിനും സമീപം സ്ഥിതിചെയ്യുന്ന മരടിലെ ഹോളിഫെയ്ത്ത് എച്ച്.ടു.ഒ ഫ്‌ളാറ്റിലാണ് ഇന്നലെ രാവിലെ എട്ടു മണിയോടെ കനത്ത സുരക്ഷയില്‍ സ്‌ഫോടകവസ്തുക്കള്‍ നിറച്ചുതുടങ്ങിയത്.
ആകെ 1471 ദ്വാരങ്ങളിലായാണ് സ്‌ഫോടകവസ്തുക്കള്‍ നിറയ്ക്കുന്നത്. ലോവര്‍ ഗ്രൗണ്ട്, അപ്പര്‍ ഗ്രൗണ്ട്, രണ്ട്,നാല്,പത്ത്,പതിനഞ്ച് എന്നീനിലകളില്‍ സ്ഥാപിച്ചിരിക്കുന്ന ദ്വാരങ്ങളില്‍ സ്‌ഫോടകവസ്തുക്കള്‍ നിറയ്ക്കാന്‍ നാലുദിവസം വേണ്ടിവരും. ഇവിടെ ആറാം തിയതിയതോടെ സ്‌ഫോടകവസ്തു നിറയ്ക്കല്‍ പൂര്‍ത്തിയാകും.
215 കിലോ സ്‌ഫോടകവസ്തുക്കളാണ് ഹോളിഫെയ്ത്തില്‍ നിറയ്ക്കുന്നത്. സ്‌ഫോടകവസ്തുക്കള്‍ ദ്വാരങ്ങളില്‍ വയ്ക്കുന്ന സ്‌റ്റെമ്മിങ്ങ് പ്രക്രിയ അതീവ സുരക്ഷയിലാണ് നടക്കുന്നത്.
കുഴിയില്‍ രാസസംയുക്തം വച്ചശേഷം ദ്വാരത്തിന്റെ വ്യാപ്തി അനുസരിച്ച് മൂന്നോ നാലോ കാട്രിഡ്ജ് (സ്‌ഫോടകമരുന്ന് നിറച്ച ചെറിയ സിറിഞ്ച് രൂപത്തിലുള്ള കൂട് ) വച്ച് ഫ്യൂസ് വച്ച് കെട്ടും.
തുടര്‍ന്നായിരിക്കും സ്റ്റിമ്മിങ്ങ് പ്രോസസ് നടക്കുക. ക്ലേ പോലുള്ള വസ്തുവച്ച് ഇവ ഉറപ്പിച്ചുവയ്ക്കും. തുടര്‍ന്ന് എക്‌സ്‌പ്ലോഡറിലേക്ക് വയര്‍ഘടിപ്പിക്കും. ഫ്‌ളാറ്റുകളില്‍നിന്ന് 100 മീറ്റര്‍ അകലെയായിരിക്കും സ്‌ഫോടനം നടത്തുന്ന പോയിന്റ് സ്ഥാപിക്കുക. ഇവിടെനിന്ന് എക്‌സ്‌പ്ലോഡര്‍ അമര്‍ത്തുമ്പോഴായിരിക്കും സ്‌ഫോടനം നടത്തുക.
ജെയിന്‍ കോറല്‍ കോവ് ഫ്‌ളാറ്റില്‍ ഇന്നുമുതല്‍ സ്‌ഫോടകവസ്തുക്കള്‍ നിറച്ചുതുടങ്ങും. ഗ്രൗണ്ട് ഫ്‌ളോര്‍, ചെറിയ നില, ഒന്ന്,രണ്ട്, എട്ട്,14 എന്നീ നിലകളില്‍ സജ്ജമാക്കിയിരിക്കുന്ന 1668 ദ്വാരങ്ങളിലായിരിക്കും സ്‌ഫോടകവസ്തുക്കള്‍ നിറയ്ക്കുക. നാലുദിവസമെടുത്തായിരിക്കും 400കിലോ സ്‌ഫോടകവസ്തുക്കള്‍ ഇവിടെ നിറയ്ക്കുക. ഏറ്റവും ചെറിയ ഫ്‌ളാറ്റായ ഗോള്‍ഡന്‍ കായലോരത്ത് രണ്ടുദിവസങ്ങളിലായിട്ടായിരിക്കും സ്‌ഫോടകവസ്തുക്കള്‍ നിറയ്ക്കുക.
ഗ്രൗണ്ട്, ഒന്ന്, രണ്ട്, മൂന്ന്, ഏഴ്, 13 നിലകളിലായി സ്ഥാപിച്ചിരിക്കുന്ന 960 ദ്വാരങ്ങളില്‍ ഒന്‍പത്, പത്ത് തിയതികളില്‍ ഇവിടെ സ്‌ഫോടകവസ്തുക്കള്‍ നിറയ്ക്കും. 15കിലോ സ്‌ഫോടകവസ്തുക്കളാണ് ഇവിടെ നിറയ്ക്കുക. ഇരട്ടഫ്‌ളാറ്റ് സമുച്ചയമായ ആല്‍ഫ സെറീനില്‍ 500കിലോ സ്‌ഫോടകവസ്തുക്കള്‍ നിറയ്ക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."