വനിതാ മതില്‍: ജില്ലയില്‍ പലയിടങ്ങളിലും വിള്ളല്‍
പട്ടാമ്പി: ജില്ലയില്‍ വനിതാമതിലില്‍ പലയിടങ്ങളിലും വിള്ളല്‍. സര്‍ക്കാര്‍ സംവിധാനങ്ങള്‍ പൂര്‍ണമായും ഉപയോഗിച്ച് തീര്‍ത്ത വനിതാമതില്‍ പൂര്‍ണമാക്കാന്‍ സംഘാടകര്‍ക്ക് സാധ്യമായില്ല. കുടുംബശ്രീ-തൊഴിലുറപ്പ് പ്രവര്‍ത്തകരെയും വിദ്യാര്‍ഥികളെയും സര്‍ക്കാര്‍ ജീവനക്കാരെയും അണിനിരത്തിയിട്ടും ജില്ലയില്‍ മതില്‍ തീര്‍ക്കാന്‍ ആവശ്യമായ എഴുപതിനായിരത്തോളം അണികളെ എത്തിക്കാന്‍ സംഘാടകര്‍ക്കായില്ല.
ജില്ലാ അതിര്‍ത്തിയായ വിളയൂരില്‍നിന്നും പട്ടാമ്പിയിലേക്കുള്ള 12കിലോമീറ്റര്‍ ദൂരത്തിനിടയില്‍ മതിലില്‍ പലയിടങ്ങളിലും വിള്ളലുകളുണ്ടായി.
പുലാമന്തോള്‍ പാലം, വിളയൂര്‍ ടൗണ്‍, കരിങ്ങനാട്, കുണ്ട്, ആമയൂര്‍, കൊപ്പം സെന്റര്‍, തൃത്താലകൊപ്പം, ശങ്കരമംഗലം, തെക്കുംമുറി, മേലേപട്ടാമ്പി, മഞ്ഞളുങ്ങല്‍, ഓങ്ങല്ലൂര്‍ എന്നിവടങ്ങളിലെല്ലാം മതിലില്‍ പലയിടങ്ങളിലും പങ്കാളിത്തമുണ്ടായില്ല. 200മീറ്ററോളം ദൂരത്തില്‍ ആളില്ലാത്ത സ്ഥലങ്ങളുമുണ്ടായിരുന്നു. വിളയൂര്‍ പഞ്ചായത്തിന്റെ ചില പ്രദേശങ്ങളില്‍ സ്ത്രീകള്‍ക്ക് പകരം പുരുഷന്മാരെയും അണിനിരന്നുകണ്ടു. പിഞ്ചുകുട്ടികള്‍ മുതല്‍ സ്‌കൂള്‍ കുട്ടികളെ വരെ അണിനിരത്തി മാനംകാക്കാനും ശ്രമം നടന്നു. കൊപ്പം ടൗണില്‍ മതില്‍തീര്‍ക്കാനാകാതെ വിഷമിച്ചു. സ്‌കൂള്‍കുട്ടികളെ അണിനിരത്തിയാണ് ചില പ്രദേശങ്ങളിലെങ്കിലും മതില്‍ തീര്‍ക്കാനായത്.
മതിലിന് പകരം ഏറെ സ്ഥലത്തും കൈകോര്‍ത്ത് ചങ്ങല തീര്‍ക്കാനുള്ള ശ്രമവും പൊളിഞ്ഞു. കൈകള്‍ കൂട്ടിപ്പിടിച്ച് അകലത്തില്‍ നിന്ന് ചങ്ങല തീര്‍ക്കാന്‍ ശ്രമിച്ചെങ്കിലും അതും ഏന്തിപ്പിടിച്ചിട്ടും എത്താത്ത അവസ്ഥയായി. നാല് മണിക്കാരംഭിക്കുമെന്ന് അറിയിച്ചിട്ടും നാലേകാല്‍ കഴിഞ്ഞിട്ടും ആളെത്തിയില്ല. പ്രതിജ്ഞ ചൊല്ലിക്കൊടുക്കാന്‍ പോലും ആളില്ലാതായി. വൃദ്ധസ്ത്രീകള്‍ അണിനിരന്ന ചിലയിടത്ത് പുരുഷന്മാര്‍ പ്രതിജ്ഞ ചൊല്ലിക്കൊടുക്കുന്നതും കാണാമായിരുന്നു.
ചരിത്രമാകുമെന്ന പറഞ്ഞവനിതാമതിലിനെ പുച്ഛിച്ചുതള്ളിയ ജനം കാഴ്ചക്കാരായി പോലും എത്തിയില്ല. സമാന്തരമായി പുരുഷന്മാരെ അണിനിരത്തി കാഴ്ചാമതില്‍ തീര്‍ക്കുമെന്ന് പറഞ്ഞിരുന്നുവെങ്കിലും എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ പോലും മതിലിനെത്തിയില്ല. പട്ടാമ്പിയില്‍ ചില സി.പി.എം വനിതാനേതാക്കള്‍പോലും എത്തിയില്ലെന്നത് വിവാദമായിട്ടുണ്ട്. ഏറെ നേരത്തെയെത്തിയ വൃദ്ധസ്ത്രീകള്‍ക്ക് കുടിവെള്ളംപോലും കിട്ടാതെ പ്രയാസപ്പെട്ടു.
മതിലിന്റെ പേരില്‍ യാത്രക്കാരും ഏറെ ബുദ്ധിമുട്ടി. ബസുകളെല്ലാം മതിലിനെ ആളെഎത്തിക്കാന്‍ ഏര്‍പ്പാടാക്കിയിരുന്നു. ബസുകള്‍ സര്‍വീസ് നടത്താനായില്ല. വിദ്യാര്‍ഥികള്‍ അടക്കം യാത്രക്കാര്‍ പെരുവഴിയിലായി.
പുലാമന്തോള്‍ പാലം മുതല്‍ പട്ടാമ്പി വഴി കുളപ്പുള്ളി ചെറുതുരുത്തിവരെ 26കിലോമീറ്റര്‍ മാത്രം ദൂരമുള്ള മതില്‍ പോലും പൂര്‍ണമായും തീര്‍ക്കാനായില്ലെന്നത് സര്‍ക്കാറിന്റെ പരാജയമാണെന്നാണ് വിലയിരുത്തല്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."