സ്പ്രിന്റ് റിലേയില്‍ പൊന്നണിഞ്ഞ് കേരള
കേരളയും കാലിക്കറ്റും മംഗളൂരുവും എം.ജിയും ഒരു പോലെ പൊരുതിയ പുരുഷന്മാരുടെ സ്പ്രിന്റ് റിലേയില്‍ സുവര്‍ണ ബാറ്റണ്‍ കേരളക്ക്. എം.ജിയുടെ ബാറ്റണ്‍ കൈമാറ്റത്തിലെ അപാകത മത്സര ഫലത്തിന്റെ ഔദ്യോഗിക പ്രഖ്യാപനത്തിന് തടയിട്ടു. മലയാളി താരങ്ങളുടെ ഇഞ്ചോടിഞ്ച് പോരാട്ടം ദൃശ്യമായ 4-100 റിലേയില്‍ കേരള സര്‍വകലാശാല സ്വര്‍ണം നേടി. കാലിക്കറ്റിനാണ് വെള്ളി. മംഗളൂരു വെങ്കലം സ്വന്തമാക്കി.
സി. അഭിനവും എ.ഡി മുകുന്ദനും കെ. ബിജിത്തും അമല്‍ പ്രകാശും കേരളയ്ക്കായി ബാറ്റണേന്തി. കാലിക്കറ്റിനായി കളത്തിലിറങ്ങിയത് ഡി.ബി ബിബിനും നെവില്‍ ഫ്രാന്‍സിസും അശ്വിന്‍ ബി. ശങ്കറും അജിത് ജോണും. ആങ്കര്‍ ലാപ്പില്‍ കേരളയ്ക്കായി അമലും കാലിക്കറ്റിനായി അജിത്തും മിന്നലായി പാഞ്ഞു. ഒടുവില്‍ കേരളയ്ക്ക് സ്വര്‍ണം സമ്മാനിച്ചു. 4ാമതായ എം.ജിയുടെ ഓംകാര്‍ നാഥ് മൂന്നാം ലാപ്പില്‍ ബാറ്റണ്‍ സ്വീകരിക്കുന്നതില്‍ വരുത്തിയ പിഴവാണ് മത്സര ഫലപ്രഖ്യാപനം തടയാന്‍ കാരണമായത്. തീരുമാനം എന്തായാലും മത്സര ഫലത്തില്‍ വ്യത്യാസമുണ്ടാവില്ല. വനിതാ പോരില്‍ മദ്രാസ് സര്‍വകലാശാല സ്വര്‍ണം ഓടിപ്പിടിച്ചു.
ഇഞ്ചോടിഞ്ച് പോരില്‍ എം.ജി സര്‍വകലാശാലക്ക് വെള്ളിയും കേരളയ്ക്ക് വെങ്കലവും. നിമ്മി ബിജു, പി.എസ് അക്ഷിത, എ. ആരതി, എസ്.എസ് സ്‌നേഹ എന്നിവരാണ് എം.ജിക്കായി ബാറ്റണേന്തിയത്. സ്വര്‍ണ പ്രതീക്ഷയില്‍ തന്നെയാണ് ഓരോ ലാപ്പിലും എം.ജിയുടെ വനിതകള്‍ കുതിച്ചതെങ്കിലും ഫിനിഷിങിലെ കൃത്യത തമിഴ്‌നാടിനെ പൊന്നണിയിച്ചു. 47.21 സെക്കന്‍ഡിലായിരുന്നു മദ്രാസിന്റെ സ്വര്‍ണനേട്ടം. എം.ജി 47.32 സെക്കന്‍ഡില്‍ വെള്ളിയിലേക്ക് ഓടിക്കയറി. എം.എസ് വൈഷ്ണവി, അപര്‍ണ റോയി, പി.ഒ സയന, മൃദുല മരി ബാബു എന്നിവരുള്‍പ്പെട്ട സംഘം കേരളയ്ക്ക് വെങ്കലം സമ്മാനിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."