മഹാരാഷ്ട്രയില്‍ ശിവസേന മന്ത്രി രാജിവച്ചു
മുംബൈ: മന്ത്രിസഭാ വകുപ്പ് വിഭജനത്തില്‍ പാര്‍ട്ടികള്‍ക്കിടയില്‍ അഭിപ്രായവ്യത്യാസം തുടരുന്നതിനിടെ മഹാരാഷ്ട്രയിലെ ശിവസേന, കോണ്‍ഗ്രസ്, എന്‍.സി.പി സഖ്യത്തില്‍ ആദ്യ രാജി. വകുപ്പ് വിഭജനത്തില്‍ അതൃപ്തി പ്രകടിപ്പിച്ച് ശിവസേനയില്‍നിന്നുള്ള മന്ത്രി അബ്ദുല്‍ സത്താര്‍ രാജിവച്ചു. എന്നാല്‍, ഇദ്ദേഹത്തിന്റെ രാജി സ്വീകരിക്കാതിരുന്ന മുഖ്യമന്ത്രിയും പാര്‍ട്ടിയും, വിഷയത്തില്‍ ചര്‍ച്ച ചെയ്തു പരിഹാരം കാണുമെന്ന് വ്യക്തമാക്കി.
നേരത്തെ കോണ്‍ഗ്രസിലായിരുന്ന അബ്ദുല്‍ സത്താര്‍, 2019ലെ തെരഞ്ഞെടുപ്പിനു മുന്‍പാണ് ശിവസേനയില്‍ ചേര്‍ന്നിരുന്നത്. ഔറംഗാബാദിലെ സില്ലോഡില്‍നിന്നാണ് ഇദ്ദേഹം നിയമസഭയിലെത്തിയത്. ശിവസേനയിലെ മുസ്‌ലിം നേതാക്കളില്‍ പ്രധാനിയായ ഇദ്ദേഹം, കഴിഞ്ഞ ദിവസമാണ് മന്ത്രിസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തിരുന്നത്. പ്രധാന വകുപ്പുകളിലേതും ലഭിക്കാത്തതിനെ തുടര്‍ന്നാണ് ഇദ്ദേഹം രാജിവച്ചതെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
എന്നാല്‍, പാര്‍ട്ടിക്ക് ഇതുവരെ അദ്ദേഹത്തിന്റെ രാജിക്കത്ത് ലഭിച്ചിട്ടില്ലെന്നാണ് ശിവസേനാ നേതാക്കള്‍ വ്യക്തമാക്കുന്നത്. വിഷയത്തില്‍, പാര്‍ട്ടി നേതാവും മുഖ്യമന്ത്രിയുമായ ഉദ്ധവ് താക്കറെ ചര്‍ച്ച നടത്തുമെന്ന് പാര്‍ട്ടി നേതാവ് സഞ്ജയ് റാവത്ത് വ്യക്തമാക്കി. ഇത്തരം പരിഭവങ്ങള്‍ സാധാരണയാണെന്നും സര്‍ക്കാര്‍ ശിവസേനയുടേത് മാത്രമല്ലെന്ന് മനസിലാക്കണമെന്നും വ്യക്തമാക്കിയ അദ്ദേഹം, അബ്ദുല്‍ സത്താര്‍ മറ്റൊരു പാര്‍ട്ടിയില്‍നിന്ന് വന്നതായിട്ടുപോലും മന്ത്രിയായില്ലേയെന്നും ചോദിച്ചു.
മുഖ്യമന്ത്രിയടക്കം മന്ത്രിസഭാംഗങ്ങളായി ഇതുവരെ 43 പേര്‍ സത്യപ്രതിജ്ഞ ചെയ്തിട്ടുണ്ടെങ്കിലും ഇതുവരെ മന്ത്രിമാരുടെ വകുപ്പുകള്‍ വ്യക്തമായിട്ടില്ല. ഉപമുഖ്യമന്ത്രിയായ എന്‍.സി.പിയില്‍നിന്നുള്ള അജിത് പവാറിന് ധനകാര്യവും അനില്‍ ദേശ്മുഖിന് ആഭ്യന്തരവും ലഭിക്കുമെന്നുമുള്ള രീതിയില്‍ എല്ലാ മന്ത്രിമാരുടെയും വകുപ്പുകള്‍ സൂചിപ്പിച്ച് കഴിഞ്ഞ ദിവസം വാര്‍ത്ത പുറത്തുവന്നിരുന്നു. എന്നാല്‍, വകുപ്പ് വിഭജന കാര്യത്തിലും മന്ത്രിസ്ഥാനം കിട്ടാത്തതിലും കോണ്‍ഗ്രസ്, എന്‍.സി.പി, ശിവസേന നേതാക്കളില്‍ ചിലര്‍ പ്രതിഷേധത്തിലാണെന്ന വാര്‍ത്തയുമുണ്ട്. അതേസമയം, ഇന്നു മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുമായി ചര്‍ച്ച നടത്തുമെന്നും അതിനു ശേഷം കാര്യങ്ങള്‍ വ്യക്തമാക്കാമെന്നും മന്ത്രി അബ്ദുല്‍ സത്താര്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."